ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിം കോടതി. ഇത് ബുദ്ധിശൂന്യമായ ഹർജിയാണെന്ന് പിഴ ചുമത്തേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചു. ആര് രജിസ്ട്രേഷൻ നടത്തണം എന്നാണ് ഉദ്ദേശിക്കുന്നതെന്ന് ഹർജിക്കാരിയായ അഭിഭാഷക മമത റാണിയോട് കോടതി ചോദിച്ചു.
ഇന്ത്യയിൽ ഉണ്ടായിരിക്കുന്ന സാമൂഹിക യാഥാർഥ്യമാണ് ലിവ് ഇൻ ബന്ധങ്ങളെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഇത് ചൂഷണത്തിനുള്ള ഉപാധിയായി മാറുന്നുവെന്ന് കോടതി വ്യക്തമാക്കി. പലയിടങ്ങളിലും ലിവ് ഇൻ ബന്ധങ്ങളുടെ ഭാഗമായി വരുന്ന യുവതികൾ കൊല്ലപ്പെടുകയോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടിട്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുകയോ ചെയ്യുന്നു. അതുകൊണ്ട് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് പോലെ തന്നെ ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യാനായിട്ടുള്ള ഒരു സമ്പ്രദായം ഉണ്ടാകണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇതാണ് കോടതി തള്ളിയത്.
ഇത്തരം ഹർജികള്‍ പ്രോത്സാഹിപ്പിക്കുന്നത് വലിയ പ്രശ്നങ്ങളായിരിക്കും സമൂഹത്തിൽ ഉണ്ടാക്കുക എന്ന് കോടതി പറഞ്ഞു. വിഷയത്തെ അതിന്റെ ഉചിതമായിട്ടുള്ള രീതിയിൽ പരിഗണിക്കുന്നതിന് പകരം പ്രശസ്തിക്ക് വേണ്ടിയിട്ടുള്ള ഇത്തരം സമീപനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. വലിയ പിഴ ചുമത്തേണ്ട ഒരു ഹർജിയാണ് ഇത് എന്നതും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഹർജികൾ പരാതിക്കാരി പിൻവലിച്ചു.
English Summary;Live-in relationships must be registered; The Supreme Court dismissed the petition
You may also like this video