Site icon Janayugom Online

കരൾ അർബുദരോഗം കൂടുതല്‍ സ്ത്രീകളിലെന്ന് പഠനം

ഇന്ത്യയില്‍ കരൾ അർബുദരോഗം സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നതെന്ന് പഠനം. പുരുഷന്‍മാരെ അപേക്ഷിച്ച് വേഗത്തിലാണ് സ്ക്രീകളുടെയിടയില്‍ രോഗം വ്യാപിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. എപ്പിഡെമിയോളജി ഓഫ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ ഇൻ ഇന്ത്യ എന്ന തലക്കെട്ടില്‍ സയൻസ് ഡയറക്ടിന്റെ ജേണൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകളുടെ ഇടയില്‍ കരള്‍ അര്‍ബുദരോഗം വ്യാപിക്കുന്നതായി പറയുന്നത്. 

മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങള്‍ കരൾ അർബുദരോഗമായ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ(എച്ച്‌സിസി)യുടെ പുതിയ ഹോട്ട്സ്പോട്ടുകളായി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ലിവർ സിറോസിസ് അഥവ കരള്‍ വീക്കം പലപ്പോഴും കരൾ അര്‍ബുദത്തിന്റെ മുൻഗാമിയായി കണക്കാക്കപ്പെടുന്നു. കരൾ ക്യാൻസറുകളുടെ 30 ശതമാനം കേസുകൾ ലിവർ സിറോസിസ് ഇല്ലാതെയും കാണപ്പെടാം. 

ഓരോ വർഷവും രാജ്യത്ത് 35,000 കരൾ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാധാരണ കാണപ്പെടുന്ന അർബുദങ്ങളിൽ എട്ടാം സ്ഥാനത്താണ് കരൾ അർബുദം. പ്രതിവർഷം 34,000 പേർ കരൾ അർബുദം കാരണം മരണത്തിന് കീഴടങ്ങുന്നതായും കണക്കുകള്‍ പറയുന്നു. ആഗോളതലത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കരൾ അർബുദ കേസുകൾ രാജ്യത്ത് കുറവാണെങ്കിലും മരണനിരക്ക് കൂടുതൽ ഇന്ത്യയിലാണ്. ആഗോളതലത്തിൽ ഏറ്റവുമധികം കണ്ടുപിടിക്കപ്പെടുന്ന അർബുദങ്ങളിൽ ആറാം സ്ഥാനത്താണ് കരളിലെ അർബുദമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. മരണകാരണമാകുന്ന അർബുദങ്ങളിൽ മൂന്നാം സ്ഥാനത്തും. 2025 ആകുമ്പോഴേക്കും ആഗോളതലത്തിൽ കരൾ അർബുദ രോഗികളുടെ എണ്ണം 10 ലക്ഷം കടക്കുമെന്നും പഠനം വിലയിരുത്തുന്നു. 

വൈറൽ അണുബാധയായ ഹെപ്പറ്റൈറ്റിസ് ബിയുമായി ബന്ധപ്പെട്ട കരൾ അർബുദ രോഗം വരുന്ന കേസുകള്‍ കുറയുന്നതായി പഠനം കണ്ടെത്തി. എന്നിരുന്നാലും, ആൽക്കഹോൾ, നോൺ‑ആൽക്കഹോളിക് ഫാറ്റി ലിവർ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവരുടെ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലി, ഭക്ഷണക്രമം, പരിസ്ഥിതി പ്രേരിതം എന്നിവയാണ് ഇന്ത്യയില്‍ അര്‍ബുദരോഗികളുടെ വര്‍ധനവിന് കാരണം. കരള്‍ കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പോലും ആപേക്ഷിക അതിജീവനനിരക്ക് 36 ശതമാനം പേരിലും വെറും അഞ്ച് വര്‍ഷമാണ്. കരള്‍ ക്യാന്‍സര്‍ ചുറ്റുമുള്ള അവയവങ്ങളിലേക്ക് പടരുകയാണെങ്കില്‍ അഞ്ചുവര്‍ഷത്തെ ആപേഷിത അതിജീവനനിരക്ക് 13 ശതമാനമായി കുറയുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഒഡിഷ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സുപ്രഭാത് ഗിരി പറഞ്ഞു. ഇന്ത്യയിൽ, പ്രത്യേകിച്ച് ഉയർന്ന രോഗബാധയുള്ള പ്രദേശങ്ങളിൽ പകർച്ചവ്യാപന രീതി മാറ്റാൻ ബോധവൽക്കരണ പരിപാടികളും പൊതുജന അവബോധവും കേന്ദ്രീകൃത ചികിത്സാരീതികളും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Eng­lish Summary:Liver can­cer is more com­mon in women, study finds
You may also like this video

Exit mobile version