Site iconSite icon Janayugom Online

സതാംപ്ടണിന് ലിവര്‍പൂളിന്റെ മടക്ക ടിക്കറ്റ്; ലിവര്‍പൂളും ആഴ്സണലും ന്യൂകാസില്‍ യുണൈറ്റഡും സെമിഫൈനലില്‍

ഇംഗ്ലീഷ് ലീഗ് കപ്പി­ല്‍ ലിവര്‍പൂളും ആഴ്സണലും ന്യൂകാസില്‍ യുണൈറ്റഡും സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാ­ര്‍ട്ടര്‍ ഫൈനലില്‍ സതാംപ്ടണിനെ നേരിട്ട ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം നേടിയത്. 

ആദ്യ പകുതിയില്‍ തന്നെ ര­ണ്ട് ഗോളുകള്‍ നേടി ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. സതാംപ്ടണിന്റെ ആശ്വാസ ഗോള്‍ രണ്ടാം പകുതിയിലായിരുന്നു. 24-ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. അധികം വൈകാതെ 32-ാം മിനിറ്റില്‍ ഹാര്‍വി ഇലിയറ്റും ഗോള്‍ നേടി. സതാംപ്ടണിന്റെ ആശ്വാസ ഗോള്‍ കാമറൂണ്‍ ആര്‍ച്ചര്‍ 59-ാം മിനിറ്റില്‍ വലയിലാക്കി.

ഗബ്രിയേൽ ജെസ്യൂസിന്റെ ഹാട്രിക് കരുത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിനെ ആഴ്സണല്‍ തോല്പിച്ചത്. മത്സരത്തില്‍ ആ­ദ്യം മുന്നിലെത്തിയത് പാലസാണ്. നാലാം മിനിറ്റില്‍ ജീൻ ഫിലിപ്പ് മറ്റേറ്റയാണ് പാലസിനെ മുന്നിലെത്തിച്ചത്. മത്സരത്തില്‍ രണ്ടാ­മതൊരു ഗോള്‍ വീഴാന്‍ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 

54, 73, 81 മിനിറ്റുകളില്‍ വിനീഷ്യസ് ആ­ഴ്സണലിന് വിജയമുറപ്പിച്ചു. 85-ാം മിനിറ്റില്‍ എഡ്ഡി എന്‍കെട്ട്യാ പാലസിനായി ഗോള്‍ നേടിയെങ്കിലും സമനില നേടാനോ വിജയം സ്വന്തമാക്കാനോ സാധിച്ചില്ല. സാന്ദ്രോ ടൊണാലിയുടെ ഇരട്ടഗോൾ മികവിലാണ് ന്യൂകാസിൽ യുണൈറ്റഡ് ബ്രെന്റ്ഫോ­ർഡിനെ തോല്പിച്ചത്. ഒമ്പത്, 43 മിനിറ്റുകളിലായാണ് ടൊണാലി ഇരട്ടഗോൾ നേടിയത്. മൂന്നാം ഗോൾ ഫാബിയൻ ഷാർ (69) നേടി. യൊവാൻ വിസ ഇഞ്ചുറി സമയത്ത് ബ്രെന്റ്ഫോര്‍ഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.

Exit mobile version