ലിവിങ് ഇൻ റിലേഷൻഷിപ്പുകൾ നിയമവിരുദ്ധമല്ലെന്നും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക് സംരക്ഷണം നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അലഹബാദ് ഹൈക്കോടതി. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് കുറ്റകരമല്ലെന്ന് വ്യക്തമാക്കിയ കോടതി, പങ്കാളികൾക്ക് ഭീഷണിയുണ്ടായാൽ പൊലീസ് സംരക്ഷണം ഉറപ്പാക്കാനും നിർദ്ദേശം നൽകി. ലിവിങ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന 12 സ്ത്രീകൾ സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് വിവേക് കുമാർ സിംഗ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന പ്രഖ്യാപിച്ചത്. തങ്ങളുടെ തെരഞ്ഞെടുപ്പിനെ കുടുംബാംഗങ്ങളും മറ്റും എതിർക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്ത്രീകൾ കോടതിയെ സമീപിച്ചത്.
ലിവിങ് ഇൻ റിലേഷൻഷിപ്പ് എന്ന സങ്കൽപ്പം എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ലായിരിക്കാം, എന്നാൽ അത് നിയമവിരുദ്ധമാണെന്നോ വിവാഹത്തിന്റെ പവിത്രതയില്ലാതെ ജീവിക്കുന്നത് കുറ്റകരമാണെന്നോ പറയാനാകില്ലെന്ന് കോടതി പറഞ്ഞു. 2005‑ലെ ഗാർഹിക പീഡന നിരോധന നിയമം പോലും ഇത്തരം ബന്ധങ്ങളെ അംഗീകരിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിയമത്തിൽ ‘ഭാര്യ’ എന്ന പദത്തിന് പകരം ‘സ്ത്രീ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്, ഇത് വിവാഹേതര ബന്ധങ്ങളിലെ സ്ത്രീകൾക്കും സംരക്ഷണം ഉറപ്പാക്കാനാണെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വിവാഹിതരാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതല്ല. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ അതിൽ ഇടപെടാൻ കുടുംബാംഗങ്ങൾക്കോ മറ്റുള്ളവർക്കോ അവകാശമില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ലിവിങ് ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക് പൊലീസ് സംരക്ഷണം നിഷേധിക്കുന്നത് നീതിനിഷേധമാകുമെന്നും കോടതി പറഞ്ഞു.

