Site icon Janayugom Online

എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

accused

എല്‍കെജി വിദ്യാര്‍ത്ഥിനിയെ സ്കൂളിലേക്ക് കൊണ്ടുപോകവേ ഓട്ടോയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് ടി പി പ്രഭാഷ് ലാലാണ് വിധി പ്രസ്താവിച്ചത്. കോട്ടപ്പുറം സ്വദേശി വില്ലാല്‍ എന്ന് വിളിപ്പേരുള്ള വിപിന്‍ ലാല്‍(27) ആണ് കേസിലെ പ്രതി.
രക്ഷാകര്‍ത്താക്കള്‍ ഏര്‍പ്പെടുത്തിയ ഓട്ടോയില്‍ അഞ്ചു വയസുകാരിയെ സ്കൂളില്‍ കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
2018 ഒക്ടോബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം രാവിലെ കുട്ടിയെ മാതാവ് വിപിനിന്റെ ഓട്ടോയില്‍ കയറ്റി സ്കൂളിലേക്ക് അയച്ചു. വൈകുന്നേരം വീടിനു സമീപം ജങ്ഷന്‍ എത്തിയപ്പോള്‍ പ്രതി ഓട്ടോ മറ്റൊരാള്‍ക്ക് കൈമാറി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം കുട്ടിക്ക് പനി വന്നു. ഡോക്ടറെ കാണിച്ച ശേഷമാണ് അതിക്രമം സംബന്ധിച്ച് കുട്ടി ബന്ധുവിനോട് വിവരം പറയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കൂടി നിര്‍ദേശിച്ച പ്രകാരം പൊലീസില്‍ അറിയിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴ ശിക്ഷയും വിധിച്ചതില്‍ പിഴത്തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ പ്രതി ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് വിധി ന്യായത്തില്‍ പറയുന്നു. പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം എന്ന നിലയ്ക്ക് 10,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്.
ജയിലില്‍ കിടന്ന കാലാവധി ശിക്ഷാ ഇളവുണ്ട്. ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബി എസ് സജന്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സജീഷ് എച്ച് എല്‍ ചാര്‍ജ് ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്ലോസിക്യൂട്ടര്‍ എം മുഹസിന്‍ കോടതിയില്‍ ഹാജരായി. 

Eng­lish Sum­ma­ry: LKG stu­dent rape case; The accused was sen­tenced to five years rig­or­ous impris­on­ment and a fine of Rs 25,000

You may also like this video

Exit mobile version