Site icon Janayugom Online

തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മികച്ച നേട്ടം കൈവരിച്ചു

2023–24 വര്‍ഷം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 81.02 ശതമാനം തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മികച്ച നേട്ടം കൈവരിച്ചു. പൊതുവിഭാഗം, പട്ടികജാതി വികസനം, പട്ടിക വര്‍ഗ വികസനം, ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് എന്നിവ ഉള്‍പ്പെടുന്ന വികസന ഫണ്ടിനത്തില്‍ ബജറ്റ് മുഖേന അനുവദിച്ച 7460.65 കോടി യില്‍ 6044.89 കോടി രൂപയുടെ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കി. 1,65,911 പ്രോജക്ടുകള്‍ ആണ് ഈ വിഭാഗത്തില്‍ നടപ്പാക്കിയത്. 

കൊച്ചിന്‍ കോര്‍പറേഷന്‍, കാസര്‍കോട് ജില്ലയിലെ നീലേശ്വരം നഗരസഭ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് എന്നിവയാണ് പദ്ധതി വിഹിതം ഏറ്റവും കൂടുതല്‍ ചെലവഴിച്ച് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. വസ്തു നികുതി ഇനത്തില്‍ 379 ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം നികുതി പിരിവ് കൈവരിച്ചു. ആകെ 941ല്‍ 785 ഗ്രാമപഞ്ചായത്തുകള്‍ 90 ശതമാനത്തിന് മുകളിലും ഇവയുള്‍പ്പെടെ 889 ഗ്രാമപഞ്ചായത്തുകള്‍ 80 ശതമാനത്തിന് മുകളിലും നികുതി പിരിവ് നേട്ടം കൈവരിച്ചു.
മികച്ച രീതിയിൽ പദ്ധതി പ്രവർത്തനം പൂർത്തിയാക്കുകയും നികുതിപിരിവിൽ മെച്ചപ്പെട്ട നേട്ടം കൈവരിക്കുകയും ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഭിനന്ദിക്കുന്നതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. 

Eng­lish Sum­ma­ry: Local bod­ies have achieved good results by com­plet­ing projects

You may also like this video

Exit mobile version