Site icon Janayugom Online

തൊഴിലവസരങ്ങള്‍ പ്രാദേശികമായി സൃഷ്ടിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈഎടുക്കണം: മുഖ്യമന്ത്രി

pinarayi vijayan

തൊഴിലും സംരംഭങ്ങളും പ്രാദേശികമായി സൃഷ്ടിക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും അതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഓരോ പ്രദേശത്തിന്റെയും സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതയ്ക്ക് അനുസരിച്ച് രൂപംനൽകുന്ന തൊഴിൽസഭകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർണായക പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

തൊഴിൽസഭകളുടെ പ്രവർത്തനവും പ്രാദേശിക സാമ്പത്തികവികസനവും സംബന്ധിച്ച് തദ്ദേശസ്ഥാപന ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലം കാണുന്നു എന്നാണ് സംസ്ഥാനത്തെ തൊഴിൽ വളർച്ചനിരക്ക് സൂചിപ്പിക്കുന്നത്. 2020 ജനുവരിയിൽ സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക് ഒമ്പതു ശതമാനമായിരുന്നത് 2022 നവംബറിൽ 4.8 ശതമാനമായി കുറഞ്ഞു.

കെ-ഡിസ്‌ക് ആവിഷ്‌കരിച്ച ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം എന്ന പദ്ധതി നവീനമായ സംരംഭങ്ങൾ ആസൂത്രണം ചെയ്യാൻ ഉപയോഗിക്കണം. ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകാൻ തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. മുഴുവൻ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്‌കരിക്കണം.

വർക്ക് നിയർ ഹോം സെന്ററുകൾ,തൊഴിലന്വേഷകർക്കും കരിയർ ബ്രേക്ക് നേരിട്ട സ്ത്രീകൾക്കുമുള്ള നൈപുണ്യ പരീശിലനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയാകണം വാർഷിക പദ്ധതികളെന്നും മുഖ്യമന്ത്രി നിർദേശിച്ചു. യോഗത്തിൽ തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സംസാരിച്ചു.

Eng­lish Summary:
Local bod­ies should take ini­tia­tive to cre­ate jobs local­ly: Chief Minister

You may also like this video:

Exit mobile version