Site icon Janayugom Online

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വലവിജയം

സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നു. എല്‍ഡിഎഫിന് ഉജ്ജ്വലവിജയം. നെടുമങ്ങാട് നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം. പതിനാറാംകല്ല് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ വിദ്യാ വിജയന്‍ 94 വോട്ടിനാണ് വിജയിച്ചത്. വര്‍ഷങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന വാര്‍ഡില്‍ 10 വോട്ടിനാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. വാര്‍ഡംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കലഞ്ഞൂര്‍ പഞ്ചായത്ത് 20-ാം വാര്‍ഡ് പല്ലൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം.
സിപിഐ എം സ്ഥാനാര്‍ഥി അലക്‌സാണ്ടര്‍ ദാനിയേല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് പിടിച്ചെടുത്തത്. എല്‍ഡിഎഫിന് 703 വോട്ടും യുഡിഎഫിന് 380 വോട്ടും ബിജെപിക്ക് 27 വോട്ടുമാണ് ലഭിച്ചത്.

ആലപ്പുഴ മുട്ടാര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 168 വോട്ട് വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയായിരുന്നു വിജയിയെ തീരുമാനിച്ചത്. സിപിഐ എം സ്വതന്ത്രന്‍ ആന്റണി (മോനിച്ചന്‍)യാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു അഞ്ചാംവാര്‍ഡ്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആറ് വോട്ടാണ് ലഭിച്ചത്.

വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലേക്ക് പഴേരി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ഥി എസ് രാധാകൃഷ്ണന്‍ I12 വോട്ടിനാണ് ജയിച്ചത്. മനോജായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് ജയിച്ചത്.

ആറളം പഞ്ചായത്ത് വീര്‍പ്പാട് വാര്‍ഡ് ഉപതെരഞ്ഞെപ്പില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു കെ സുധാകരന്‍ 137 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ സുരേന്ദ്രന്‍ പാറക്കത്താഴത്തിനെയാണ തോല്‍പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന വളയം മൂന്നാം വാര്‍ഡില്‍ കല്ലുനിരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. സിപിഐ എമ്മിലെ കെ ടി ഷബിനയാണ് 196 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ഇ കെ നിഷയാണ് ഷബിന പരാജയപ്പെടുത്തിയത്.

Eng­lish sum­ma­ry;  local-body-by-election-result

You may also like this video;

Exit mobile version