Site iconSite icon Janayugom Online

2024: പ്രാദേശിക പാർട്ടികള്‍ നിർണായകം

electionelection

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും-നീതിമത്തായ രാഷ്ട്രീയത്തിനും ദേശീയ സ്വത്വബോധത്തിനും-വേണ്ടിയാണ് പ്രവർത്തിച്ചത്. എന്നാൽ പൗരത്വ നിയമഭേദഗതി(സിഎഎ) നടപ്പിലാക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളുടെ എണ്ണം കുറയ്ക്കുകയും ഹിന്ദു ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ്. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള സിഎഎ 2019 ഡിസംബർ 11 ന് പാർലമെന്റ് പാസാക്കി. അടുത്ത ദിവസം രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. എങ്കിലും ഇതിന് കീഴിലുള്ള നിയമങ്ങൾ രൂപീകരിച്ചിട്ടില്ലാത്തതിനാൽ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ നിയമം ദൗർഭാഗ്യകരമാണ്. ബംഗ്ലാദേശിൽ നിന്നോ പശ്ചിമ ബംഗാളിൽ നിന്നോ ഉള്ള ന്യൂനപക്ഷങ്ങളെ വിദേശികളായി പ്രഖ്യാപിക്കുന്നതുപോലുള്ള നിർഭാഗ്യകരമായ വിവേചനത്തിന് ഇത് കാരണമായി.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം ദൗർഭാഗ്യകരമെന്നു സത്യനാദല്ല


ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അതിന്റെ പ്രകടനം മെച്ചപ്പെടുത്തിയിട്ടില്ല. രാജ്യത്തിന് വേണ്ടത് ഓരോ ഇന്ത്യാക്കാരനും ചില അവകാശങ്ങളുണ്ടെന്ന തിരിച്ചറിവാണ്. അവർ രാഷ്ട്രത്തിലെ അംഗമാണ്. അതിനുശേഷമാണ് ഹിന്ദുവും മുസൽമാനുമാകുന്നത്. ഒരു വിഭാഗത്തിനെതിരെ മറ്റൊരു വിഭാഗത്തെ വളർത്താൻ ഗാന്ധിജി ഒരിക്കലും ശ്രമിച്ചിട്ടില്ല. മതപരമായി പ്രതിജ്ഞാബദ്ധനായ ‘ഹിന്ദു’ ആയിരുന്നിട്ടുപോലും സ്വാതന്ത്ര്യത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്ഥാനം മുസ്ലിങ്ങൾക്ക് നൽകാൻ അദ്ദേഹം തയ്യാറായിരുന്നു. നീതിപൂർവകമായ സംസ്കാരത്തിനും നീതിയുക്തമായ രാഷ്ട്രീയത്തിനും ദേശീയ സ്വത്വബോധത്തിനും വേണ്ടിയായിരുന്നു അദ്ദേഹം ശ്രമിച്ചത്. സിഎഎ പാർലമെന്റ് പാസാക്കിയതിന് ശേഷം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. ചിലയിടത്ത് പൊലീസ് വെടിവയ്പിലും അക്രമങ്ങളിലും 100 ഓളം പേരുടെ ജീവനും നഷ്ടമായി. മുസ്ലിങ്ങളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോടുള്ള ഇപ്പോഴത്തെ അവഗണനയിൽ രാഷ്ട്രം ഖേദിക്കേണ്ടിവരും.


ഇതുകൂടി വായിക്കൂ: നിഗൂഢാധിപത്യമുള്ള ബിജെപിയും വിഭജിക്കപ്പെട്ട പ്രതിപക്ഷവും


അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായ ഒരു തേരോട്ടമാണെന്ന് കരുതുന്നത് വലിയ അബദ്ധമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പങ്ക് നിർണായകമാണ്. ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായും ഹിന്ദി സംസാരിക്കുന്ന രാജ്യമായും ചുരുക്കി. അവര്‍ക്ക് ശക്തമായ ഒരു ബദൽ ഉണ്ടാകുന്നില്ലെങ്കിൽ വളരെ സങ്കടകരമായിരിക്കും. ശക്തമായ പാർട്ടിയെന്ന് കരുതുന്ന ബിജെപിക്കും ബലഹീനതയുണ്ട്. മറ്റ് പാർട്ടികൾ അത് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ മതിയാകും. മറ്റൊരു പാർട്ടിക്കും ഏറ്റെടുക്കാൻ കഴിയാത്ത അഖിലേന്ത്യാ വീക്ഷണം നല്‍കുന്ന പാര്‍ട്ടിയാണ് കോൺഗ്രസ്. പക്ഷേ ആ പാര്‍ട്ടി വളരെയധികം ദുർബലമായതായി തോന്നുന്നു. പാർട്ടിക്കുള്ളിലും ഭിന്നതയുണ്ട്. പ്രധാനമന്ത്രിയാകാൻ തൃണമൂൽ നേതാവ് മമത ബാനർജിക്ക് കഴിവുണ്ട്. എന്നാല്‍ പൊതുസമ്മതം സൃഷ്ടിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം.


ഇതുകൂടി വായിക്കൂ: ശ്രീലങ്കയില്‍ ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ്


ടിഎംസി, കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്), അരവിന്ദ് കെജ്‍രിവാളിന്റെ ആം ആദ്മി തുടങ്ങിയ പ്രാദേശിക പാർട്ടികൾ 2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഫെഡറൽ ഫ്രണ്ട് (എഫ്എഫ്) രൂപീകരിച്ചിരുന്നു. അതേവർഷം ജനുവരിയിൽ കൊൽക്കത്തയിൽ തൃണമൂൽ സംഘടിപ്പിച്ച യോഗത്തിൽ നേതാക്കൾ തമ്മിൽ ചർച്ചകളും നടന്നു. ജെഡി(എസ്) നേതാവും അന്നത്തെ കർണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ എന്നിവരുള്‍പ്പെടെ സന്നിഹിതരായി. അഖിലേഷ് യാദവ് (എസ്‍പി), എം കെ സ്റ്റാലിൻ (ഡിഎംകെ), ശരദ് പവാർ, ജമ്മു കശ്മീരില്‍ നിന്ന് ഒമർ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, അരുണാചൽ പ്രദേശിലെ ഗെഗോങ് അപാങ് എന്നിവരും പങ്കെടുത്തിരുന്നു. പുതിയ സാഹചര്യത്തില്‍ ഡിഎംകെയും പ്രധാനപ്പെട്ട പാർട്ടിയാണ്. എൻസിപിയും ജനതാദൾ യുണെെറ്റഡും ഉൾപ്പെടെ നിരവധി പാർട്ടികളുടെ നേതാക്കൾ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി പുതിയ സഖ്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.
(പിടിഐ)

Exit mobile version