28 May 2024, Tuesday

Related news

May 26, 2024
May 26, 2024
May 25, 2024
May 22, 2024
May 22, 2024
May 21, 2024
May 18, 2024
May 17, 2024
May 16, 2024
May 14, 2024

നിഗൂഢാധിപത്യമുള്ള ബിജെപിയും വിഭജിക്കപ്പെട്ട പ്രതിപക്ഷവും

അജോയ് ആശിര്‍വാദ് മഹാപ്രശസ്ത 
January 2, 2023 4:30 am

2022 എന്ന വര്‍ഷം തങ്ങള്‍ക്ക് നല്ലതായിരുന്നോ­ ചീത്തയായിരുന്നോ എന്നത് അധികാരത്തി­ന്റെ ഇടനാഴിയിലുള്ളവരെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. 2024ല്‍ വരാനിരിക്കുന്ന­ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ ശക്തികള്‍ക്കും കരുത്ത് നേടാനുള്ള നിര്‍ണായകമായ അവസാന വര്‍ഷമായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കാറ്റ്­ എങ്ങോട്ട് വീശുമെന്ന സൂചന നല്‍കുമെങ്കിലും ഇക്കഴിഞ്ഞ വര്‍ഷത്തെ സമ്മിശ്രമായ ഫലങ്ങള്‍ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ മിന്നുന്ന തെര‌ഞ്ഞെടുപ്പ് വിജയങ്ങള്‍ നേടിയെങ്കിലും പശ്ചിമബംഗാള്‍, ഹിമാചല്‍ പ്ര­ദേശ്, ഡല്‍ഹി മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ കനത്ത പരാജയങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായി. 2022 ലും ബിജെപി തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍­ പലതും നിലനിര്‍ത്തിയെങ്കിലും അവര്‍ക്ക് അതിര്‍ത്തി വ്യാപിപ്പിക്കാനായില്ല. തെരഞ്ഞെടുപ്പ് യന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടിയെ സംബന്ധിച്ച് പോയവര്‍ഷം അഭിമാനിക്കത്തക്കതായി ഒന്നുമുണ്ടായില്ല. മാത്രമല്ല, നിതീഷ് കുമാറുമായുള്ള സുപ്രധാനമായ സഖ്യം അവര്‍ക്ക് നഷ്ടമാകുകയും ബിഹാറിലെ സര്‍ക്കാരില്‍ നിന്ന് പുറത്ത് പോകുകയും ചെയ്തു. ബിഹാറിലെ മറ്റൊരു സഖ്യകക്ഷിയായിരുന്ന, മുകേഷ് സാഹ്നി നയിക്കുന്ന വികഷീല്‍ ഇൻസാൻ പാര്‍ട്ടിയുമായുള്ള സഖ്യവും ഇവര്‍ക്ക് നഷ്ടമായിരുന്നു. ബിഹാര്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ കണക്കിലെടുത്താല്‍ 2024ലെ പൊതു തെരഞ്ഞെടുപ്പ് ബിജെപിക്ക് എളുപ്പമാകില്ലെന്ന് ഉറപ്പ്. സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് നിതീഷ് ബിജെപിയെയാണ് കുറ്റപ്പെടുത്തുന്നത്. നിതീഷിനെ മാറ്റി ആര്‍സിപി സിങ്ങിനെ നിയമിക്കാൻ അവര്‍ ശ്രമിച്ചുവെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.

കൂടുതല്‍ സഖ്യകക്ഷികള്‍ ബിജെപിയുമായുള്ള കൂട്ടുകെട്ടില്‍ നിരാശരാണെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായിരുന്ന ഉദ്ദവ് താക്കറെയെ തല്‍സ്ഥാനത്ത് നീക്കി ശിവസേനയിലെ വിമതന്‍ ഏകനാഥ് ഷിൻഡെയെ നിയമിച്ചുകൊണ്ട് മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നത് പക്ഷേ നേട്ടമാണ്. 2024 ആകുമ്പോഴേക്കും ബിജെപി ദുര്‍ബലമാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. കാരണം കഴിഞ്ഞ ഒരുവര്‍ഷക്കാലം തങ്ങളുടെ പരിധിവിപുലീകരിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടി ദുര്‍ബലമായ മണ്ഡലങ്ങളുടെ എണ്ണം 144ല്‍ നിന്ന് 160 ആയി വര്‍ധിക്കുകയും ചെയ്തു. ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരത്തിന്റെ ഫലമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒരടി പിന്നോട്ട് വച്ചാണ് ബിജെപി 2022 വര്‍ഷം തുടങ്ങിയത് തന്നെ. കര്‍ഷകരില്‍ നിന്ന് നേരിട്ട പരാജയം മറയ്ക്കാൻ തങ്ങളുടെ സ്ഥിരം ആയുധമായ ഹിന്ദു ഏകീകരണം എന്ന സാമുദായിക ധ്രുവീകരണം തന്നെ പുറത്തെടുത്തു. കര്‍ണാടകയിലെ സ്കൂളുകളിലും കോളജുകളിലും മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് സംഘ്പരിവാര്‍ സംഘടനകള്‍ തടഞ്ഞു. സ്കൂള്‍ യൂണിഫോം നിയമത്തിന് ഹിജാബ് എതിരാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അത് നിരോധിക്കണമെന്നും അവര്‍ വാദിച്ചു. കര്‍ണാടക ഹൈക്കോടതി ഈ വാദം അംഗീകരിച്ചതോടെ രാജ്യത്തെ സംഘ്പരിവാര്‍ ശക്തികേന്ദ്രങ്ങളില്‍ അവര്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ സമാന അക്രമങ്ങള്‍ നടത്തി. പര്‍വേഷ് വര്‍മ്മ, അജയ് മഹാവര്‍, നന്ദ് കിഷോര്‍ ഗുര്‍ജാര്‍, പ്രഗ്യാ സിങ് താക്കൂര്‍ തുടങ്ങിയ ബിജെപി എംഎല്‍എമാര്‍ മുസ്ലിങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതും ഇസ്ലാമിനെ ഇല്ലാതാക്കുക എന്ന് ആഹ്വാനം ചെയ്യുന്ന പരിപാടികളില്‍ പങ്കെടുത്തതും ന്യൂനപക്ഷങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുന്നതായി. വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണവും വഴി ഇസ്ലാംഭീതി പരത്തുന്ന ഹിന്ദുത്വയുടെ ആവര്‍ത്തനമായിരുന്നു ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും തെരഞ്ഞെടുപ്പുകള്‍. ബിജെപിയെ പിന്തുണയ്ക്കുന്ന തീവ്ര സംഘടനകള്‍ മഹാപഞ്ചായത്തുകള്‍ രൂപീകരിക്കുകയും മുസ്ലിങ്ങള്‍ക്കെതിരെ അണികളെ നിരത്തി ഭീഷണി മുഴക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: കേന്ദ്ര ബജറ്റിനെ ഭയന്ന് തൊഴിലുറപ്പ് തൊഴിലാളികൾ


വര്‍ഷത്തിന്റെ അവസാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോലും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി. ആദിവാസിവിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്നത് മാത്രമാണ് ബിജെപി ഇക്കാലയളവില്‍ ചെയ്ത പരാമര്‍ശിക്കപ്പെടേണ്ട കാര്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഹിന്ദുക്കളോടൊപ്പം നിര്‍ത്തി ഹിന്ദുത്വ ആശയം വിപുലപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെങ്കിലും ആദിവാസികള്‍ ശക്തമായ ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താൻ അവര്‍ക്ക് സാധിച്ചു. ആദിവാസി ഭൂരിപക്ഷമുള്ള ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹിന്ദു ദേശീയത എന്ന ലക്ഷ്യത്തോടെ ഹിന്ദുക്കളെ ന്യൂനപക്ഷത്തിനെതിരെ ധ്രുവീകരിക്കുന്നത് തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാൻ അവരെ സഹായിക്കുന്നുണ്ട്. 2022ലും അതിന് മാറ്റമുണ്ടായില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പക്ഷേ കേവലധര്‍മ്മമായി മാത്രമാണ് തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ആംആദ്മി പാര്‍ട്ടി പ്രഖ്യാപിത പ്രത്യയശാസ്ത്രത്തില്‍ നിന്നും പിന്നോട്ടുപോയെങ്കിലും ശക്തമായ പ്രതിപക്ഷമായി വളര്‍ന്നു. ഹിന്ദു ധ്രുവീകരണത്തിലൂടെ ന്യൂനപക്ഷത്തിനെതിരായ നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നതെങ്കില്‍ സങ്കുചിതമായ ദേശീയതയാണ് ആംആദ്മിയും പ്രചരിപ്പിക്കുന്നത്. സമ്പൂര്‍ണ ആധിപത്യത്തോടെ പ‌ഞ്ചാബില്‍ വിജയിച്ച അവര്‍ ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ സാന്നിധ്യം രേഖപ്പെടുത്തി. കഴിഞ്ഞ എട്ട് വര്‍ഷക്കാലം ശക്തമായ ഒരു പ്രതിപക്ഷത്തെ നേരിടേണ്ടി വരാതിരുന്ന ബിജെപിയെ ഇത് ഭയപ്പെടുത്തി. അവര്‍ ആംആദ്മി നേതാക്കളെ ലക്ഷ്യമിടുകയും ചെയ്തു. തമിഴ‌്നാട്ടിലും തെലങ്കാനയിലും മുഖ്യമന്ത്രിമാരായ എം കെ സ്റ്റാലിനും കെ ചന്ദ്രശേഖര്‍ റാവുവും ബിജെപിയുടെ കടുത്ത വിമര്‍ശകരായി ശക്തിപ്രാപിച്ചു. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നിഷേധിക്കുന്ന കേന്ദ്ര നിലപാടുകളെ എതിര്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് എം കെ സ്റ്റാലിന്‍ ശക്തമായ പ്രതിപക്ഷ മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. വരാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തരായ എതിരാളികളാകുമെന്ന് വന്നപ്പോള്‍ ചന്ദ്രശേഖര്‍ റാവു മമത ബാനര്‍ജിയുടെ ശൈലിയില്‍ പ്രവര്‍ത്തിക്കാൻ തുടങ്ങി. തെലങ്കാന രാഷ്ട്ര സമിതിയെന്ന തന്റെ പാര്‍ട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതിയെന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തില്‍ കളിക്കാനിറങ്ങുകയാണ്.

വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്വേഷ പ്രചരണങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ഭാരത് രാഷ്ട്രസമിതി കേന്ദ്രസര്‍ക്കാരിനെതിരെ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കൂടാതെ 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുമുണ്ട്. കോണ്‍ഗ്രസിന്റെതാണ് 2022ലെ ഏറ്റവും വലി­യ­ ഉയര്‍ത്തെഴുന്നേല്‍പ്പ്. തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ പരിഹാരിക്കാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായി. അവര്‍ ഉദ‌‌‌‌‌‌‌‌‌‌യ്‌പൂരില്‍ ഒരു ചിന്തൻ ശിബിരം സംഘടിപ്പിക്കുകയും ബിജെപി മുന്നോട്ട് വയ്ക്കുന്ന ദേശീയതയ്ക്കെതിരെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയത എന്ന ആശയം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവാദങ്ങളും ഉള്‍പ്പോരുകളും എല്ലാം ഉണ്ടായെങ്കിലും ഒടുവില്‍ അവര്‍ക്ക് തെരഞ്ഞെടുത്ത ഒരു പ്രസിഡന്റിനെ ലഭിച്ചു. മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ തെരഞ്ഞെടുപ്പ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഉള്‍പ്പെടെ ആത്മവിശ്വാസം വളര്‍ത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര എന്ന പേരില്‍ തുടക്കമിടുകയും ചെയ്തു. സത്യത്തില്‍ 2022 പ്രതിപക്ഷത്തിന്റെ വര്‍ഷമായിരുന്നെന്ന് പറയാം. വിവിധ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്നതിലും അത് ജനശ്രദ്ധയിലെത്തിക്കുന്നതിലും വിജയിച്ചു. പക്ഷേ, ഈ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം ഉണ്ടാകാത്തതിനാല്‍ ബിജെപി തന്നെയാണ് പ്രത്യക്ഷത്തില്‍ ആധിപത്യം പുലര്‍ത്തുന്നതെന്നു മാത്രം. (അവലംബം: ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.