Site iconSite icon Janayugom Online

നാടന്‍ പച്ചക്കറി വിപണിയിലില്ല; വിഷുവിന് ആശ്രയം തമിഴ്‌നാടന്‍ പച്ചക്കറി

വിഷു മുമ്പില്‍കണ്ട് ചെയ്ത നേന്ത്രവാഴ കൃഷിയും പച്ചക്കറികളും വരള്‍ച്ചയിലും ചുഴലികാറ്റിലും നശിച്ചതിനെ തുടര്‍ന്ന് നേന്ത്രക്കായ വില കുതിക്കുന്നതോടൊപ്പം നാടന്‍ പച്ചക്കറികള്‍ മാര്‍ക്കറ്റുകളില്‍ കിട്ടാക്കനിയായിരിക്കുകയാണ് നിലവില്‍. വിഷു വിപണി സജീവമാകാനൊരുങ്ങുന്ന സാഹചര്യത്തിലാണ് നേന്ത്രക്കായ വില കുതിച്ചുയരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ മൂന്ന് കിലോ നേന്ത്രപ്പഴം 100 രൂപയ്ക്കാണ് വില്പന നടത്തിവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു കിലോ നാടന്‍ നേന്ത്രപ്പഴത്തിന് 80 രൂപയ്ക്ക് മുകളിലാണ് വില. നാടന്‍ നേന്ത്രക്കായോടാണ് ജനങ്ങള്‍ക്ക് ഏറെ താല്പര്യം. 

മലയോര മേഖലയില്‍ പ്രതികൂല കാലാവസ്ഥയില്‍ നനച്ചു വളര്‍ത്തിയ പതിനായിരക്കണക്കിന് കുലച്ച നേന്ത്രവാഴകളാണ് വേനല്‍മഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ നിലംപൊത്തിയത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഈ വര്‍ഷം നേന്ത്രക്കായ കേരളത്തിലേക്ക് വരാത്തതും വില വര്‍ധനവിന് സാഹചര്യം സൃഷ്ടിച്ചതായി വ്യാപാരികളും ചൂണ്ടി കാട്ടുന്നു. പച്ചമുളകിന്റെ വില 50ല്‍ നിന്ന് 70 രൂപയിലെത്തി. നാടന്‍ നേന്ത്രക്കായയുടെ വിലയും ഇരട്ടിയോളമായി. മാങ്ങ, നാരങ്ങ എന്നിവയുടെ വില നൂറുരുപയ്ക്ക് മുകളിലാണ്. നാടന്‍ വെള്ളരി മാര്‍ക്കറ്റില്‍ കാണാനേയില്ല. പച്ചക്കറിക്ക് പുറമെ പലവ്യഞ്ജനങ്ങള്‍ക്കും വില കൂടി. തക്കാളി, വെണ്ട, സവാള എന്നിവയുടെ വിലയില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. ഇനിയും വില വര്‍ധിച്ചേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം വിഷുവിപണി ലക്ഷ്യംവച്ച് ഒരുപാട് പ്രതീക്ഷകളുമായി മലയോര മേഖലയില്‍ പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വിപരീത കാലാവസ്ഥ കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിയത്. 

Exit mobile version