Site icon Janayugom Online

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളെ ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ മര്‍ദ്ദിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് ബസ് സ്റ്റോപ്പില്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരിമ്പ സ്വദേശി സിദ്ദിഖ് ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. മണ്ണാര്‍ക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കല്ലടിക്കോട് പൊലീസ് ആണ് കേസെടുത്തത്.

പാലക്കാട് കരിമ്പയില്‍ സ്‌കൂള്‍ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപില്‍ ബസ് കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ ഇരിയ്ക്കുന്നത് ചോദ്യം ചെയ്ത് പ്രദേശവാസികളിലൊരാള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാള്‍ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ തുനിയുകയും ചെയ്തു.

മറ്റു വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഒരു സംഘം ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ഏറെ വൈകിയും വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Eng­lish sum­ma­ry; Locals beat up high school stu­dents for sit­ting togeth­er; One per­son was arrested

You may also like this video;

Exit mobile version