Site iconSite icon Janayugom Online

ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടെത്തിയതായി നാട്ടുകാര്‍

ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടെത്തിയതായി നാട്ടുകാര്‍. വീട്ടുകാരുടെ കണ്‍മുന്നില്‍ വെച്ച് വളര്‍ത്തു നായയെ പുലി കടിച്ചു വലിച്ചു. കാടുകുറ്റി പഞ്ചായത്തില്‍ കണക്കകടവ് സ്വദേശി അമ്മിണിയുടെ വീട്ടിലാണ് പുലിയെത്തി വളര്‍ത്തുനായയെ ആക്രമിച്ചത്. ആക്രമണത്തില്‍ നായയുടെ മുഖത്തും ശരീരത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.ഇന്നലെ രാത്രി പത്തരയ്ക്കാണ് വളര്‍ത്തുനായയെ പുലി ആക്രമിച്ചതെന്ന് ടി ജെ സനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വീട്ടുകാര്‍ ലൈറ്റിട്ട് നോക്കി ബഹളം വച്ചപ്പോഴാണ് പുലി ഓടിപ്പോയത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു. പുലിയുടെ കാല്‍പാടുകളും വീട്ടുപരിസരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ചാലക്കുടി, കൊരട്ടി മേഖലയില്‍ പുലിയെ കാണുന്നതായി നാട്ടുകാര്‍ നിരന്തരം പറയുന്നുണ്ട്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തും കണ്ടത് ഒരു പുലിയെ തന്നെയാണെന്നാണ് വനംവകുപ്പ് പറയുന്നത്. ചാലക്കുടിയില്‍ നിന്നും പുലി കാടുകുറ്റി ഭാഗത്തേക്ക് കടന്നിരാക്കാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ പുലികളുണ്ടെന്ന സംശയവും വനംകുപ്പ് തള്ളികളയുന്നില്ല.വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല. 

വനപ്രദേശം അല്ലാതിരുന്നിട്ടും ഇവിടേക്ക് എങ്ങനെ പുലിയെത്തി എന്നതാണ് വനംവകുപ്പിനെ കുഴയ്ക്കുന്നത്. തുടര്‍ച്ചയായി പുലിയെ കാണുന്നതില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസവും നായകള്‍ക്ക് നേരെ വന്യമൃഗ ആക്രമണമുണ്ടായി.കൊരട്ടി ചിറങ്ങരയില്‍ വീട്ടുമുറ്റത്ത് നിന്നും നായയെ കടിച്ചു കൊണ്ടുപോകുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ചാലക്കുടിയില്‍ ആകെ പേടി പടര്‍ന്നത്. പുലിയെ കണ്ട കണ്ണമ്പുഴ ക്ഷേത്രം പരിസരത്ത് ജാഗ്രത നിര്‍ദേശം ഉണ്ട്. പുലി ഭീതി മൂലം ക്ഷേത്രം രാവിലെ ആറരയ്ക്ക് ശേഷമേ തുറക്കുന്നുള്ളൂ.

Exit mobile version