പുനർ കൃഷിക്കായി ആറളം ഫാമിൽ നിന്നും പാഴ്മരങ്ങൾ മുറിക്കാനുള്ള ഉത്തരവിനെ മറയാക്കി വൻ തോതിൽ മരം കൊള്ള നടത്തിയതിൽ പട്ടിക വർഗ്ഗ ഡയറക്ടർ കണ്ണൂർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. മരം മുറിയുടെ എല്ലാ വശങ്ങളും ഉൾപ്പെടുത്തിയുള്ള വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാഴ്‌മരങ്ങൾക്കൊപ്പം മുറിക്കാൻ നിശ്ചയിച്ച ആഞ്ഞിലിമരങ്ങളുടെ ഏത്രയോ ഇരട്ടി മുറിച്ചതായും പഴമരങ്ങളുടെ വിലയാണ് ആഞ്ഞിലിക്കും നിശ്ചയിച്ചതുൾപ്പെടെയുള്ള ആരോപണങ്ങളാണ് വിശദീകരിക്കേണ്ടത്.
പാഴ്‌മരങ്ങൾക്കൊപ്പം കൂറ്റൻ സംരക്ഷിത മരങ്ങളും മുറിക്കാനിടയായ സാഹചര്യവും വിശദമാക്കണം. മരം കൊളള സംബന്ധിച്ച് മാതൃഭൂമി വാർത്തയെ തുടർന്ന ജില്ലാ കളക്ടറുടെ ആഭ്യന്തര അന്വോഷണ സമിതി പ്രാഥമികാന്വോഷണം നടത്തിരുന്നു. മുരം മുറി സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കൻ ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഴ്ച്ചകൾ കഴിഞ്ഞിട്ടും ആവശ്യപ്പെട്ട രേഖകൾ എല്ലാം ഹാജരാക്കാൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കഴിഞ്ഞിട്ടില്ല. ഫാം അഞ്ചാം ബ്ലോക്കിൽ പുനർകൃഷിക്കായി 1500 ഘന അടി പാഴ്മരങ്ങളും കൃഷിയിടത്തിന് തടസമായി നില്ക്കുന്ന 60 ഘന അടി ആഞ്ഞിലിയും മരം ഒന്നിന് 2900രൂപ നിരക്കിൽ 900 കശുമാവും മുറിക്കാനാണ് ഉത്തരവിട്ടത്. ഇതിൻ്റെ മറവിലാണ് കൂറ്റൻ ആഞ്ഞിലിയും സംരക്ഷിത മരങ്ങളും മുറിച്ചു കടത്തിയത്.