Site iconSite icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പ്: പന്ന്യനും ആനിരാജയും അരുണ്‍കുമാറും സുനില്‍കുമാറും സിപിഐ സ്ഥാനാര്‍ത്ഥികള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പ്രഖ്യാപിച്ചു. എല്‍ഡിഎഫില്‍ പാര്‍ട്ടി മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സി എ അരുണ്‍കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് മത്സരരംഗത്തിറങ്ങുക.

പന്ന്യന്‍ രവീന്ദ്രന്‍ (തിരുവനന്തപുരം )
കണ്ണൂര്‍ ജില്ലയിലെ കക്കാട്ട് സാധാരണകുടുംബത്തില്‍ ജനനം. അച്ഛന്‍ രാമന്‍, അമ്മ യശോദ. കക്കാട് കോര്‍ജാന്‍ യുപി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോള്‍ തന്നെ ബീഡിത്തൊഴിലില്‍ ഏര്‍പ്പെട്ടു. വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായി. 1964 ജനുവരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. കക്കാട് ബ്രാഞ്ച് സെക്രട്ടറിയും കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയുമായിരുന്നു. ബാങ്ക് ദേശസാല്‍ക്കരണം ആവശ്യപ്പെട്ട് സിപിഐ നടത്തിയ ദേശീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് 1965 കാലഘട്ടത്തില്‍ രണ്ടാഴ്ചക്കാലം ജയില്‍വാസം അനുഭവിക്കുമ്പോള്‍ പന്ന്യന് 18 വയസ് തികഞ്ഞിരുന്നില്ല. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന കെ പി ഗോപാലന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമാണ് ജയില്‍വാസം അനുഭവിച്ചത്. പിന്നീടും നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട് പന്ന്യന്‍.

ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഴീക്കോട് ഡിവിഷനില്‍ നിന്നും ജയിച്ച പന്ന്യന്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായി. 1979 മുതല്‍ 82 വരെ എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ചരിത്രത്തില്‍ ഇടം നേടിയ ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ സമരം നടന്നത് പന്ന്യന്‍ എഐവൈഎഫ് പ്രസിഡന്റായിരിക്കുമ്പോഴാണ്. 1982 മുതല്‍ 86 വരെ സിപിഐ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.

1982ല്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായി. 1996 മുതല്‍ ഒമ്പതു വര്‍ഷക്കാലം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. 2005 നവംബറില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിനകത്തും പുറത്തുമുള്ള സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. 2005ല്‍ ദേശീയ എക്‌സിക്യൂട്ടിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2012 മുതൽ 2015 വരെ സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനുമായിരുന്നു.

മികച്ച പൊതുപ്രവര്‍ത്തകനുള്ള 2004ലെ മനിയേരി മാധവന്‍ പുരസ്കാരം, അബുദാബി, കുവൈത്ത്, മസ്കറ്റ് എന്നിവിടങ്ങളിലുള്ള മലയാളി ക്ലബുകള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്, വി പി സിങ്ങ്, പി ഗംഗാധരന്‍, പി ടി ചാക്കോ, എം ടി ചന്ദ്രസേനന്‍, പികെവി, വിജയന്‍ സര്‍ തുടങ്ങിയവരുടെ പേരിലുള്ള അവാര്‍ഡുകള്‍ നേടിയുണ്ട്.

കണ്ണൂരില്‍ ചെറുപ്പകാലത്ത് ലക്കി സ്റ്റാര്‍ ക്ലബിന് വേണ്ടി ഫുട്ബോള്‍കളിക്കാരനായിരുന്നു പന്ന്യന്‍. ആകാശവാണിയില്‍ ഫുട്ബോള്‍ റണ്ണിങ് കമന്റേറ്റര്‍ ആയിരുന്നു. നിരവധി മത്സരങ്ങളില്‍ കമന്ററി പറഞ്ഞിട്ടുണ്ട്.ലോകകപ്പ് ചരിത്രത്തിലൂടെ, ഫുട്ബോളിന്റെ ചരിത്രം, ലോകം കാറ്റ് നിറച്ച പന്തിന്റെ കൂടെ, ഫുട്ബോളും സോവിയറ്റ് യൂണിയനും എന്നീ പുസ്തകങ്ങള്‍ ഫുട്ബോളിനക്കുറിച്ച് എഴുതി. ചരിത്രമെഴുതി ചരിത്രമായവര്‍, ഒഎന്‍വി തേജസോടെ എന്നും, ഭരത് മുരളി അഭിനയും ജീവിതം എന്നീ പുസ്തകങ്ങളും പന്ന്യന്റേതായിട്ടുണ്ട്.

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, തോപ്പില്‍ഭാസി ഫൗണ്ടേഷന്‍, പിടി ഭാസ്കരപ്പണിക്കര്‍ ഫൗണ്ടേഷന്‍, പ്രൊഫ. എന്‍ കൃഷ്ണപ്പിള്ള ഫൗണ്ടേഷന്‍ തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: രത്നവല്ലി. മക്കള്‍: രാകേഷ്, രൂപേഷ്, രതീഷ്.

ആനി രാജ (വയനാട് )
ദേശീയ മഹിളാ ഫെഡറേഷൻ (എൻഎഫ്ഐഡബ്ല്യു) ജനറൽ സെക്രട്ടറി, സിപിഐ ദേശിയ എക്സിക്യൂട്ടീവ് അംഗം, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ്. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ, ദേവമാത കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്കൾപഠന കാലത്തു തന്നെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. എഐഎസ്എഫിന്റെ മണ്ഡലം സെക്രട്ടറിയായി തുടക്കം. മഹിളാ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

രാജ്യത്ത് നടക്കുന്ന എല്ലാ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നിൽ ആനി രാജയുണ്ട്. കർഷക സമരത്തിന്റെ മുന്നണിയിലും മണിപ്പൂർ കലാപത്തിനെതിരെ അവിടെയെത്തി സമാധാനം പുനഃസ്ഥാപിക്കാനുളള ജനകീയ ഇടപെടലുകളിലും നേത‍ൃത്വം നൽകുന്ന ശക്തയായ വനിതാ നേതാവ്. മണിപ്പൂർ കലാപത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി. ഡൽഹിയിൽ ഗുണ്ടകളുടെയും പൊലീസിന്റെയും മർദനമേൽക്കേണ്ടിവന്നപ്പോഴും ഝാർഖണ്ഡിൽ മാവോ തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടപ്പോഴും, ജെഎൻയുവിൽ വിദ്യാർത്ഥിനിയായ മകൾ അപരാജിതയെ ഐഎസ് തീവ്രവാദിയെന്നു വിളിച്ച് ആക്ഷേപിച്ചപ്പോഴും ആനിരാജ പതറിയില്ല.

യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബപശ്ചാത്തലമായിരുന്നതിനാൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ വലിയ എതിർപ്പായിരുന്നുവെങ്കിലും അച്ഛൻ തോമസ് കർഷകസംഘം പ്രവർത്തകനായിരുന്നതുകൊണ്ട് എഐഎസ്എഫ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് തടസം ഉണ്ടായില്ല. ഇരിട്ടിയിൽ നടന്ന പാരലൽ കോളജ് സമരത്തിൽ ആനി തോമസ്മുൻനിരയിലുണ്ടായിരുന്നു.സർക്കാരിന്റെവിദ്യാഭ്യാസനയത്തിനെതിരെയുള്ള പോരാട്ടത്തെ പൊലീസ് ക്രൂരമായാണ് നേരിട്ടത്.

പൊലീസ് ജീപ്പിടിച്ച് അന്ന് പരിക്കേറ്റു. ബിഎയ്ക്ക് പഠിക്കുമ്പോൾ മഹിളാസംഘത്തിന്റെ ജില്ലാ സെക്രട്ടറിയായി ചുമതല. 22-ാം വയസിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം. പിന്നീട് മഹിളാസംഘം വടക്കൻ മേഖലാ സെക്രട്ടറി, സംസ്ഥാന അസി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു
കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി, കേന്ദ്ര അവഗണനയ്ക്കെതിരെ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഐവൈഎഫ് നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ 51 പെൺകുട്ടികൾ 33 ദിവസം നടത്തിയ ഐതിഹാസികമായ വനിതാ മാർച്ചിൽ അംഗമായിരുന്നു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് ജീവിത പങ്കാളി. എഐഎസ്എഫ് നേതാവ് അപരാജിത രാജ ഏക മകൾ.

1990 ജനുവരി ഏഴിന് ഡി രാജയുമായുള്ള വിവാഹം. വിവാഹശേഷം ഡൽഹിയിലെത്തി പല ജോലിയും നാേക്കി. ബിഎഡ് ബിരുദമെടുത്ത് അധ്യാപികയായി, ആകാശവാണിയിൽ വാർത്താ വായന, വവർത്തനം അങ്ങനെ. ഡി രാജ തമിഴ്‌നാട്ടിൽ നിന്ന് എംപിയായതോടെ സമ്പൂർണ രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങി. ഇന്ത്യയിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളിൽ സ്ത്രീകൾക്കുവേണ്ടിയുള്ള പ്രവർത്തനം ഇപ്പോഴും തുടരുന്നു.

അഡ്വ. സി എ അരുൺകുമാർ (മാവേലിക്കര)
കായംകുളം കൃഷ്ണപുരം ചൂളപറമ്പിൽ വീട്ടിൽ 1983 ഡിസംബർ 30ന് ജനനം. എഐഎസ്എഫിലൂടെ പൊതുരംഗത്ത് സജീവമായി. കൃഷ്ണപുരം ഗവ. യുപി സ്കൂളിലും, വിശ്വഭാരതി മോഡൽ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. വിശ്വഭാരതിയില്‍ സ്കൂൾ ലീഡറായി.

കായംകുളം എംഎസ് എം കോളജിൽ പ്രീഡിഗ്രി, ഡിഗ്രി (ബിഎ ഹിസ്റ്ററി) പഠനം. ഇവിടെ നിന്ന് കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ചു. കേരള സർവകലാശാല അക്കൗണ്ട്സ് കമ്മറ്റി അംഗമായി. കർണാടക സിദ്ധാർത്ഥ ലോ കോളേജിൽ എൽഎൽബി പഠനവും കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ എംഎസ്ഡബ്ല്യു പഠനവും പൂർത്തീകരിച്ചു.

എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി വിദ്യാർത്ഥി യുവജന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. പലതവണ പൊലീസ് മർദനമേറ്റു. വിവിധ സമരങ്ങളിൽ പങ്കെടുത്ത് 14 ദിവസത്തോളം ജയിൽവാസം അനുഭവിച്ചു.കെപിഎസിയുടെ നിരവധി നാടകങ്ങളിൽ ബാലതാരമായി രംഗത്തെത്തി. സുധീപൻ സാറിന്റെ കള്ളന്റെ മകൻ, അവകാശികൾ എന്ന സിനിമകളില്‍ അഭിനയിച്ചു.

കൃഷ്ണപുരം പ്രൊഫ. എസ് ഗുപ്തൻ നായർ സ്മാരക യുവജന സംഘടനാ ഗ്രന്ഥശാല സെക്രട്ടറിയായിരുന്നു. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ മുതുകുളം എസ്‌സി പ്രമോട്ടർ ആയി പ്രവർത്തനം. ജനയുഗം ദിനപത്രത്തിന്റെ കായംകുളം ലേഖകനായും പ്രവർത്തിച്ചു. കായംകുളം, മാവേലിക്കര, ആലപ്പുഴ കോടതികളിൽ അഭിഭാഷകന്‍.

വി എസ് സുനില്‍കുമാര്‍ (തൃശൂര്‍)
1967മേയ് 30ന് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് വെളിച്ചപ്പാട്ട് വീട്ടില്‍ സുബ്രഹ്മണ്യന്റെയും പ്രേമാവതിയുടെയും നാലുമക്കളില്‍ രണ്ടാമനായി ജനനം. അന്തിക്കാട് കെജിഎം എപി സ്‌കൂള്‍, അന്തിക്കാട് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. നാട്ടിക എസ്എന്‍ കോളജില്‍ നിന്ന് പ്രീ ഡിഗ്രിയും തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദവും നേടിയശേഷം തിരുവനന്തപുരം ലോ കോളജില്‍ നിന്ന് എല്‍എല്‍ബി പാസായി.

വിദ്യാര്‍ത്ഥി സംഘടനാരംഗത്ത് സജീവമായിരുന്ന സുനില്‍കുമാര്‍ അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1992 മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ദേശീയ കൗണ്‍സില്‍ അംഗം എന്നീ ചുമതലകള്‍ വഹിച്ചു. നിലവില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.
ശാസ്ത്ര സാഹിത്യ പരിഷത്ത് അന്തിക്കാട് മേഖലാ സെക്രട്ടറി, സി.അച്യുതമേനോന്‍ ഫൗണ്ടേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി, ഏനമ്മാവ്-പെരിങ്ങോട്ടുകര(തൃശൂര്‍ താലൂക്ക്) ചെത്തുതൊഴിലാളി യൂണിയന്‍-എഐടിയുസി പ്രസിഡന്റ്(കെ പി പ്രഭാകരന്റെ മരണശേഷം നാളിതുവരെ യൂണിയന്റെ പ്രസിഡന്റാണ്), അന്തിക്കാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍, വി കെ മോഹനന്‍ കാര്‍ഷിക സംസ്കൃതി ചെയര്‍മാന്‍, സിഡബ്ല്യുആഡിഎം എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിക്കുന്നു.

വിദ്യാര്‍ത്ഥി-യുവജന സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. നവോദയ സമരം, പോളിടെക്‌നിക് സമരം, പ്രീ ഡിഗ്രി ബോര്‍ഡ് സമരം, സ്വകാര്യ‑സ്വാശ്രയ കോളജ് സമരം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സ്വകാര്യ‑സ്വാശ്രയ കോളജ് സമരത്തിന്റെ നിരാഹാരപ്പന്തലില്‍ വച്ച് പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി. 2006ല്‍ നിയമസഭാ മാര്‍ച്ചിന് നേതൃത്വം കൊടുക്കുമ്പോള്‍ പൊലീസിന്റെ ഇലക്ട്രിക് ലാത്തി പ്രയോഗത്തില്‍ പരിക്കേറ്റു. 29 ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷയനുഭവിച്ചു.

2006ല്‍ തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006–2011 കാലഘട്ടത്തില്‍ ചേര്‍പ്പ് എംഎല്‍എ ആയിരിക്കുമ്പോഴാണ് തൃശൂര്‍-പൊന്നാനി കോള്‍ വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്. 2011ല്‍ കയ്പമംഗലം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലയളവില്‍ നിയമസഭ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ആ ഘട്ടത്തില്‍ ശബരിമലയുടെ പ്രത്യേക വികസനം ലക്ഷ്യമിട്ടുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പിന്നീട് ശബരിമല മാസ്റ്റര്‍പ്ലാനിന്റെ രൂപീകരണത്തിന് വഴിതുറന്നത്. നിയമസഭയില്‍ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ല് പിന്നീട് ക്ഷേത്രകലാകാരന്മാര്‍ക്കുള്ള ക്ഷേമനിധി നിയമമായി.

2016ല്‍ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കൃഷി-മണ്ണ് സംരക്ഷണവും മണ്ണ് പര്യവേക്ഷണ വകുപ്പ് മന്ത്രിയായി. ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് കര്‍ഷക ക്ഷേമ ബോര്‍ഡ് യാഥാര്‍ത്ഥ്യമാക്കിയത് അക്കാലത്താണ്. ഓണത്തിനൊരു മുറം പച്ചക്കറി, ഇന്ത്യയില്‍ ആദ്യമായി നെല്‍ക്കര്‍ഷകര്‍ക്ക് റോയല്‍റ്റി, സുഭിക്ഷകേരളം പദ്ധതി, ജൈവകാര്‍ഷിക മുറകളുടെ വ്യാപനം, നമ്മുടെ നെല്ല് നമ്മുടെ അന്നം പദ്ധതി, ഫയലില്‍ നിന്ന് വയലിലേക്ക്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍കളെ കാര്‍ഷികസംസ്കാരത്തിലേക്ക് കൊണ്ടുവന്ന പാഠം ഒന്ന് പാടത്തേക്ക്, ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, തരിശുനിലകൃഷി വ്യാപനം എന്നിവയുള്‍പ്പെടെ കൃഷി മന്ത്രിയായിരിക്കെ ആവിഷ്കരിച്ച് നടപ്പിലാക്കി. വൈഗ (Val­ue Addi­tion for Income Gen­er­a­tion in Agri­cul­ture-VAIGA) എന്ന പേരില്‍ ആരംഭിച്ച അന്താരാഷ്ട്ര കാര്‍ഷിക‑കാര്‍ഷികാധിഷ്ഠിത സംരംഭക പ്രദര്‍ശനം സ്ഥിരം സംവിധാനമായി മാറി. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതും മാരകകീടനാശിനികള്‍ നിയമം മൂലം നിരോധിച്ചതും അക്കാലത്താണ്.

മികച്ച കൃഷി മന്ത്രിക്കുള്ള പി ടി ചാക്കോ പുരസ്കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡ്, മികച്ച നിയമസഭാ സാമാജികനുള്ള ശങ്കരനാരായണന്‍ തമ്പി പുരസ്കാരം, ഡോ. കെ കെ രാഹുലന്‍ പുരസ്കാരം, പൗലോസ് താക്കോല്‍ക്കാരന്‍ പുരസ്കാരം, തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ അവാര്‍ഡ്, കൃഷ്ണന്‍ കണിയാംപറമ്പില്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി.

അഡ്വ. രേഖ സുനില്‍കുമാറാണ് ജീവിത പങ്കാളി. മകന്‍ നിരഞ്ജന്‍കൃഷ്ണ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ എംഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയാണ്.

Eng­lish Summary:
Lok Sab­ha Elec­tions: Pan­nyan, Ani­ra­ja, Arun Kumar, Sunil Kumar CPI Candidates

You may also like this video:

Exit mobile version