Site iconSite icon Janayugom Online

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ ലോക്സഭാ പാസാക്കി

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ (വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ‑ഗ്രാമീണ്‍ ബില്‍ ) ലോക്സഭ പാസാക്കി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധജിയുടെ പേര് നീക്കിയതിനെതിരേയും പുതിയ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്‍ ലോക്സഭയില്‍ പാസായത്. 

സഭയില്‍ പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, ബില്ലിന്മേല്‍ ദീര്‍ഘമായ ചര്‍ച്ച നടന്നതായി സ്പീക്കര്‍ സഭയെ അറിയിച്ചു. ഇതോടെയാണ് പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തുടര്‍ന്ന് ബില്ലിന്റെ പകര്‍പ്പുകള്‍ കീറിയെറിയുകയുംചെയ്തു.തൊഴിലുറപ്പ് ബില്ലില്‍ നേരത്തേ ഗാന്ധിജിയുടെ പേര് ചേര്‍ത്തത് 2009‑ലെ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചിട്ടാണെന്നായിരുന്നു കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സഭയില്‍ പറഞ്ഞത്.

തൊഴിലുറപ്പ് ബില്ലില്‍ ആദ്യം മഹാത്മാഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് 2009‑ല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വോട്ട് ലഭിക്കാനായാണ് ബാപ്പുവിന്റെ പേര് കോണ്‍ഗ്രസ് ഓര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി കൃത്യമായും ശക്തമായും നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയില്‍ പാസായതോടെ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ ഇനി രാജ്യസഭയില്‍ അവതരിപ്പിക്കും.

Exit mobile version