2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി വിരുദ്ധ ഫെഡറല്‍ മുന്നണിയെന്ന ആവശ്യത്തിന് പിന്തുണയേറുന്നു.തെലങ്കാന മുഖ്യന്ത്രിയും ടി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവുവിനെ ചുറ്റിപ്പറ്റിയാണ് ഫെഡറല്‍ മുന്നണി രൂപീകരണം നടക്കുന്നത്.ബീഹാറിലെ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ ജെ ഡി) നേതാവുമായ തേജസ്വി യാദവ്, കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തി ചന്ദ്രശേഖരറാവുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പിയ്‌ക്കെതിരെ പ്രാദേശികപാര്‍ട്ടികളുടെ കൂട്ടായ്മയ്ക്കാണ് കെ സി ആറിന്റെ ശ്രമം. ദിവസങ്ങള്‍ക്ക് മുന്‍പ് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ കെ സി ആര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
ലാലുവിന്റെ ആരോഗ്യകാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടൊപ്പം സജീവ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം മടങ്ങിവരേണ്ടതിന്റെ ആവശ്യകതയും കെ സി ആര്‍ പങ്കുവെച്ചതായാണ് വിവരം. ലാലുപ്രസാദ് യാദവിനെ പോലൊരു നേതാവിന്റെ അനുഭവസമ്പത്തും കഴിവും ഏതൊരു മുന്നണിയ്ക്കും മുതല്‍ക്കൂട്ടാവുമെന്നാണ് കെ ചന്ദ്രശേഖരറാവുവിന്റെ വിശ്വാസം. അതേസമയം ബി ജെ പി മുക്ത ഭാരതം എന്നതിലേക്ക് മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ സഖ്യം രൂപീകരിക്കാനുള്ള കെ സി ആറിന്റെ ശ്രമങ്ങളെ ലാലു പ്രസാദ് യാദവ് അഭിനന്ദിച്ചതായാണ് വിവരം. ബീഹാര്‍ മുന്‍ മന്ത്രി അബ്ദുള്‍ ബാരി സിദ്ദിഖി, മുന്‍ എം എല്‍ എമാരായ സുനില്‍ സിംഗ്, ഭോല യാദവ് എന്നിവര്‍ക്കൊപ്പമാണ് തേജസ്വി യാദവ് ഹൈദരാബാദിലെത്തിയത്.
ബി ജെ പിയെ പരാജയപ്പെടുത്താന്‍ കൈകോര്‍ക്കണമെന്നും വിശദമായ തന്ത്രം മെനയേണ്ടത് പ്രധാനമാണെന്നും നേതാക്കള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ കെ സി ആറിന്റെ മകനും തെലങ്കാന ഐ ടി മന്ത്രിയുയ കെ ടി രാമ റാവുവും രാജ്യസഭാ എം പി ജോഗിനപ്പള്ളി സന്തോഷും പങ്കെടുത്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ്സി പി ഐ, സി പി ഐ എം, നേതാക്കളുമായും കെ സി ആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.സി പി ഐ ദേശീയ സെക്രട്ടറി ഡി രാജയും ബിനോയ് വിശ്വവും ചന്ദ്രശേഖര റാവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രണ്ടുമണിക്കൂറോളം സി പി ഐ നേതാക്കളുമായി കെ സി ആര്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഹൈദരബാദിലെ കേന്ദ്രകമ്മിറ്റിയ്ക്കിടെ കെ സി ആറിനെ കണ്ട് സംസാരിച്ചിരുന്നു.
പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണിക്കുള്ള നീക്കം ചന്ദ്രശേഖര്‍ റാവു തന്നെയാണ് യോഗത്തില്‍ അവതരിപ്പിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, 2018‑ല്‍ ബി ജെ പി- കോണ്‍ഗ്രസ് വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ കെ സി ആര്‍ സമാനമായ ശ്രമം നടത്തിയിരുന്നു. ഇതിനായി രാജ്യത്തുടനീളം പലനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും മുന്നണി രൂപീകരണം സാധ്യമായിരുന്നില്ല.
കഴിഞ്ഞ മാസം കെ സി ആറും കുടുംബവും തമിഴ്നാട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ വാദി പാര്‍ട്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി എന്‍സിപി നേതാവ് ശരത് പവാര്‍ രംഗത്തു വന്നിട്ടുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസിനും, ബിജെപിക്കും ബദലായി ആംആദ്മി പാര്‍ട്ടി രംഗത്തുണ്ട്. ഗോവയില്‍ തൃണമൂലും, ആംആദ്മിയും ബിജെപിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
യുപിയില്‍ ബിജെപിയേയും , ആദിത്യനാഥിനേയും വെല്ലുവിളിച്ചും, ബിജെപി കേന്ദ്ര നേതാക്കളെ ഞെട്ടിച്ചും മന്ത്രിമാരും, എംഎല്‍എമാരും രാജി വെച്ചാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുവരുന്നത്. രാജ്യത്ത് കോണ്‍ഗ്രസ്- ബിജെപി വിരുദ്ധ മുന്നണിക്ക് അനുകൂലമായ രാഷട്രീയസാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്.
English Summary: Lok Sabha polls: Support for anti-Congress-BJP alliance
You may like this video also