പ്രതിപക്ഷവും ഭരണപക്ഷവും നിരന്തരം പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നതില്‍ അതൃപ്തി അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. സാമാജികര്‍ സഭയുടെ അന്തസിനനുസരിച്ച് പെരുമാറാത്തപക്ഷം സഭാനടപടികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ബുധനാഴ്ച ലോക്‌സഭ നടപടികളില്‍ നിന്ന് അദ്ദേഹം മാറി നിന്നിരുന്നു.
കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സഭ ആദ്യം രണ്ടുമണി വരെയും പിന്നീട് അന്നത്തേക്കും പിരിയുകയായിരുന്നു. മാസങ്ങളായി നടക്കുന്ന മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുന്നത്. സഭാനടപടികള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപി അംഗം കിരീട് സോളങ്കി അംഗങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടെങ്കിലും കനത്ത പ്രതിഷേധം തുടര്‍ന്നതോടെ സഭ പിരിയുകയായിരുന്നു.
നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ 2023 പാസാക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും സഭാ നടപടികള്‍ നിര്‍ത്തിവച്ചതിനാല്‍ പാസാക്കാനായില്ല. ചൊവ്വാഴ്ചയും ബില്ലുകള്‍ പാസാക്കുന്ന വേളയിലെ പ്രതിപക്ഷത്തിന്റെയും ട്രഷറി ബഞ്ചിന്റെയും പെരുമാറ്റത്തില്‍ ബിര്‍ള അതൃപ്തി അറിയിച്ചിരുന്നു.
English Summary: Will not come to Lok Sabha until MPs behave’, says speaker Om Birla amid disruptions in Parliament
You may also like this video