പ്രവാസി സമൂഹത്തിന്‍റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളുമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ കാരണങ്ങളാൽ മുഖ്യമന്ത്രി ലോക കേരള സഭയില്‍ നിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രിയുടെ സന്ദേശം മൂന്നാം ലോക കേരള സഭയിൽ മന്ത്രി പി രാജീവ് വായിക്കുകയായിരുന്നു. ദീർഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്നത്. പുതിയ കർമ്മ പദ്ധതികൾ വേണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.
പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്, കേരളത്തിന്റെ വികസനത്തിൽ പ്രവാസികളെ കൂടി ഉൾപ്പെടുത്താൻ സാധിച്ചു,സമഗ്രമായ കുടിയേറ്റ നിയമം വേണം. പ്രവാസികളോട് സംസ്ഥാന സർക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. ഇത് മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് അനിവാര്യമാണ്. 17 ലക്ഷം പ്രവാസികളാണ് കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ലോക കേരള സഭക്കെതിരായ വിമർശനങ്ങളിൽ സ്പീക്കർ എം ബി രാജേഷ് മറുപടി പറയുകയുണ്ടായി.ലോക കേരള സഭ പാഴ് ചെലവല്ല, വിമർശനങ്ങൾ അധിക്ഷേപത്തിന്റെ പരിധിയിലേക്ക് എത്തുന്നു. ഭക്ഷണത്തിന്റെ കണക്ക് പോലും ഇത്തരക്കാർ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.പ്രവാസികളിൽ നിന്ന് ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്ന് മാത്രം ചിന്തിക്കുന്നത് മനോഭാവത്തിന്റെ പ്രശ്നമാണ്.പ്രവാസികൾക്ക് നാം എന്ത് കൊടുക്കുന്നു എന്ന് കൂടി ചിന്തിക്കണം.ക്ഷണിച്ച് വരുത്തി അപമാനിക്കുന്ന രീതി ശരിയല്ലെന്ന് വിമർശകർ ഓർക്കണമെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.
English Summary:Loka Kerala Sabha; The problems faced by the expatriates could be solved: CM
You may also like this video