Site iconSite icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സുസജ്ജമായി എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനും ഏറെ മുമ്പേ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ബൂത്ത്, മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് ഉടന്‍ തുടക്കമാകും. യുഡിഎഫില്‍ സീറ്റ് തര്‍ക്കവും പ്രശ്നങ്ങളും നിലനില്‍ക്കുമ്പോഴാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് ബഹുദൂരം മുന്നിലെത്തിയിരിക്കുന്നത്. സിപിഐ സ്ഥാനാര്‍ത്ഥികളെ തിങ്കളാഴ്ചയും സിപിഐ(എം) സ്ഥാനാര്‍ത്ഥികളെ  പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി.

കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്ന കോട്ടയത്ത് കഴിഞ്ഞയാഴ്ച തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ക്ക് സ്വീകാര്യരായ, അവരോടൊപ്പം നില്‍ക്കുന്ന കരുത്തരായ നേതാക്കളാണ് എല്‍ഡിഎഫിനായി മത്സരരംഗത്തുള്ളത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായ ഉടന്‍ തന്നെ മണ്ഡലങ്ങളില്‍ പ്രചാരണപരിപാടികള്‍ സജീവമാക്കി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കഴിഞ്ഞു.

തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര, കോട്ടയം സ്ഥാനാര്‍ത്ഥികള്‍ ഇന്നലെ മുതല്‍ റോഡ്ഷോകളുള്‍പ്പെടെ ഒരുക്കി സജീവമായി പ്രചാരണരംഗത്തിറങ്ങി. വയനാട് സ്ഥാനാര്‍ത്ഥി മാര്‍ച്ച് ഒന്നിനേ എത്തുകയുള്ളെങ്കിലും പ്രവര്‍ത്തകര്‍ പ്രചാരണം ശക്തമാക്കി. മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചതോടെ ഇന്നുമുതല്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം 20 മണ്ഡലങ്ങളിലും കൂടുതല്‍ സജീവമാകും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയപ്പോള്‍, നേതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളും ലീഗുമായുള്ള മൂന്നാം സീറ്റ് തര്‍ക്കവുമായി കുഴഞ്ഞു കിടക്കുകയാണ് യുഡിഎഫ്. മൂന്നാം മുന്നണിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ സ്ഥാനാര്‍ത്ഥിമോഹികളുടെ തമ്മിലടി തുടങ്ങിയിട്ടേയൂള്ളൂ.

എൽഡിഎഫ് സ്ഥാനാർഥികൾ

കാസർകോഡ് — എം വി ബാലകൃഷ്ണൻ (സിപിഐ എം‍)
കണ്ണൂർ — എം വി ജയരാജൻ (സിപിഐ എം‍)
വടകര — കെ കെ ശെെലജ (സിപിഐ എം‍)
വയനാട് — ആനി രാജ (സിപിഐ)
കോഴിക്കോട് — എളമരം കരീം (സിപിഐ എം‍)
മലപ്പുറം — വി വസീഫ് (സിപിഐ എം‍)
പൊന്നാനി — കെ എസ് ഹംസ (സിപിഐ എം‍)
പാലക്കാട് — എ വിജയരാഘവൻ (സിപിഐ എം‍)
ആലത്തൂർ — കെ രാധാകൃഷ്ണൻ (സിപിഐ എം‍)
തൃശൂർ — വി എസ് സുനിൽകുമാർ (സിപിഐ)
ചാലക്കുടി — സി രവീന്ദ്രനാഥ് (സിപിഐ എം‍)
എറണാകുളം — കെ ജെ ഷെെൻ (സിപിഐ എം‍)
ഇടുക്കി — ജോയ്സ് ജോർജ് (സിപിഐ എം‍)
കോട്ടയം — തോമസ് ചാഴിക്കാടൻ (കേരള കോൺ​ഗ്രസ് എം)
ആലപ്പുഴ — എ എം ആരിഫ് (സിപിഐ എം‍)
മാവേലിക്കര — സി എ അരുൺകുമാർ (സിപിഐ )
പത്തനംതിട്ട — ഡോ. ടി എം തോമസ് ഐസക് (സിപിഐ എം‍)
കൊല്ലം — എം മുകേഷ് (സിപിഐ എം‍)
ആറ്റിങ്ങൽ — വി ജോയി (സിപിഐ എം‍)
തിരുവനന്തപുരം — പന്ന്യൻ രവീന്ദ്രൻ (സിപിഐ)

ബിജെപിയെ താഴെയിറക്കുക ലക്ഷ്യം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബിജെപി വിരുദ്ധവോട്ടുകൾ ഏകോപിപ്പിച്ച് അവരെ അധികാരത്തിൽനിന്നും മാറ്റി നിർത്താനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി മുന്നേറിയെന്ന പ്രചാര വേല കോർപറേറ്റ് മാധ്യമങ്ങൾ നടത്തുന്നുണ്ട്. അത് ശരിയല്ല. ഇന്ത്യയെന്ന പൊതുവേദി രൂപീകരിച്ചതിലൂടെ ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുകയാണ് ലക്ഷ്യം. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾ അനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. 20 സീറ്റുകളിലും എല്‍ഡിഎഫ് വിജയിക്കും.

ഇവിടെ പ്രതിപക്ഷം എല്ലാ വികസനപ്രവർത്തനങ്ങളെയും എതിർക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനെയുൾപ്പെടെ എതിർത്ത് ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് ഇടതുപക്ഷം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ട്. പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധി വരുമെന്ന് ആരും വിശ്വസിക്കുന്നില്ല. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന മുദ്രാവാക്യം വരുമ്പോള്‍ രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടത് കേരളത്തിലല്ല. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും ലഭിക്കാന്‍ ഉള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: loksab­ha cpim candidates
You may also like this video

Exit mobile version