പ്രവാചകനിന്ദാക്കേസില്‍ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാല് തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നൂപുര്‍ ശര്‍മയുടെ പരാമര്‍ശം കാരണമായതായി കൊല്‍ക്കത്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ ശര്‍മയുടെ ആവശ്യം കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അംഹെസ്റ്റ് സ്ട്രീറ്റ്, നര്‍കേല്‍ദംഗ പൊലീസ് സ്റ്റേഷനുകളിലാണ് നൂപുറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരു സ്റ്റേഷനുകളില്‍ നിന്നും രണ്ടുതവണ വീതം സമന്‍സ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ഡല്‍ഹിയിലെ കേസില്‍ നൂപുര്‍ ശര്‍മ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഒരുതവണ ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും സുപ്രീം കോടതി നൂപുര്‍ ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാത്തതിലും പൊലിസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നബി വിരുദ്ധ പരാമര്‍ശത്തില്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പശ്ചാത്തലത്തിലാണ് നൂപുര്‍ ശര്‍മ സുപ്രീം കോടതിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നൂപുര്‍ ശര്‍മയ്ക്ക് എതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് നൂപുര്‍ ശര്‍മ ഹര്‍ജി പിന്‍വലിച്ചിരുന്നു.
English Summary:Lookout notice against Nupur Sharma
You may also like this video