Site iconSite icon Janayugom Online

ഭാഗ്യക്കുറി ടിക്കറ്റും പണവും മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റില്‍

നഗരത്തിലെ ഭാഗ്യക്കുറി വിൽപ്പനശാലയിൽ നിന്ന് 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റും പതിനായിരത്തോളം രൂപയും മോഷ്ടിച്ച കേസിൽ പ്രതിയെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.തുറവൂർ വളമംഗലം മല്ലികശേരി എസ്ധനേഷ് കുമാർ (40)നെയാണ് തുറവൂരിൽ നിന്ന് ചേർത്തല സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചേർത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശം കണിച്ചുകുളങ്ങര പള്ളിക്കാവ് വെളി ലത ബാബുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപ്പനശാലയിൽ 20 ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയ്ക്ക് വടക്കു ഭാഗത്തുള്ള ജനൽ പാളി തുറന്ന് കമ്പി അറുത്ത് മാറ്റി ഉള്ളിലുണ്ടായിരുന്ന ഇരുമ്പിന്റെ ഗ്രിൽ തകർത്താണ് ധനേഷ് കുമാർ അകത്തു കടന്നത്.ഭാഗ്യധാര,ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി, ബുധനാഴ്ച നടുക്കെടുക്കുന്ന ധനലക്ഷ്മി, പൂജ ബംപർ എന്നിവയുടെ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. കടയിലേയും സമീപത്തേയും സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ നിന്നും മോഷ്ടിച്ച ഭാഗ്യക്കുറികൾ തൃശൂർ,ഗുരുവായൂർ, മലപ്പുറം, കോഴിക്കാട് കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ വിൽപന നടത്തിയിരുന്നു. കൊയിലാണ്ടിയിലെ ഭാഗ്യക്കുറി വിൽപ്പന ശാലയിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ധനേഷ് കുമാറിനെ തിരിച്ചറിഞ്ഞത്. മോഷണം നടത്തിയ കടയിൽ ആറുമാസം മുൻപ് ഷട്ടർ പൊളിച്ച് അകത്തുകടക്കാൻ ശ്രമിച്ചിരുന്നു.ഈ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.ചേർത്തല,കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ധനേഷ്. പ്രതിയെ ഇന്നലെ വൈകിട്ട് മോഷണം നടത്തിയ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.നാളെ കോടതിയിൽ ഹാജരാക്കും.

Exit mobile version