Site iconSite icon Janayugom Online

ഉച്ചഭാഷിണി വിവാദവും ജീവിക്കാനുള്ള അവകാശവും

ഹിജാബ്, ഹലാൽ മാംസാഹാരം, ക്ഷേത്ര പരിസരങ്ങളിലും ഉത്സവപ്പറമ്പുകളിലും അന്യമതസ്ഥർക്കുള്ള നിരോധനം എന്നിവയിൽ തുടങ്ങിയ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിന് മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികൾ പുതിയ ആയുധമായി മാറിയിരിക്കുന്നു. കർണാടകയിൽ ആരംഭിച്ച, മുസ്‌ലിം പള്ളികളിൽനിന്നും പ്രാർത്ഥനാ അറിയിപ്പായ അസാന് അഥവാ വാങ്കുവിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യം ഹിജാബിൽ എന്നതുപോലെ ആ സംസ്ഥാനത്തിന്റെ അതിർത്തികളും ഭേദിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അശാന്തിയുടെയും കലാപത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ബിജെപിയും വിവിധ സംഘ്പരിവാർ സംഘടനകളും അതിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി കണ്ടപ്പോൾ അത് വലിയ അളവിൽ ഹിന്ദു ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾക്കും വിനയായി മാറുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. ഉച്ചഭാഷിണി വിവാദം ഒരു രാഷ്ട്രീയ ദൗത്യമായി ഏറ്റെടുത്ത് വാർത്തയിൽ സ്ഥാനം പിടിച്ചത് മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സമിതിയാണ്. രാജ്, ഉദ്ധവ് താക്കറെമാർ തമ്മിൽ ശിവസേന പൈതൃകത്തിനും അധികാരത്തിനും വേണ്ടി തുടർന്നുവരുന്ന പോര് മുതലെടുക്കാനും വിദ്വേ­ഷത്തിൽ അധിഷ്ഠിതമായ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് മുതൽകൂട്ടാനുമുള്ള അവസരമായാണ് ബിജെപി ദേശീയ, സംസ്ഥാന നേതൃത്വം അതിനെ കാണുന്നത്. എൻഡിഎ പാളയം വിട്ട് എൻസിപി, കോൺഗ്രസ് എന്നിവക്കൊപ്പം ശിവസേന രൂപം നൽകിയ മഹാരാഷ്ട്ര വികാസ് അഘാടിയെ (എംവിഎ) അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഉതകുന്ന വർഗീയ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ബിജെപിയും സംഘ്പരിവാറും. ഉച്ചഭാഷിണികളുടെ വിവേചനരഹിതമായ ഉപയോഗം തടയണമെന്ന ആവശ്യം കാലമേറെ പഴക്കമുള്ള ഒന്നാണ്. മതത്തിന്റെ പേരിലാകുമ്പോൾ അത്തരം ദുരുപയോഗത്തിനെതിരെ ഉയരുന്ന വിവേകത്തിന്റെ ശബ്‍ദങ്ങൾ പലപ്പോഴും പുച്ഛിക്കപ്പെടുകയും അവഗണിക്കപ്പെടുകയും പ­തിവാണ്. രാഷ്ട്രീയ, സാ­മൂഹിക ആവശ്യങ്ങ­ൾക്കു വേ­ണ്ടി ഉച്ചഭാഷിണികൾ ഉപയോഗിക്കുമ്പോൾ നിയമാനുസൃത അനുമതി കൂടാതെ കഴിയില്ല. ഉച്ചഭാഷിണിയുടെ മതപരമായ ആവശ്യങ്ങൾക്കുള്ള ഉപയോഗം സംബന്ധിച്ചു സു­പ്രീം കോടതി വ്യക്തമായ നി­ർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കാം; വിദ്വേഷ പ്രചാരകരും മൗനത്തിന്റെ വത്മീകത്തില്‍ കഴിയുന്നവരും


പൗരന്മാരെ ഉച്ചഭാഷിണി ഉപയോഗിച്ച് നിർബന്ധിത കേള്‍വിക്കാരാക്കാൻ ആർക്കും അവകാശമില്ല. ഉച്ചഭാഷിണി സംബന്ധിച്ച നിയമം വ്യാഖ്യാനിക്കുമ്പോൾ ഏതെങ്കിലും മതത്തെയോ മതാചാരത്തെയോ പരിഗണിക്കുന്നേ ഇല്ലെന്നു 2005ലെ സുപ്രീം കോടതി വിധി അസന്ദിഗ്ധമായി പറയുന്നു. ശബ്ദശല്യം കൂടാതെ ജീവിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമായി കോടതി വിലയിരുത്തുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള പൗരന്റെ അവകാശമാണ് അതെന്നും കോടതിവിധി അടിവരയിടുന്നു. അതുകൊണ്ടുതന്നെ ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമെന്യേ ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കാൻ നിയമപാലകർ ബാധ്യസ്ഥരാണ്. തങ്ങളുടെ മതാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി ഉച്ചഭാഷിണി വിവേചനരഹിതമായി ഉപയോഗിക്കുന്നവർ മുസ്‌ലിം മത ന്യൂനപക്ഷം മാത്രമല്ല. ഹിന്ദുക്ഷേത്രങ്ങളും, ഒരുപരിധിവരെ ക്രിസ്ത്യൻ ദേവാലയങ്ങളും ഇതര മതങ്ങളും വിവേചനരഹിതമായി ഉച്ചഭാഷിണികൾ ഉപയോഗിച്ചുവരുന്നുണ്ട്. അവയുടെ ന്യായമായ ഉപയോഗം അംഗീകരിക്കുമ്പോൾത്തന്നെ അവയുടെമേൽ നിയമപരമായ നിയന്ത്രണം അനിവാര്യമാണ്. ഇപ്പോൾ തീവ്ര ഹിന്ദുത്വ നിലപാടുകൾ ഉച്ചഭാഷണികൾക്കുമേൽ നിയമപരമായ നിയന്ത്രണത്തിന് വഴിയൊരുക്കിയിരിക്കുന്നു എന്നത് സ്വാഗതാർഹമാണ്. പതിനാറ് വർഷങ്ങൾക്കുമുമ്പുള്ള സുപ്രീം കോടതിവിധി ഇപ്പോൾ പൊടിതട്ടിയെടുക്കാൻ സഹായകമായത് ഉച്ചഭാഷിണി സംബന്ധിച്ച തീവ്ര ഹിന്ദുത്വ വിവാദമാണ്. ഫലമാകട്ടെ ഉത്തർപ്രദേശിൽ മാത്രം ഇതിനകം വലിയ ഒച്ചപ്പാടുകൾ ഒന്നുംകൂടാതെ അറുപതിനായിരത്തില്പരം മതസ്ഥാപനങ്ങളിൽനിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാനോ അല്ലെങ്കിൽ അവയുടെ ശബ്‍ദം അത്തരം സ്ഥാപനങ്ങൾക്കുള്ളിൽ ഒതുങ്ങുംവിധം നിയന്ത്രിക്കാനോ കഴിഞ്ഞിരിക്കുന്നു. അത്തരത്തിൽ നിയന്ത്രണവിധേയമായവയിൽ മുഖ്യമന്ത്രി ആദിത്യനാഥ് മുഖ്യപൂജാരി ആയിരുന്ന ഗോരഖ്നാഥ് ക്ഷേത്രവും ഉൾപ്പെടുന്നു. ഉച്ചഭാഷിണി വിവാദത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള മുംബൈ നഗരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്ന 2400 ഹൈന്ദവ ക്ഷേത്രങ്ങളിൽ 24 എണ്ണത്തിന് മാത്രമേ അത് ഉപയോഗിക്കാൻ അനുമതിയുള്ളു എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. നഗരത്തിലെ 1140 മുസ്‌ലിം പള്ളികളിൽ 950 എണ്ണത്തിന് ഉച്ചഭാഷിണിക്ക് അനുമതിയുണ്ട്. ഇവിടെയാണ് വിദ്വേഷ രാഷ്ട്രീയത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നത്.

You may also like this video;

Exit mobile version