Site iconSite icon Janayugom Online

പ്രണയ നൈരാശ്യം; തൃശൂരില്‍ യുവാവ് യുവതിയുടെ വീട്ടിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തു

പ്രണയ നൈരാശ്യം മൂലം തൃശൂര്‍ കുട്ടനെല്ലൂരില്‍ യുവാവ് യുവതിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ ശാന്തിനഗര്‍ സ്വദേശി അര്‍ജുന്‍ ലാലാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മുന്നില്‍ വച്ച് സ്വന്തം ശരീരത്തില്‍ പെട്രോളൊഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നു. അര്‍ജുന്‍ ലാലും യുവതിയും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. 

ഇതിനിടയില്‍ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു. ഇത് ചോദ്യം ചെയ്തതോടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍, കുടുംബം ഇതിനെതിരെ പരാതിപ്പെടാനുള്ള നീക്കം നടത്തി. ഇതറിഞ്ഞതോടെയാണ് ഇയാള്‍ യുവതിയുടെ വീട്ടിൽ ആത്മഹത്യ ചെയ്യാൻ എത്തിയത് . തുടർന്ന് ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. ഇതിനു ശേഷമാണ് വീടിന്റെ വരാന്തയിൽവച്ച് യുവാവ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഇന്നലെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ യുവാവ് ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് തൃശൂരിലേക്ക് പോയത്. എന്നാൽ വഴിയിൽ വച്ച് പെട്രോൾ വാങ്ങിയ ശേഷം ഇയാൾ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. പൊള്ളലേറ്റ സ്ഥിതിയിൽ ഇയാളെ കണ്ട് യുവതിയുടെ വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version