ലൗ ജിഹാദ് കേസ് ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാവിന് നാലുവർഷങ്ങൾക്ക് ശേഷം ജയിൽ മോചനം. 2019ലെ കേസിൽ ജയിലിലടച്ച യുവാവിനെ കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതിയാണ് കുറ്റവിമുക്തനാക്കിയത്. സെഷന്‍സ് ജഡ്ജി പ്രിയ കെ ആണ് കുറ്റവിമുക്തനാക്കുന്ന ഉത്തരവിറക്കിയത്. ലൗ ജിഹാദെന്ന ആരോപണം നിലനിൽക്കില്ലെന്നും പീഡനം നടന്നിട്ടില്ലെന്നും കോടതി പറഞ്ഞു.
കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ജാസിം സഹപാഠിയെ സരോവരം പാർക്കിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. മതംമാറ്റം ലക്ഷ്യമാക്കിയുള്ള ലൗ ജിഹാദാണ് ഉണ്ടായതെന്നും ആരോപണമുണ്ടായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ മുഹമ്മദ് ജാസിമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
എന്നാല്‍ ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായി യുവാവ് സ്നേഹത്തിലായിരുന്നുവെന്നും ഇതാണ് ആരോപണത്തിന് പിന്നിലെന്നും ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. സിസിടിവിയിലെ ദൃശ്യങ്ങളിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ തെളിവുകളില്ലെന്നും ജാസിമുമായി സംസാരിച്ച് പെൺകുട്ടി കാറിൽക്കയറിപ്പോയതായി ബോധ്യപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. മതമാറ്റം അടക്കമുള്ള ലക്ഷ്യങ്ങൾ യുവാവിനുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
English Summary: Love Jihad Allegation: The court acquitted the young man
You may also like this video