Site iconSite icon Janayugom Online

ലൗ ജിഹാദ്: വിദേശ പണവും മുസ്ലിം ജനസംഖ്യയും കാരണമെന്ന് ജഡ്ജി

ലൗ ജിഹാദിന് കാരണം വിദേശ പണവും മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ഗൂഢ നീക്കവുമെന്ന് ഉത്തര്‍പ്രദേശിലെ കീഴ് കോടതി ജഡ്ജി. മുഖ്യമന്ത്രി ആദിത്യനാഥിനെ പുകഴ്ത്തി വിധിന്യായത്തില്‍ പ്രസ്താവന നടത്തി വിവാദത്തിലായ ബറേലി അതിവേഗ കോടതി ജഡ്ജി രവികുമാർ ദിവാകറാണ് മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയത്.
42 പേജ് വരുന്ന വിധിന്യായത്തിലാണ് രവികുമാര്‍ കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി പ്രസ്താവം വിവാദം ഉയര്‍ത്തിയിരിക്കുകയാണ്. കേസില്‍ മുഹമ്മദ് ആലിം അഹമ്മദ് (25) എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. ബറേലിയിലെ ക്ഷേത്രത്തിൽ നടന്ന ഇരുവരുടെയും വിവാഹവും അസാധുവാക്കി.
നേരത്തെ സിവില്‍ ജഡ്ജിയായിരുന്ന സമയത്ത് ഗ്യാന്‍വാപി മസ്ജിദ് കേസില്‍ ഹിന്ദുവിഭാഗത്തിന് അനുകൂലമായി വീഡിയോ സര്‍വേ നടത്താന്‍ ഉത്തരവിട്ടതും ഇദ്ദേഹമായിരുന്നു. 

ആൾമാറാട്ടം നടത്തി ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയും ചെയ്തെന്നാരോപിച്ചാണ് യുവാവിനെതിരെ കേസെടുത്തിരുന്നത്. യുവാവിന്റെ പിതാവിനും രണ്ടു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ലൗ ജിഹാദ് രാജ്യത്തെ ദുർബലപ്പെടുത്തുമെന്നും പാകിസ്ഥാനിലും ബംഗ്ലാദേശിലുമുണ്ടായതിന് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിവാകർ വിധിയില്‍ പറയുന്നു. അതേസമയം ആലിമിനെതിരെ ജഡ്ജിക്ക് രഹസ്യമൊഴി നല്‍കുന്ന സമയത്ത് മാതാപിതാക്കളുടെ സമ്മര്‍ദത്തിലായിരുന്നുവെന്ന് പിന്നീട് യുവതി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ യുവതിയുടെ മൊഴി തള്ളിയ ജഡ്ജി ദിവാകർ യുവതി ആലിമിന്റെ സ്വാധീനത്തിലാണെന്നും നിരീക്ഷിച്ചു. വർഷങ്ങളായി മാതാപിതാക്കളിൽ നിന്ന് അകന്ന് കഴിയുന്ന പെൺകുട്ടിക്ക് എങ്ങനെ ആൻഡ്രോയിഡ് ഫോണുമായി കോടതിയിൽ വരാനും മറ്റ് ജീവിതച്ചെലവുകൾ വഹിക്കാനും കഴിയുമെന്ന വിചിത്ര നിരീക്ഷണവും ജഡ്ജി നടത്തിയിരുന്നു. 

Exit mobile version