Site iconSite icon Janayugom Online

പച്ചക്കറിക്ക്‌ വിലക്കുറവ്‌; ഇത്തവണ സമൃദ്ധിയുടെ ഓണം

സാധാരണയിൽ നിന്ന് വ്യത്യസ്തമായി പച്ചക്കറികളുടെ വിലയിൽ കാര്യമായ കുറവുണ്ടായതോടെ കേരളീയർക്ക് ഓണം വിലക്കുറവിന്റേതായി. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, കുടുംബശ്രീ ഓണച്ചന്തകളും തുറക്കുന്നതോടെ നിത്യോപയോഗ സാധനങ്ങൾക്ക് പുറമെ പച്ചക്കറികളും വിലക്കുറവിൽ ലഭിക്കും.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ വെല്ലുവിളികൾക്കിടയിലും സംസ്ഥാനത്തെ കർഷകർ ഉല്പാദിപ്പിച്ച പച്ചക്കറികൾക്കൊപ്പം തമിഴ്‌നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവ കൂടി ധാരാളമായി എത്താൻ തുടങ്ങിയതോടെയാണ് പച്ചക്കറി വിപണി സമൃദ്ധമായതും വിലയിൽ മാറ്റമുണ്ടായതും. അടുത്തകാലം വരെ ഉയർന്നു നിന്ന വില ചിങ്ങമായതോടെ വലിയ തോതിലാണ് കുറഞ്ഞത്. 

പയർ, പാവയ്ക്ക, വെണ്ടക്ക, വഴുതന, പടവലം, തക്കാളി, വെള്ളരി, ബീൻസ്, കാബേജ് തുടങ്ങിയവയുടെയൊക്കെ വില കാര്യമായി കുറഞ്ഞു. നേന്ത്രക്കായയുടെ വിലയും കുത്തനെ കുറഞ്ഞു. വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില മാത്രമാണ് സാധാരണയിൽ നിന്ന് കുറച്ച് ഉയർന്നു നിൽക്കുന്നത്. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, കുടുംബശ്രീ ഓണച്ചന്തകൾ തുറക്കുന്നതോടെ ഇവയുടേതടക്കം വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ.

പ്രമുഖ ബ്രാന്റുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 വരെ ശതമാനം വിലക്കുറവിൽ നല്‍കുന്ന സപ്ലൈകോ ഓണം ഫെയറുകളിലും സാധാരണ പച്ചക്കറികൾക്ക് പുറമെ ജൈവ പച്ചക്കറികളും ഉറപ്പാക്കിയിട്ടുണ്ട്. മൊത്തവ്യാപാരവിലയെക്കാൾ 10 മുതൽ 20 വരെ ശതമാനം വില കൂട്ടി നൽകി കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉല്പന്നങ്ങൾ വിപണി വിലയെക്കാൾ 10 മുതൽ 30 വരെ ശതമാനം വിലക്കുറവിലാണ് വില്പന. കൺസ്യൂമർ ഫെഡിന്റെയും കുടുംബശ്രീയുടെയും ഓണച്ചന്തകളിലും നല്ലയിനം പച്ചക്കറികൾ വിപണിവിലയെക്കാൾ കുറവിൽ കിട്ടും. ഇതിനുപുറമെ, 2000 കർഷകച്ചന്തകളും ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി വില്പന നടത്തുന്നതിനായി പച്ചക്കറി സ്റ്റാളുകളുമുണ്ടാകും.

Exit mobile version