Site iconSite icon Janayugom Online

തീവ്രവാദ ആക്രമണമെന്ന് ലുല; ബ്രസീലില്‍ 1500 പേര്‍ അറസ്റ്റില്‍

ബ്രസീലില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈയടക്കി അട്ടിമറി ശ്രമം നടത്തിയ 1500 കലാപകാരികളെ അറസ്റ്റ് ചെയ്തു നീക്കി. തീവ്രവലതുപക്ഷവാദികളുടെ തീവ്രവാദ ആക്രമണമാണ് രാജ്യത്തിന് നേരെയുണ്ടായതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് മുന്‍ പ്രസിഡന്റ് ബൊള്‍സൊനാരൊയുടെ അനുഭാവികള്‍ ബ്രസീല്‍ സുപ്രീം കോടതി, കോണ്‍ഗ്രസ്, പ്രസിഡന്‍ഷ്യല്‍ പാലസ് കെട്ടിടങ്ങളില്‍ അതിക്രമിച്ച് കടക്കുകയും അട്ടിമറി ശ്രമം നടത്തുകയും ചെയ്തത്. ബ്രസീലിയയിലെ സൈനികകേന്ദ്രത്തിന് പുറത്തുള്ള പ്രതിഷേധ ക്യാമ്പ് പൊളിച്ചുനീക്കിയാണ് 1500 പേരെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പൊലീസ്, സൈനിക സേന വിന്യസിക്കുകയും ചെയ്തു. 3000 പേര്‍ ഉപയോഗപ്പെടുത്തിയെന്നാണ് കണക്കാക്കുന്നത്. 

കലാപകാരികള്‍ നടത്തിയ ആക്രമണത്തിനിടെ സര്‍ക്കാര്‍ കെട്ടിടങ്ങളിലുണ്ടായിരുന്ന അമൂല്യങ്ങളായ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വാതിലുകളും ജനലുകളും തകര്‍ത്തനിലയിലാണ്. കെട്ടിടങ്ങളിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. അട്ടിമറി ശ്രമത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഇരുസഭകളിലെ നേതാക്കളുമായും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായും ലുല കൂടിക്കാഴ്ച നടത്തി. രാജ്യത്തിന് നേരെയുള്ള ക്രിമിനല്‍, തീവ്രവാദ ശ്രമങ്ങള്‍ക്കെതിരെ കടുത്തനടപടിയുണ്ടാകുമെന്ന് സംയുക്ത പ്രസ്താവനയില്‍‍ അറിയിച്ചു. 

ഇതിനിടെ അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കാനുള്ള ക്ഷണം ലുല സ്വീകരിച്ചതായി യുഎസ് അറിയിച്ചു. ലുല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ബൊള്‍സൊനാരൊ ഫ്ലോറിഡയിലേക്ക് കടന്നിരുന്നു. കലാപം ആസൂത്രണം ചെയ്തുവെന്ന ആരോപണം ബൊള്‍സൊനാരൊ തള്ളി. കടുത്ത വയറുവേദനയെ തുടര്‍ന്ന് ബൊള്‍സൊനാരൊയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇറ്റലി പൗരത്വത്തിനായി ബൊള്‍സൊനാരൊ ശ്രമിക്കുന്നതായും ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Eng­lish Summary;Lula called it a ter­ror­ist attack; 1500 peo­ple arrest­ed in Brazil
You may also like this video

Exit mobile version