Site icon Janayugom Online

ചാന്ദ്ര ദൗത്യങ്ങള്‍ 111 ; വിജയം കണ്ടത് 62

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ നടത്തിയ 111 ചാന്ദ്ര ദൗത്യങ്ങളിൽ 62 എണ്ണം വിജയിച്ചതായി നാസ. 41 എണ്ണം പരാജയപ്പെട്ടു, എട്ടെണ്ണം ഭാഗികമായി വിജയിച്ചതായി കണക്കാക്കാമെന്നും യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വിലയിരുത്തുന്നു.
ഇന്ത്യുയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപണം വിജയകരമായിരുന്നു. ചന്ദ്രനിലേക്കുള്ള യാത്രയിലാണ് പേടകം. അടുത്ത മാസം 23ന് വൈകുന്നേരം 5.47ന് ചന്ദ്രയാന്‍-3 ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് പ്രതീക്ഷ. റോക്കറ്റുകൾ ഭൂമിയുടെ ഗുരുത്വാകർഷണ മണ്ഡലത്തിൽ നിന്ന് പുറത്തുപോകുമ്പോൾ ഉണ്ടാകുന്ന അനിശ്ചിതത്വങ്ങൾ കാരണം ചാന്ദ്ര ദൗത്യങ്ങളുടെ വിജയനിരക്ക് ഏകദേശം 50 ശതമാനമാണെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ പറഞ്ഞു.
1958 മുതൽ 2023 വരെ ഇന്ത്യയും യുഎസ്, യുഎസ്എസ്ആർ (ഇപ്പോൾ റഷ്യ), ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ചൈന, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങള്‍ വ്യത്യസ്ത ചാന്ദ്ര ദൗത്യങ്ങൾ നടത്തി. ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യം-പയനിയർ 0- 1958 ഓഗസ്റ്റ് 17ന് യുഎസ് വിക്ഷേപിച്ചു. എന്നാല്‍ അത് വിജയിച്ചില്ല. അതേ വർഷം തന്നെ യുഎസ്എസ്ആറും യുഎസും ചേർന്ന് ആറ് ദൗത്യങ്ങൾ കൂടി നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.
1959 ജനുവരി രണ്ടിന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ 1 ഭാഗിക വിജയം നേടി. ആദ്യത്തെ ‘മൂൺ ഫ്ലൈബൈ’ ദൗത്യം കൂടിയായിരുന്നു അത്. 1964 ജൂലൈയിൽ യുഎസ് നടത്തിയ റേഞ്ചർ 7 ദൗത്യമാണ് ചന്ദ്രന്റെ ക്ലോസപ്പ് ചിത്രങ്ങൾ ആദ്യമായി പകര്‍ത്തിയത്. 1966 ജനുവരിയിൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലൂണ 9 ആണ് ചന്ദ്രോപരിതലത്തില്‍ ആദ്യമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ചന്ദ്രോപരിതലത്തിലെ ആദ്യ ചിത്രങ്ങളെടുത്തതും ഈ ദൗത്യത്തില്‍ തന്നെയാണ്. അഞ്ച് മാസത്തിന് ശേഷം 1966 മേയില്‍ സർവേയർ‑1 എന്ന പേരിൽ സമാനമായ ഒരു ദൗത്യം യുഎസ് വിജയകരമായി വിക്ഷേപിച്ചു. 1969 ജൂലൈയിലെ അപ്പോളോ 11 ദൗത്യം,മനുഷ്യർ ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ നാഴികക്കല്ലായ പര്യവേഷണമായിരുന്നു. നീൽ ആംസ്ട്രോങ്ങിന്റെ നേതൃത്വത്തിലായിരുന്നു മൂന്ന് സംഘങ്ങളുള്ള ആ ദൗത്യം വിജയിച്ചത്.
1958 മുതല്‍ 1979 വരെയുള്ള 21 വര്‍ഷങ്ങളില്‍ ചാന്ദ്രദൗത്യരംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചത് യുഎസും യുഎസ്എസ്ആറും മാത്രമായിരുന്നു. 90 ദൗത്യങ്ങളാണ് ഇക്കാലയളവില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് നടത്തിയത്. 1980–89 കാലയളവില്‍ ആരും തന്നെ ബഹിരാകാശ ദൗത്യങ്ങള്‍ നടത്തിയില്ല. ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ചൈന, ഇന്ത്യ, ഇസ്രയേൽ എന്നീ രാജ്യങ്ങൾ പിന്നീടാണ് ചാന്ദ്ര ദൗത്യങ്ങള്‍ ആരംഭിച്ചത്. 1990 ജനുവരിയിൽ ജപ്പാൻ ഹിറ്റൻ എന്ന ഓർബിറ്റർ ദൗത്യം വിക്ഷേപിച്ചു. ജപ്പാന്റെ ആദ്യത്തെ ചാന്ദ്രദൗത്യം കൂടിയായിരുന്നു ഇത്. അതിനുശേഷം 2007 സെപ്റ്റംബറിൽ ജപ്പാൻ മറ്റൊരു ഓർബിറ്റർ ദൗത്യമായ സെലീനെ വിക്ഷേപിച്ചു.
2000–2009 കാലഘട്ടത്തിൽ ആറ് ചാന്ദ്ര ദൗത്യങ്ങള്‍ക്ക് ലോകം സാക്ഷ്യയായി. യൂറോപ്പ് (സ്മാർട്ട്-1), ജപ്പാൻ (സെലീൻ), ചൈന (ചാങ്‘എ 1), ഇന്ത്യ (ചന്ദ്രയാൻ‑1), യുഎസ് (ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ, എൽസിസിആർഎസ്എസ്). 1990 മുതൽ, യുഎസ്, ജപ്പാൻ, ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ചൈന, ഇസ്രയേൽ എന്നിവ സംയുക്തമായി 21 ചാന്ദ്ര ദൗത്യങ്ങളും നടത്തിയിട്ടുണ്ട്.

Eng­lish summary;

you may also like this video;

Exit mobile version