Site iconSite icon Janayugom Online

ആഢംബര കാറപകടം; നിര്‍ണായക തെളിവുകള്‍ അപ്രത്യക്ഷമായി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന്‍കുലയുടെ മകന്‍ സങ്കേത് ഒടിച്ച ആഢംബര കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവം വന്‍ വഴിത്തിരിവില്‍. സംഭവദിവസത്തെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ഒന്‍പതിന് നാഗ്പൂരിലാണ് സംഭവം നടന്നത്. അപകടത്തിന് തൊട്ട് മുമ്പ് പ്രദേശത്തെ ബാറിലെത്തിയതിന്റെ നിര്‍ണാക സിസിടിവി ദൃശ്യമാണ് അപ്രത്യക്ഷമായത്. സീതാബുല്‍ദ്ധി പൊലീസ് അപകടശേഷം ബാറിലെ സിസിടിവി ദൃശ്യം അടങ്ങിയ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സങ്കേത് കൂട്ടുകാരുമൊത്ത് ബാര്‍ സന്ദര്‍ശിക്കുന്ന ദൃശ്യം ലഭ്യമല്ലെന്ന് അറിയിച്ചത്.

അപകടത്തിന് പിന്നാലെ നാഗ്പൂരിലെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റേറിന് സമീപത്തെ ലാ ഹോറി ബാര്‍ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നില്ലെന്ന് സങ്കേത് പൊലീസിന് മൊഴി നല്‍കിയിരുന്നു. സങ്കേതും നാല് സുഹൃത്തുക്കളും ചേര്‍ന്ന് ബാറില്‍ നിന്ന് 12,000 രൂപയുടെ രണ്ട് ബോട്ടില്‍ മദ്യം വാങ്ങിയെന്നാണ് പൊലീസും പറയുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യം പൊലീസിന് കൈമാറാന്‍ സാധിക്കില്ലെന്ന് മാനേജര്‍ അറിയിച്ചിരുന്നു. പൊലീസ് സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് പിന്നീട് ദൃശ്യങ്ങള്‍ കൈമാറിയത്. പരിശോധനയില്‍ ഈമാസം എട്ട് മുതലുള്ള ദൃശ്യങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് ഭാഷ്യം. സങ്കേതിന്റെ സുഹൃത്തായ അര്‍ജുന്‍ ഹവേര ഓടിച്ച ഔഡി കാര്‍ അമിത വേഗതയില്‍ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മദ്യലഹരിയിലാണ് സങ്കേതും സുഹൃത്തുകളും കാറോടിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടപിന്നാലെയാണ് നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായത്. നേരത്തെ 17 കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് സ്കൂട്ടര്‍ യാത്രികര്‍ കൊലപ്പെട്ട സംഭവം വന്‍വിവാദമായിരുന്നു. കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് നടത്തിയ നീക്കം കോടതി തടഞ്ഞതോടെയാണ് പ്രതി അറസ്റ്റിലായത്. 

Exit mobile version