‘രുദിതാനുസാരി കവി’ എന്നു കാളിദാസൻ രഘുവംശത്തിൽ വാല്മീകിയെ വിശേഷിപ്പിക്കുന്നുണ്ട്. കരച്ചിലിനെ പിൻപറ്റി പോകുന്നവനാണ് കവി എന്നർത്ഥം. ‘ശോകത്തിൽ നിന്നാണ് ശ്ലോകമുണ്ടായതെ‘ന്നു രാമായണവും പറയുന്നുണ്ട്. ഇണപ്പക്ഷിയിലൊന്നിനെ കാട്ടാളൻ അമ്പെയ്തു വീഴ്ത്തിയപ്പോൾ തുണയറ്റ പക്ഷി കരഞ്ഞു. ആ കരച്ചിലിനൊപ്പം വാല്മീകി മാനസം സഞ്ചരിച്ചപ്പോഴാണ് ‘മാ നിഷാദാ’ എന്ന ശ്ലോകം സംഭവിക്കുന്നത്. ചുരുക്കത്തിൽ കരച്ചിൽ ഇല്ലെങ്കിൽ കവിതയുണ്ടാകില്ല എന്നു പറയാം. കുഞ്ചൻ നമ്പ്യാരുടെ ചിരി പോലും അവഗണിക്കപ്പെട്ടപ്പോൾ നെഞ്ചുപൊള്ളിയുണ്ടായ കണ്ണീരാണല്ലോ! ആദികവി കരച്ചിലിനൊപ്പം സഞ്ചരിച്ചു എന്നു പറയുമ്പോള്‍, അതോടൊപ്പം പരിശോധിക്കേണ്ട വിഷയം ആരുടെ കരച്ചിലിനൊപ്പം സഞ്ചരിച്ചു എന്നതാണ്. അതിനുള്ള ഉത്തരം വാല്മീകി പിൻപറ്റിയത് ദമ്പതിമാരുടെ കരച്ചിലുകളെയായിരുന്നു എന്നാണ്. ദാമ്പത്യം ഗാർഹസ്ഥ്യത്തിന്റെ നെടുംതൂണാണ്. ആ നിലയിൽ ഗാർഹസ്ഥ്യത്തിന്റെ കരച്ചിലുകൾക്കൊപ്പം സഞ്ചരിച്ച കവിയാണ് വാല്മീകി എന്നും രാമായണം ഗാർഹസ്ഥ്യത്തിന്റെ നിലവിളികൾ പശ്ചാത്തല ശ്രുതിയായ കാവ്യമാണെന്നും പറയാം. ഇണയോടും തുണയോടും കൂടിയ ജീവിതക്രമമാണ് ഗാർഹസ്ഥ്യം അഥവാ കുടുംബ ജീവിതം.
കുടുംബ ജീവിതത്തിൽ ഇണയെ വേർപിരിഞ്ഞാൽ ഉണ്ടാവുന്ന വേദന പക്ഷിക്കാണെങ്കിലും മനുഷ്യനാണെങ്കിലും കാഠിന്യമേറിയതാണ്. കാട്ടാളന്റെ കൂരമ്പാൽ ജീവൻ വെടിഞ്ഞ ഇണപ്പക്ഷികളിലൊന്നിനെപ്രതി മറ്റേ പക്ഷി അനുഭവിച്ച അസഹ്യവേദനയുടെ കരച്ചിലിനൊപ്പം വാല്മീകിയുടെ കരുണാർദ്രമായ മനസ് ചെന്നെത്തുന്നത് അയോധ്യയിലേക്കാണ്. അയോധ്യയിലെ രാജധാനിയിൽ കാണുന്നതും കേൾക്കുന്നതും രാജാ ദശരഥന്റെ ധർമ്മപത്നിമാരായ കൗസല്യ, സുമിത്ര, കൈകേയി എന്നിവരുടെ കരച്ചിലാണ്. കുഞ്ഞുങ്ങൾ ഉണ്ടാവുന്നില്ല എന്ന ദുഃഖത്തിന്റെ അമർന്നുകത്തുന്ന കരച്ചിൽ. പുത്രകാമേഷ്ടി യാഗത്തെത്തുടർന്ന് രാജപത്നിമാർ ഗർഭവതികളാവുകയും മൂന്നു പേരിൽ നിന്നു നാല് മക്കൾ ദശരഥന് ഉണ്ടാവുകയും ചെയ്തു. അതോടെ ആരുടെ മകന് രാജാധികാരം നൽകണം എന്ന പ്രശ്നത്തെ പ്രതിയുള്ള കരച്ചില്‍ അയോധ്യയുടെ അന്തഃപുരത്തെ വേവിക്കാൻ തുടങ്ങി. ഒടുവിൽ അയോധ്യയെ ഒന്നടങ്കം കരയിപ്പിച്ചും സ്വയം കരഞ്ഞും രാമൻ എന്ന മൂത്തപുത്രൻ സഹോദരനായ ലക്ഷ്മണനോടും സഹധർമ്മിണിയായ സീതയോടും കൂടി കാട്ടിലേക്ക് പുറപ്പെട്ടപ്പോൾ, രാമനെ പിൻതുടർന്ന ജനങ്ങളുടെ നിലവിളികൾക്കൊപ്പമാണ് വാല്മീകി എന്ന കവിയും പോയത്. കാടകത്തുവച്ചു മാരീചന്റെ പൊന്മാൻ നാടകത്തിൽ മനസ് അപഹരിക്കപ്പെട്ട സീത, രാമലക്ഷ്മണന്മാരിൽ നിന്ന് അകലുകയും രാവണനാൽ അപഹൃതയാവുകയും ചെയ്തു. അതേത്തുടർന്ന് ഇണ നഷ്ടപ്പെട്ട കിളിയെപ്പോലെ രാമനും വിതുമ്പി ഉലഞ്ഞ് നിലവിളിച്ചു. സീതയെപ്രതിയുളള രാമന്റെ നിലവിളികൾക്കൊപ്പവും വാല്മീകി സഞ്ചരിച്ചു.
ഇതുകൂടി വായിക്കൂ: പരം കവീനാമാധാരം
രാമനെ പിരിഞ്ഞു ലങ്കയിൽ കഴിയുന്ന സീതയുടെ കണ്ണീരും ഹനുമാനിലൂടെ കവിഹൃദയം കണ്ടറിഞ്ഞു. ലങ്കാദഹനവും രാവണവധവും കഴിഞ്ഞ് അഗ്നിശുദ്ധി ചെയ്തു പാതിവ്രത്യം തെളിയിച്ച്, അയോധ്യയിലെത്തി ഗർഭവതിയായ സീത സന്തോഷിക്കാൻ തുടങ്ങും മുമ്പേ രാമനാൽ കാട്ടിലേക്ക് പുറന്തള്ളപ്പെട്ടു. അവിടെ സീതാരാമ ദാമ്പത്യത്തിന്റെ വിരഹച്ചൂട് നിറഞ്ഞ പുതിയ കണ്ണീർച്ചാലൊഴുക്കിന്റെ ഒച്ചകൾ പിറന്നു. കവിഹൃദയം അതിനൊപ്പവും സഞ്ചരിച്ചു. ഇങ്ങനെ തൊട്ടെണ്ണി പരിശോധിച്ചാൽ ദാമ്പത്യജീവിതത്തിന്റെ നിലവിളികൾക്കൊപ്പം സഞ്ചരിച്ച, ഭാര്യയെ വെടിഞ്ഞു താപസനായ, വാല്മീകിയുടെ മഹാകാവ്യമാണ് രാമായണം എന്നു മനസിലാകും. ലക്ഷ്മണ പത്നിയായ ഊർമിള, ഭരത പത്നിയായ മാണ്ഡവി, ശത്രുഘ്ന പത്നിയായ ശ്രുതകീർത്തി, ബാലി സുഗ്രീവന്മാരുടെ പത്നിമാർ, രാവണന്റെയും പുത്രന്മാരുടെയും ഭാര്യമാർ എന്നിവരുടെയെല്ലാം നിലവിളികള്‍ രാമായണ കാവ്യത്തിന്റെ അന്തഃപുരത്തിൽ പുറത്തുവരാനാകാതെ വിങ്ങിപ്പിടയുന്നുണ്ട്. ഇങ്ങനെ നാനാകാരണങ്ങളാൽ കരഞ്ഞു പോകുന്ന ദാമ്പത്യങ്ങളുടെ മഹാകാവ്യമാണ് രാമായണം. അതുകൊണ്ടാണത് കുടുംബങ്ങളിൽ സർവരും ചേർന്നിരുന്നു വായിക്കാവുന്ന കാവ്യമായത്. കരയുന്ന ദാമ്പത്യങ്ങൾക്കെല്ലാം രാമായണം സാന്ത്വനമാകും. സമാന ഹൃദയത്വമാണല്ലോ സാന്ത്വനമായി പരസ്പരം അനുഭവപ്പെടുന്നത്.