Site iconSite icon Janayugom Online

സമാധാന നൊബേല്‍ ട്രംപിന് നല്‍കി മച്ചാഡോ

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേല പ്രതിപക്ഷനേതാവും മരിയ കൊരിന മച്ചാഡോ. വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ചത്. ദിവസങ്ങൾക്കു മുമ്പു തന്നെ നൊബേൽ സമ്മാനം ട്രംപിന് കൈമാറുമെന്ന് മച്ചാഡോ സൂചന നൽകിയിരുന്നു. 

മച്ചാഡോ സ്വർണ മെഡൽ ട്രംപിന് സമ്മാനിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആഗോള തലത്തിൽ അമേരിക്കയ്ക്ക് എതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മച്ചാഡോയുടെ നടപടി. ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് തനിക്ക് ലഭിച്ച പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മരിയ കൊറിന മച്ചാഡോ പ്രതികരിച്ചു. വെനസ്വേലയുടെ ഭാവിയെ കുറിച്ച് ട്രംപുമായി ചർച്ച ചെയ്തെന്ന് മച്ചാഡോ പറഞ്ഞു. തന്റെ പ്രവർത്തനങ്ങൾക്ക് സമാധാനത്തിനുള്ള നൊബൽ പുരസ്കാരം മച്ചാഡോ സമ്മാനിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാല്‍ മെഡല്‍ അദ്ദേഹം കൈവശം വയ്ക്കാന്‍ തീരുമാനിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

അതേസമയം, സമാധാനത്തിനുള്ള പുരസ്കാരം ട്രംപിന് കൈമാറിയ മച്ചാഡോയുടെ നടപടിയെ നൊബേല്‍ കമ്മിറ്റി തള്ളി. ഒരിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, പുരസ്കാരം നല്‍കി കഴിഞ്ഞാല്‍ അത് കൈമാറാനോ, പങ്കിടാനോ, പിന്‍വലിക്കാനോ കഴിയില്ലെന്ന് നൊബേല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ട്രംപിന് മാധ്യമങ്ങളെ കൈവെള്ളയിലൊതുക്കാമെന്നും എന്നാല്‍ നൊബേല്‍ കമ്മറ്റിയെ സാധ്യമല്ലെന്നും ഇവര്‍ എക്‌സില്‍ കുറിച്ചു.

Exit mobile version