മദാരികുണ്ട് കേരള എസ്റ്റേറ്റ് ഭാഗത്ത് ഇന്നലെ കടുവയെ കണ്ടതിനെത്തുടർന്ന് വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള കാമറകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. കാമറ ദൃശ്യങ്ങൾ ലഭിച്ചാലുടൻ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇന്നലെ വൈകുന്നേരം കടുവയെ കണ്ടതിനെത്തുടർന്ന് നാട്ടുകാർ ഭീതിയിലാണ്.
ഇരുട്ട് വ്യാപിച്ചതോടെ ഇന്നലത്തെ തിരച്ചിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. കാടുമൂടിയതും കുത്തനെയുള്ളതുമായ പ്രദേശമാണ് തിരച്ചിലിന് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. ഇത് തിരച്ചിൽ കൂടുതൽ സമയമെടുക്കുന്നതിന് കാരണമാകുന്നുണ്ട്.കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് കടുവ ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് അധികൃതർ.

