ആഗോളതാപന കാലത്തെ ഗൗരവതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ അക്ഷീണയത്നം നടത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞൻ ആയിരുന്നു മാധവ് ഗാഡ്ഗിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാധവ് ഗാഡ്ഗിലിന്റെ മരണം പാരിസ്ഥിതിക പ്രതിബദ്ധതയുടെ രംഗത്ത് നികത്താനാവാത്ത ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള ഇടപെടൽ അല്ല, ലാഭാർത്തി പൂണ്ട മുതലാളിത്ത വികസനത്തിന്റെ ഹിംസാത്മകമായ ഇടപെടലാണ് ലോകത്ത് എവിടെയും മണ്ണും ജലവും പ്രകൃതിയും മലിനമാക്കുകയും മനുഷ്യ ജീവിതം അസാധ്യമാക്കുകയും ചെയ്യുന്നത് എന്ന് അദ്ദേഹം പഠിപ്പിച്ചു. കേരളത്തെ സംബന്ധിച്ചും ഇന്ത്യയെ സംബന്ധിച്ചും ഇതു തന്നെയാണ് യാഥാർത്ഥ്യം. ഇക്കാര്യം ജീവിച്ചിരിക്കുന്നതും വരാനിരിക്കുന്നതുമായ തലമുറകളെ ഓർമ്മിപ്പിച്ച മഹദ് വ്യക്തിയായിരുന്നു മാധവ് ഗാഡ്ഗിൽ. അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രേമികളുടെയും ദുഃഖത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പങ്കുചേരുന്നതായി അനുശോചന സന്ദേശത്തില്‍ ബിനോയ് വിശ്വം പറഞ്ഞു.
മാധവ് ഗാഡ്ഗില്‍ പരിസ്ഥിതി ബോധത്തിന്റെ ഗുരുനാഥൻ: ബിനോയ് വിശ്വം

