Site iconSite icon Janayugom Online

കൈകൾ ബന്ധിച്ച് ചാക്കുകെട്ട് തലച്ചുമടാക്കി നാലുകിലോമീറ്റർ അടിച്ചും തൊഴിച്ചും നടത്തിച്ചു

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) കൊല്ലപ്പെടുന്നത് 2018 ഫെബ്രുവരി 22നാണ്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്.

സംഭവദിവസം കാട്ടിൽ മരത്തടികൾ ശേഖരിക്കാൻ പോയ ഒരാൾ ഗുഹയ്ക്കുള്ളിൽ മധുവിനെ കാണുകയും മുക്കാലിയിൽനിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ആൾക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തെന്ന് കേസിന്റെ രേഖകളിൽ പറയുന്നു. കൈകൾ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വച്ച്, നാലുകിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു. നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മർദിച്ചു.

മുക്കാലിയിലെത്തുമ്പോൾ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പൊലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പൊലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പിൽവച്ച്  ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.

നാൾ വഴി

2018 ഫെബ്രുവരി 22- ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നു.

2018 മെയ് 22 ‑1600 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.

2018 മെയ് 31- 16 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകി.

2022 ഫെബ്രുവരി 16- സ്പെഷ്യൽ പ്രോസിക്യൂട്ടറായി സി രാജേന്ദ്രനെ നിയമിച്ചു.

2022 മാർച്ച് 17- കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.

2022 ഏപ്രിൽ 2- സാക്ഷി വിസ്താരം തുടങ്ങി. ഇൻക്വസ്റ്റ് സാക്ഷി വെള്ളിങ്കിരിയെ വിസ്തരിച്ചു.

2022 ജൂൺ 8- പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കൂറുമാറി.

2022 ജൂൺ 9- പതിനൊന്നാം സാക്ഷി ചന്ദ്രൻ കൂറുമാറി, (ചന്ദ്രൻ മധുവിന്റെ ബന്ധുവാണ്).

2022 ജൂൺ 10- മധുകേസ് വിചാരണ നിർത്തിവയ്ക്കണം എന്ന് കുടുംബം, മണ്ണാർക്കാട് കോടതിയിൽ ഹർജി നൽകി. ഹർജി തള്ളി (സർക്കാർ നിയോഗിച്ച അഭിഭാഷകനെ മാറ്റാൻ സർക്കാറിനെ സമീപിക്കൂ എന്ന് വിചാരണക്കോടതി)

2022 ജൂൺ 14- സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേന്ദ്രനെ മാറ്റണമെന്ന് കാട്ടി, അമ്മ മല്ലി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകി.

2022 ജൂൺ 17- വിചാരണ ഹൈക്കോടതി ജൂൺ 28വരെ സ്റ്റേ ചെയ്തു.

2022 ജൂൺ 24- സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേന്ദ്രൻ രാജിവച്ചു.

2022 ജൂൺ 25- രാജേഷ് എം മേനോൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, നേരത്തെ കേസിൽ അഡീ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.

2022 ജൂലൈ 16- സാക്ഷി സംരക്ഷണം നിയമം നടപ്പിലാക്കി (സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ ജഡ്ജി ചെയർമാനായിട്ടുള്ള കമ്മറ്റി ഉത്തരവ് )

2022 ജൂലൈ 18‑സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ഹാജരായി, മധുകേസ് വിചാരണ വീണ്ടും തുടങ്ങി. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ മൊഴിമാറ്റി. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ചോദിച്ചെന്ന് മധുവിന്റെ കുടുംബം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

2022 ജൂലൈ 20- പതിനാലാം സാക്ഷി ആനന്ദൻ കൂറുമാറി. കൂറുമാറിയ വനംവകുപ്പ് വാച്ചർ അനിൽകുമാറിനെ പിരിച്ചുവിട്ടു.

2022 ജൂലൈ 21- പതിനഞ്ചാം സാക്ഷി മെഹറുന്നീസയും കൂറുമാറി. ( രഹസ്യമൊഴി നൽകിയത് പൊലീസ് നിർബന്ധപ്രകാരം ആണെന്നും മെഹറുന്നീസ കോടതിയിൽ മൊഴിമാറ്റി. )

2022 ജൂലൈ 22- പതിനാറാം സാക്ഷി അബ്ദുറസാക്ക് മൊഴിമാറ്റി.

2022 ജൂലൈ 23- പതിനേഴാം സാക്ഷി ജോളിയും രഹസ്യമൊഴി തിരുത്തി, കൂറുമാറി. 10 മുതൽ 17 വരെ ഉള്ള സാക്ഷികൾ ആണ് രഹസ്യ മൊഴി നൽകിയത്. ഇതിൽ ഏഴ് പേര് 164 തിരുത്തി. പതിമൂന്നാം സാക്ഷി സുരേഷ് മാത്രം ആണ് പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകിയത്.

2022 ജൂലൈ 29- പതിനെട്ടാം സാക്ഷി കാളി മൂപ്പൻ മൊഴിമാറ്റി.

2022 ജൂലൈ 30-പത്തൊമ്പതാം സാക്ഷി കക്കി കൂറ് മാറി.

2022 ഓഗസ്റ്റ് 1 — ഇരുപതാം സാക്ഷി മയ്യൻ എന്ന മരുതൽ കൂറുമാറി. പ്രതികൾ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടു എന്ന് പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി.

2022 ഓഗസ്റ്റ് 3 — ഇരുപത്തി ഒന്നാം സാക്ഷി വീരൻ കൂറുമാറി. വിസ്താരത്തിന് സമൻസ് അയച്ചിട്ടും 22ആം സാക്ഷി മുരുകൻ ഹാജരായില്ല കോടതി വാറൻഡ് പുറപ്പെടുവിച്ചു. 5 സാക്ഷികളെ വിസ്തരിക്കാൻ തീരുമാനം.

2022 ഓഗസ്റ്റ് 4- തുടർ കൂറുമാറ്റങ്ങൾക്കിടെ പ്രോസിക്യൂഷന് ആശ്വാസം. 23ആം സാക്ഷി ഗോകുൽ അനുകൂല മൊഴി നൽകി. രണ്ട് സാക്ഷികൾ കൂറുമാറി. ഇരുപത്തിരണ്ടാംസാക്ഷി മുരുകൻ, ഇരുപത്തി നാലാം സാക്ഷി മരുതൻ എന്നിവരാണ് മൊഴിമാറ്റിയത്.

2022 ഓഗസ്റ്റ് 8‑പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹർജി. സാക്ഷികളെ സ്വാധീനിക്കരുത് എന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷൻ.

2022 ഓഗസ്റ്റ് 10- പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 16 ലേക്ക് മാറ്റി. അതിനു ശേഷം സാക്ഷികളെ വിസ്തരിക്കാം എന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി അംഗീകരിച്ചു. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഷിഫാൻ അറസ്റ്റിൽ. അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിൽ നിന്നാണ് ഷിഫാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്രത്തിൽ നിന്ന് രേഖകൾ ഇല്ലാത്ത 36 ലക്ഷം രൂപയും പിടിച്ചെടുത്തു.

2022 ഓഗസ്റ്റ് 18‑പ്രോസിക്യൂട്ടർക്ക് സർക്കാർ ഫീസ് നൽകുന്നില്ലെന്ന് മധുവിന്റെ അമ്മ മല്ലി

2022 ഓഗസ്റ്റ് 20- പന്ത്രണ്ട് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു.

2022 ഓഗസ്റ്റ് 24 — പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിന് ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചു.

2022 സെപ്തംബർ 2‑മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ അബ്ബാസിന്റെ മുൻകൂർ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി.

2022 സെപ്തംബർ 13-ഇരുപത്തിയേഴാം സാക്ഷി സൈതലവി കൂറുമാറി.

2022 സെപ്തംബർ 14-ഇരുപത്തി ഒമ്പതാം സാക്ഷി സുനിൽകുമാർ കൂറുമാറി.

2022 സെപ്തംബർ 15- സുനിലിന്റെ കാഴ്ച ശക്തിക്ക് പ്രശ്നമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. നാലുപേർ കൂറുമാറി. മനാഫ്, രഞ്ജിത്, മണികണ്ഠൻ, അനൂപ്.

2022 സെപ്തംബർ 19- പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ദൃക്സാക്ഷി വിസ്താരം പൂർത്തിയാകുംവരെ ജാമ്യം നൽകില്ല.

2022 ഒക്ടോബർ 15‑കൂറ് മാറിയ 18,19 സാക്ഷികളെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ. പതിനെട്ടാം സാക്ഷി കാളി മൂപ്പനേയും പത്തൊമ്പതാം സാക്ഷി കക്കിയേയും വിസ്തരിക്കാൻ അനുമതി.

2022 ഒക്ടോബർ 18-മധുവിന്റേത് കസ്റ്റഡി മരണമാണോ എന്ന് അന്വേഷിച്ച മജിസ്റ്റീരിയിൽ റിപ്പോർട്ടുകൾ വിളിച്ചു വരുത്തണമെന്ന് പ്രോസിക്യൂഷൻ.

2022 ഒക്ടോബർ 20‑കൂറ്മാറിയ പത്തൊമ്പതാം സാക്ഷി കക്കി പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകി. കൂറ് മാറിയത് പ്രതികളെ പേടിച്ചിട്ട് ആണെന്ന് കക്കി. കുറ്റബോധം മാറിക്കിട്ടിയെന്ന് കക്കി. 11 പ്രതികൾക്കും വിചാരണക്കോടതി ജാമ്യം നൽകി.

2022 നംവബർ 3‑രണ്ട് മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടുകളും വിളിച്ചുവരുത്താൻ വിചാരണക്കോടതി ഉത്തരവ്.

2022 നവംർ 9‑മുൻ മജിസ്ട്രേറ്റ് എം രമേശിനെ മണ്ണാർക്കാട് കോടതി വിസ്തരിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ മധുവിന് യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് റിപ്പോർട്ട്.

2022 നംബർ 10-അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്റെ ക്രൂര മർദനം മൂലമെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്.

2023 ജനുവരി 12‑പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി.

2023 ജനുവരി 30‑പ്രതിഭാഗം സാക്ഷികളുടെ വിസ്താരം തുടങ്ങി.

2023 ഫെബ്രുവരി 14‑പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂർത്തിയായി.

2023 ഫെബ്രുവരി 21‑കേസിൽ അന്തിമ വാദം തുടങ്ങി.

2023 മാർച്ച് 10-അന്തിമ വാദം പൂർത്തിയായി കേസ് വിധി പറയാൻ എടുത്തു.

2023 ഏപ്രില്‍ 4- പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചു

പ്രതികളും കുറ്റകൃത്യവും

കേസിൽ ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെവിട്ടു.

ഒന്നാംപ്രതി- ഹുസൈൻ — മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവരുമ്പോൾ നെഞ്ചിൽ ചവിട്ടി, ഇതിനെത്തുടർന്ന് മധു തലയിടിച്ച് വീണു, ഭണ്ഡാരപ്പെട്ടിയിൽ തലയിടിച്ച് പരിക്കേറ്റു.

രണ്ടാംപ്രതി- മരയ്ക്കാർ- മധുവിനെ ആൾക്കൂട്ട വിചാരണയ്ക്കായി പിടിച്ചുകൊണ്ടുവന്നു. മർദിച്ചു.

മൂന്നാംപ്രതി- ഷംസുദ്ദീൻ– മധുവിനെ പിടിക്കാൻ കാട്ടിൽ കയറിയ പ്രതികളിൽ ഒരാൾ. ബാഗിന്റെ സിബ് കീറി മധുവിന്റെ കെെകെട്ടി. വടികൊണ്ട് പുറത്ത് അടിക്കുകയും മധുവിന്റെ രണ്ടാമത്തെ വാരിയെല്ല് പൊട്ടുകയും ചെയ്തു.

നാലാം പ്രതി അനീഷ് (വെറുതെ വിട്ടു) — മുക്കാലിയിൽ ആൾക്കൂട്ടം തടഞ്ഞുവച്ച മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൾ പങ്കുവച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.

അഞ്ചാംപ്രതി- രാധാകൃഷ്ണൻ- മധുവിന്റെ ഉടുമുണ്ടഴിച്ച് നടത്തിച്ചു. മർദിച്ചു. മധുവിനെ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ആറാംപ്രതി- അബൂബക്കർ- മധുവിനെ ആൾക്കൂട്ട വിചാരണ നടത്തുകയും മർദിക്കുകയും ചെയ്തു.

ഏഴാംപ്രതി- സിദ്ദിഖ്- കാട്ടിൽ നിന്നുവരുന്ന വഴി മധുവിനെ മർദിച്ചു.

എട്ടാംപ്രതി- ഉബൈദ്- മധുവിനെ മർദിക്കുന്നതിൽ പങ്കാളിയായി. കാട്ടിൽ നിന്ന് കൊണ്ടുവരുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ഒമ്പതാംപ്രതി- നജീബ്- മധുവിനെ പിടികൂടാൻ പോയത് നജീബിന്റെ ജീപ്പിൽ. മധുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പത്താംപ്രതി- ജൈജുമോൻ- മധുവിനെ കാട്ടിൽ നിന്ന് പിടിച്ചതിന് ശേഷം അരി ഉൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങുന്ന ചാക്കുകെട്ട് മധുവിന്റെ തോളിൽ വച്ചുകൊടുത്തു. നടത്തിക്കൊണ്ടുവരുന്ന വഴി ദേഹോപദ്രവം ഏൽപ്പിച്ചു.

11-ാം പ്രതി അബ്ദുൾ കരീം (വെറുതെ വിട്ടു)- മുക്കാലിയിലെത്തിച്ച മധുവിനെ കള്ളാ എന്ന് വിളിച്ച് അവഹേളിച്ചുവെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.

12-ാം പ്രതി- സജീവ്- മധുവിനെ മർദിച്ചതിൽ പങ്കാളിയായി.

13-ാം പ്രതി- സതീഷ്- മർദ്ദനത്തിൽ പങ്കാളിയായി.

14-ാം പ്രതി — ഹരീഷ്- മധുവിനെ മർദിച്ചു. മറ്റുള്ളവർക്കൊപ്പം ചേർന്ന് മധുവിന്റെ പുറത്ത് ഇടിച്ചു.

15-ാംപ്രതി- ബിജു- മധുവിനെ മുക്കാലിയിലേക്ക് പിടിച്ചുകൊണ്ടുവന്ന സംഘത്തിലുള്ളയാൾ. മർദ്ദനത്തിൽ പങ്കാളി.

16-ാംപ്രതി- മുനീർ- മുക്കാലിയിൽ എത്തിച്ച മധുവിനെ കാൽമുട്ട് കൊണ്ട് ഇടിച്ചു.

 

Eng­lish Sam­mury: Atta­pa­di Mad­hu’s mur­der and case updations

 

Exit mobile version