മേഘാലയ മധുവിധു കൊലക്കേസിൽ വഴിത്തിരിവ്. ബന്ധുവായ ജിതേന്ദ്ര രഘുവംശി വഴിയാണ് വാടകക്കൊലയാളികൾക്ക് പണം നൽകിയതെന്ന് മുഖ്യ പ്രതി സോനം മൊഴി നൽകി. വാടകക്കൊലയാളികൾക്ക് നൽകേണ്ട തുകയുടെ ആദ്യ ഗഡു മേയ് 23ന് ജിതേന്ദ്രയുടെ യുപിഐ അക്കൗണ്ട് വഴിയാണ് നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ കൊലപാതകം സംബന്ധിച്ച വിവരം ഇയാൾക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
സോനത്തിന്റെ കുടുംബ ബിസിനസ് നോക്കിനടത്തുന്നതും പണം കൈകാര്യം ചെയ്യുന്നതും ജിതേന്ദ്ര ആയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മേയ് 11ന് മധുവിധുവിനായി മേഘാലയയിലേക്ക് പുറപ്പെട്ട മധ്യപ്രദേശ് സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയും 23ന് നോൺഗ്രിയാട്ട് ഗ്രാമത്തിൽ വച്ചാണ് കാണാതാകുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ ഈ മാസം രണ്ടിന് രാജയുടെ മൃതദേഹം കണ്ടുകിട്ടി. പിന്നീട് ഒരാഴ്ചയ്ക്കിപ്പുറം ഉത്തർപ്രദേശിൽ വച്ച് സോനത്തെ കണ്ടെത്തിയപ്പോഴാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കാമുകന്‍ വിജയ് കുശ്വാഹയോടൊപ്പം ജീവിക്കാന്‍ വാടകക്കൊലയാളികളെ വച്ച് സോനം ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ സോനം ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

