Site iconSite icon Janayugom Online

സിപിഐ കാല്‍നട പ്രചരണ ജാഥയെ മധ്യകേരളം വരവേറ്റത് ആവേശപൂര്‍വം

CPICPI

ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ നടത്തിയ കാല്‍നട പ്രചരണ ജാഥകളെ മധ്യകേരളം ഹൃദയപൂര്‍വം വരവേറ്റു. എറണാകുളം, ആലപ്പുഴ, കോട്ടയം ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ വന്‍ ജനമുന്നേറ്റമായിരുന്നു.
എറണാകുളം ജില്ലയിൽ 128 ജാഥകളാണ് തീരുമാനിച്ചത്. അതിൽ 127 ജാഥകളും പൂർത്തിയായി. മുളവുകാട് ലോക്കൽ കമ്മിറ്റിയുടെ ജാഥ ഇന്ന് നടക്കുമെന്ന് ജില്ലാ സെക്രട്ടറി കെ എം ദിനകരൻ പറഞ്ഞു. മിക്ക ജാഥകളിലും നൂറിലേറെ പേർ പങ്കാളികളായി. മുവാറ്റുപുഴ മണ്ഡലത്തിൽ പായിപ്ര ലോക്കൽ കമ്മിറ്റിയുടെ ജാഥയില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു. കുട്ടികളുടെ സാന്നിധ്യവും, മഹിളകളുടെ നല്ല പങ്കാളിത്തവും പല ജാഥകളിലും പ്രകടമായി. കളമശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി ജാഥയെ വ്യവസായ മന്ത്രി പി രാജീവ് സ്വീകരിച്ചതും ആവേശം പകർന്നു.

ആലപ്പുഴ ജില്ലയിൽ 120 ജാഥകളാണ് നിശ്ചയിച്ചത്. 111 എണ്ണം നടന്നു. മഴ മൂലം മാറ്റിവച്ച ജാഥകൾ ഈ ആഴ്ച നടക്കും. 902 കേന്ദ്രങ്ങളിൽ സ്വീകരണ സമ്മേളനങ്ങൾ നടന്നു. 75 മുതൽ 200 പ്രവർത്തകർ വരെ പങ്കെടുത്ത ജാഥകളായിരുന്നു മിക്കവയും. ചേർത്തല വെട്ടക്കൽ ലോക്കൽ ജാഥയിൽ മന്ത്രി പി പ്രസാദ് അംഗമായി.
മലയോര ജില്ലയായ ഇടുക്കിയിൽ പത്ത് മണ്ഡലം കമ്മിറ്റികളിൽ നിന്നായി 90 ജാഥകൾ സംഘടിപ്പിച്ചു. മൂന്ന് ലോക്കൽ കമ്മിറ്റികളുടെ ജാഥകൾ കൂടിയാണ് ജില്ലയില്‍ അവശേഷിക്കുന്നത്. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയത്ത് ജാഥകൾ വൈകിയാണ് ആരംഭിച്ചത്. ജില്ലയിലെ 93 ലോക്കൽ കമ്മറ്റികളിലാണ് ജാഥകൾ നടക്കേണ്ടത്. ഞായറാഴ്ചയോടെ 49 ലോക്കൽ ജാഥകൾ പൂർത്തിയായി. വരും ദിവസങ്ങളിലെല്ലാം ജാഥകൾ നടക്കുന്നുണ്ട്. ഒക്ടോബർ ഒന്നോടെ എല്ലാ ജാഥകളും പൂർത്തിയാവുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അറിയിച്ചു. ജില്ലയിലെ കിഴക്കൻ മേഖലയിൽ മഴയും ഉരുൾപൊട്ടലും മൂലവും ഏതാനും ജാഥകൾ മാറ്റി വയ്ക്കേണ്ടി വന്നിരുന്നു. ഇവയും വരുംദിവസങ്ങളിൽ നടക്കും.
തൃശൂരിനെ ആവേശത്തിലാഴ്ത്തി സിപിഐ കാൽനട ജാഥകൾ പുരോഗമിക്കുകയാണ് ജില്ലയിലെ 15 മണ്ഡലങ്ങളിൽ 123 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ജാഥകൾ നടക്കുത്. ഇതിൽ 80 ശതമാനത്തിലേറെ ജാഥകളും പൂർത്തീകരിച്ചു. ഒക്ടോബർ രണ്ടുവരെ ജാഥ തുടരുമെന്ന് ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു. ജാഥകളിൽ സ്ത്രീകളുടെയും വയോജനങ്ങളുടെയും തൊഴിലാളികളുടെയുമെല്ലാം വലിയ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. 

നാട്ടിക, അന്തിക്കാട് മേഖലകളിലെ ജാഥകളിൽ നൂറു കണക്കിന് ചെത്തുതൊഴിലാളികള്‍ അണിനിരന്നു. കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധമറിയിച്ചാണ് പൂട്ടിക്കിടക്കുന്ന നാഷണൽ ടെക്സ്റ്റൈല്‍ കോർപറേഷൻ മില്ലുകളിലെ തൊഴിലാളികൾ പൂങ്കുന്നം, അളഗപ്പ മേഖലകളിലെ ജാഥകളിൽ പങ്കെടുത്തത്. 

Eng­lish Sum­ma­ry; Mad­hya Ker­ala enthu­si­as­ti­cal­ly wel­comed the CPI walk­ing campaign

you may also like this video

Exit mobile version