Site iconSite icon Janayugom Online

മധ്യപ്രദേശ്, ഛത്തീസ്ഗഢ്: പരാജയഭീതിയില്‍ ബിജെപി

ഈവര്‍ഷം അവസാനം തെരഞ്ഞടുപ്പ് നടക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം മണത്തതോടെ പുതിയ അടവുകളുമായി ബിജെപി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കേ മത്സരാര്‍ത്ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് പ്രതിപക്ഷത്തില്‍ സമ്മര്‍ദമുണ്ടാക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നത്.
230 സീറ്റുകള്‍ ഉളള മധ്യപ്രദേശില്‍ 39 പേരുടെയും, 90 സീറ്റുള്ള ഛത്തീസ്ഗഢില്‍ 21 പേരുടെയും പട്ടികയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍തന്നെ മാസങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് രണ്ടിടത്തും ബിജെപി ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചതെന്നത് ശ്രദ്ധേയം. പ്രധാനമന്ത്രി മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗത്തിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം വന്നിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ തെരഞ്ഞെടുപ്പിനുള്ള സമിതികള്‍ക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. വസുന്ധര രാജ സിന്ധ്യയെ ഒഴിവാക്കിയാണ് സമിതി. കഴിഞ്ഞ തവണ തോല്‍വിക്ക് പ്രധാന കാരണം വസുന്ധര രാജ സിന്ധ്യയുടെ സര്‍ക്കാരിനെതിരായ ജനവികാരമായിരുന്നുവെന്നതാണ് കാരണം. പ്രകടന പത്രിക തയ്യാറാക്കാനുള്ള സമിതിയുടെ കണ്‍വീനര്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍റാം മേഘ്‌വാളാണ്.
പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കവും അസ്വാരസ്യങ്ങളും പരിഹരിക്കുന്നതിനും ലക്ഷ്യംവച്ചാണ് മുന്‍കൂര്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം എന്നാണ് സൂചന. രണ്ടിടത്തും വലിയ ആഭ്യന്തര പ്രശ്നം നേരിടുന്നുണ്ട്. അടുത്ത ഏപ്രില്‍-മേയ് മാസങ്ങളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. അതിന്റെ സെമി ഫൈനലായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പുകളെ കാണുന്നത്. ഇവിടെ മികച്ച വിജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, രാജ്യസഭയിലും വെല്ലുവിളിയാകുമെന്ന് ബിജെപിക്ക് ഭയമുണ്ട്. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ കനത്ത തിരിച്ചടിയായിരുന്നു ഫലം.
തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കും. അഞ്ചിടത്തും ഭരണം പിടിക്കണമെന്നാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് ബിജെപി നല്‍കിയ നിര്‍ദേശം. ഛത്തീസ്ഗഢില്‍ ദുര്‍ഗ് എംപി വിജയ് ബാഗല്‍ പത്താന്‍ നിയമസഭാ സീറ്റില്‍ ജനവിധി തേടും. എന്നാല്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റേതടക്കം മുതിര്‍ന്ന നേതാക്കളുടെ പേര് ആദ്യപട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. പട്ടികയില്‍ പത്ത് പേര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നാണ്. അഞ്ച് വനിതകളും പട്ടികയില്‍ ഇടം പിടിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരാജയവും, വിലക്കയറ്റവും, പണപ്പെരുപ്പവും, മണിപ്പൂര്‍ വിഷയവും ബിജെപി വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇത് മറികടക്കാനും , ചെറുപാര്‍ട്ടികളെ അണിനിരത്തി ഭരണം നിലനിര്‍ത്താനും ബിജെപി തന്ത്രം മെനയുകയാണ്. ഇതിന്റെ ആദ്യപടിയാണ് സ്ഥാനര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചുള്ള നീക്കം.

Eng­lish sum­ma­ry; Mad­hya Pradesh, Chhat­tis­garh: BJP in fear of defeatb

you may also like this video;

Exit mobile version