Site iconSite icon Janayugom Online

മഹാകുംഭമേള ; കുളിക്കുന്ന ജലം ഗുണനിലവാരമില്ലാത്തത്, ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം

മഹാകുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ഉള്ളതായി റിപ്പോർട്ട്. നദീജലത്തിൽ മനുഷ്യവിസർജ്യത്തിന്റെ അളവ് കൂടുതലുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളത്തിൽ ​ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.മഹാ കുംഭമേളയിലെത്തി കോടിക്കണക്കിന് ആളുകളാണ് നദീജലത്തിൽ കുളിക്കാനായി ഇറങ്ങുന്നത്. 

ഇതിനിടെയാണ് ജലത്തിന്റെ ​ഗുണനിലവാരത്തെ പറ്റി ആശങ്കകളുയരുന്നത്. ഈ വർഷം ജനുവരി 13 മുതൽ ഇതുവരെയായി മഹാ കുംഭമേളയിൽ കുളിച്ചവരുടെ എണ്ണം 54.31 കോടി കവിഞ്ഞതായാണ് കണക്കുകൾ. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാത്രം 1.35 കോടിയിലധികം ഭക്തരാണ് ഇവിടെ കുളിച്ചത്.സിപിസിബി മാനദണ്ഡങ്ങൾ പ്രകാരം 100 മില്ലി വെള്ളത്തിന് 2,500 യൂണിറ്റ് ഫീക്കൽ കോളിഫോം എന്ന അനുവദനീയമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിലും കൂടിയ അളവിലാണ് പ്രയാ​ഗ് രാജിലെ നദികളിലെ കോളിഫോമിന്റെ അളവ്.പ്രയാഗ്‌രാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ധ അംഗം എ സെന്തിൽ വേൽ എന്നിവരടങ്ങിയ എൻജിടി ബെഞ്ച് പരിഗണിക്കുകയാണ്. ചില നിയമലംഘനങ്ങളും സിപിസിബി എൻജിടിയെ അറിയിച്ചിട്ടുണ്ട്. 

Exit mobile version