Site icon Janayugom Online

വിശ്വാസ വോട്ടെടുപ്പ് തുടങ്ങി; ഒരു ശിവസേന അംഗംകൂടി ഷിൻഡെ പക്ഷത്ത്

മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെയുള്ള വിശ്വാസവോട്ടെടുപ്പ് തുടങ്ങി. ഇന്നലെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ, ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും ശിവസേനാ വിമതരും. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ 164 പേരുടെ വോട്ട് ബിജെപി സഖ്യത്തിന് കിട്ടിയിരുന്നു.

പുതിയ സ്പീക്കർ രാഹുൽ നർവേക്കറുടെ നിയന്ത്രണത്തിലാണ് വിശ്വാസവോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്. ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏകനാഥ് ഷിൻഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സ്ഥാനമേൽക്കുകയായിരുന്നു.

അതിനിടെ ശിവസേനയുടെ ഒരു എംഎല്‍എകൂടി ഇന്ന ഷിന്‍ഡെ പക്ഷത്തേക്ക് കൂറുമാറിയിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാനായാല്‍ ഔദ്യോഗിക ശിവസേന തന്റേതാണെന്ന് ഷിന്‍ഡെയ്ക്ക് കോടതിയലടക്കം തെളിയിക്കാനാവും. ഉദ്ധവ് താക്കറെ ഏറ്റവുമൊടുവില്‍ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഈമാസം 11നാണ് പരിഗണിക്കുന്നുണ്ട്. ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിന് എതിരെയാണ് ഹര്‍ജി. എന്നാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത് ഉദ്ധവിന് തിരിച്ചടിയാണ്. മറ്റ് ഹര്‍ജികള്‍ക്കൊപ്പം ശിവസേനയുടെ ഹര്‍ജിയും കേള്‍ക്കാമെന്നാണ് കോടതി നിലപാട്.

 

Eng­lish sum­ma­ry: maha­rash­tra assem­bly floor test start­ed and Anoth­er Sena MLA joins Shinde camp

Exit mobile version