Site icon Janayugom Online

മഹാരാഷ്ട്ര: കൂറുമാറിയവരെ അയോഗ്യരാക്കേണ്ടി വരും

മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ അന്നത്തെ ഗവര്‍ണര്‍ ഭഗത് സിങ് ഘോഷിയാരി ആവശ്യപ്പെട്ടത് നിയമവിരുദ്ധമെന്ന സുപ്രീം കോടതി ഉത്തരവ് പുതിയ നിയമപോരാട്ടങ്ങളിലേക്ക് വഴി തുറക്കുന്നു. സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി കൂറുമാറിയ എംഎല്‍എമാരെ നിശ്ചിത സമയപരിധിക്കുള്ളില്‍ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധി വന്നതോടെ എല്ലാ കണ്ണുകളും സ്പീക്കറിലേക്ക് എത്തിയിരിക്കുകയാണ്. ശിവസേനയില്‍നിന്ന് കൂറുമാറി ബിജെപി പാളയത്തില്‍ എത്തിയ ഷിന്‍ഡെ വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കേണ്ടതാണ് എന്ന വിധി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ അംഗീകരിക്കേണ്ടി വരുമെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍ സ്പീക്കറുടെ നടപടി എന്താവുമെന്ന ആകംക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികളും നിയമ വിദഗ്ധരും. മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിധി പറഞ്ഞ സുപ്രീം കോടതി, ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ അന്നത്തെ ഗവര്‍ണര്‍ വഹിച്ച പങ്കും സ്പീക്കറുടെ തീരുമാനങ്ങളും ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത അധികാരം ഗവര്‍ണര്‍ ഉപയോഗിച്ചുവെന്നും, എംഎല്‍എമാരുടെ കൂറുമാറ്റത്തില്‍ സ്പീക്കര്‍ നിഷ്പക്ഷത പാലിച്ചില്ലെന്നും നിരീക്ഷിച്ചു. മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടമായി പുറത്തുപോകേണ്ട സാഹചര്യം ഇല്ലായിരുന്നുെവന്നും എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ നിയമ പ്രസക്തിയില്ലെന്നും, ഇപ്പോള്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏക് നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഭരത് ഗോഗവാലയെ ചീഫ് വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടി നിയമവിരുദ്ധമെന്നും രാഷ്ട്രീയ പാര്‍ട്ടിയും നിയമസഭാ കക്ഷിയും തമ്മിലുള്ള വ്യത്യാസം അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. കൂറുമാറിയ 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന പക്ഷത്തെ ചീഫ് വിപ്പായിരുന്ന സുനില്‍ പ്രഭുവിന്റെ ആവശ്യം നിരാകരിച്ച സ്പീക്കറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലോക് സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ഉത്തരവ് വ്യക്തമാക്കുന്നത് കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നു തന്നെയാണെന്നും അദേഹം പറഞ്ഞു. ചീഫ് വിപ്പിന്റെ തെരഞ്ഞടുപ്പ് നിയമപരമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ അന്ന് അരങ്ങേറിയ മുഴുവന്‍ നടപടികളും നിയമം അനുശാസിക്കുന്ന വിധത്തിലല്ല നടന്നിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ നിഖില്‍ വാഗ്ലെ അഭിപ്രായപ്പെട്ടു. കോടതി ഉത്തരവ് വൈകിപ്പിക്കാന്‍ ശ്രമിക്കുന്ന സ്പീക്കര്‍ വീണ്ടും നിയമപ്രശ്നങ്ങള്‍ക്ക് വഴിതുറക്കും. വിഷയത്തില്‍ സ്പീക്കര്‍ മൗനം തുടരുന്ന പക്ഷം ഉദ്ധവ് താക്കറെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ നടപടി വേണം: ഉദ്ധവ് 

വിമത എംഎൽഎമാരുടെ അയോഗ്യതയില്‍ സ്പീക്കർ നിശ്ചിത സമയത്തിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. അധികാരം കൈക്കലാക്കാനുള്ള മോഹവും ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ജനാധിപത്യത്തിന് അപകീർത്തി വരുത്തും. ഒന്നുകില്‍ ഗവര്‍ണര്‍ എന്ന പദവി ഒഴിവാക്കണം, അല്ലെങ്കില്‍ ഭരണഘടനാപരമായ ആ പദവിയിലേക്ക് വ്യക്തികളെ നിയമിക്കാന്‍ ശരിയായ സംവിധാനം ഉണ്ടാക്കണം. തന്റെ സർക്കാരിനെതിരെ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചതിന് മുൻ ഗവർണർ ഭഗത് സിങ് കോഷിയാരിക്കെതിരെ നടപടി വേണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

eng­lish sum­ma­ry; Maha­rash­tra: Defec­tors will have to be disqualified

you may also like this video;

Exit mobile version