Site iconSite icon Janayugom Online

നിയന്ത്രണാതീതം; മഹാരാഷ്ട്രയില്‍ രോഗവ്യാപനത്തില്‍ 51 ശതമാനം വര്‍ധന

ആരോഗ്യരംഗത്ത് കടുത്ത ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചതായി കോവിഡ് ദൗത്യസംഘ തലവന്‍ ഡോ. എന്‍ കെ അറോറ അറിയിച്ചിരുന്നു. അതിനിടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 2000 കടന്നു. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തില്‍ 51 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഇന്നലെ 18,466 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 75 ഒമിക്രോണ്‍ കേസുകള്‍ ഉള്‍പ്പെടുന്നു. മുംബൈയില്‍ മാത്രം 10,860 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 89 ശതമാനവും രോഗലക്ഷണങ്ങളില്ലാത്തതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ പുതുതായി 5481 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.37 ശതമാനത്തിലേക്ക് ഉയര്‍ന്നു. നിലവില്‍ 2992 കണ്ടെയ്‌മെന്റ് സോണുകളുണ്ട്. എല്ലാ ആശുപത്രികളിലും കോവിഡ് രോഗികള്‍ക്കായി 40 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു. രാജ്യത്ത് ഓരോ ദിവസവും 200ലധികം പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതുവരെ 23 ലധികം സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1,71,830 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,06,414 ആയി ഉയര്‍ന്നു. ആകെ കോവിഡ് മരണസംഖ്യ 4,82,017 ആയി.

eng­lish sum­ma­ry; Maha­rash­tra has a 51 per cent increase in the preva­lence of the disease

you may also like this video;

Exit mobile version