പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രീയ ധാർമ്മികതയെപ്പറ്റിയും അഴിമതിക്കെതിരെയും ജനാധിപത്യത്തെപ്പറ്റിയും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വാചാടോപത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന ഏറ്റവും പുതിയ സംഭവമാണ് അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ കാലുമാറ്റ നാടകം. കാലുമാറ്റവും കുതിരക്കച്ചവടവും മോഡി-ഷാ കൂട്ടുകെട്ടിനും ബിജെപിക്കും തെല്ലും പുതുമയുള്ള ഇടപാടുകളല്ല. മോഡി ഭരണത്തിന്റെ കഴിഞ്ഞ ഒമ്പതുവർഷംകൊണ്ട് അവർ അതിനെ ഒരു സുകുമാരകലയായി വികസിപ്പിച്ചെടുത്ത് അധികാരത്തിലുള്ള തങ്ങളുടെ പിടി അയയാതെ കാത്തുസൂക്ഷിക്കാനാവുമെന്ന വ്യാമോഹത്തിലാണ്. രാജ്യത്തെ പ്രതിപക്ഷപാർട്ടികൾ മോഡിയുടെ അധാർമ്മികവാഴ്ചയെ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കാൻ നടത്തിവരുന്ന ശ്രമങ്ങൾ മോഡിയിലും ബിജെപി-സംഘ്പരിവാർ വൃത്തങ്ങളിലും സൃഷ്ടിച്ചിട്ടുള്ള പരിഭ്രാന്തി പ്രകടമാണ്. കർണാടകയിലെ നാണംകെട്ട പരാജയവും കത്തിയെരിയുന്ന മണിപ്പൂരുയർത്തുന്ന ദേശവ്യാപക രോഷവും ബിജെപി പാളയത്തിൽ ഉറക്കം കെടുത്തുന്നു. ഒരുവശത്ത് ഏകീകൃത സിവിൽ നിയമം എന്ന ഹീന കുതന്ത്രവും മറുവശത്ത് മഹാരാഷ്ട്ര മാതൃകയിൽ രാഷ്ട്രീയ നാടകങ്ങളും അരങ്ങേറ്റി ഭരണം രക്ഷിച്ചെടുക്കാനാവുമോ എന്ന പരീക്ഷണത്തിലാണ് അവർ ഏർപ്പെട്ടിട്ടുള്ളത്. ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ചുസംസ്ഥാനങ്ങളിൽ നടക്കാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പച്ചതൊടില്ലെന്നു ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് മോഡിതന്നെ ഈ അടുത്ത ദിവസങ്ങളിൽവരെ അഴിമതിക്കാരെന്നും, അത്തരക്കാരെ വെറുതേവിടില്ലെന്നും പ്രഖ്യാപിച്ച ആളുകൾക്ക് അദ്ദേഹത്തിന്റെ ഒത്താശയോടെ അനുചരന്മാർ മഹാരാഷ്ട്രയിൽ ചുവപ്പ് പരവതാനി വിരിച്ചത്.
അഴിമതിക്കാരെന്നു ആരോപിച്ച് കേന്ദ്ര ഏജൻസികളെക്കൊണ്ട് വേട്ടയാടി ‘വെടക്കാക്കി തനിക്കാക്കി’ മാറ്റുന്ന തന്ത്രമാണ് സംസ്ഥാനങ്ങളിൽ അവർ കാലുമാറ്റ രാഷ്ട്രീയത്തിനായി വിജയകരമായി നടപ്പാക്കി വരുന്നത്. പശ്ചിമബംഗാളിൽ തൃണമൂൽ പാളയത്തിൽനിന്നും അഴിമതിക്കാരെ അടർത്തിയെടുക്കാൻ അതാണ് അവർ പ്രയോഗിച്ച തന്ത്രം. മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്താനും അതെ തന്ത്രമാണ് പ്രയോഗിച്ചത്. ഷിൻഡെ മന്ത്രിസഭയിൽ കഴിഞ്ഞദിവസം വിലയംപ്രാപിച്ച അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ഇഡി അന്വേഷണം നടന്നുവരികയായിരുന്നു. അജിത് പവാറിനൊപ്പം ചേർന്ന പലർക്കുമെതിരെ ഇഡി, സിബിഐ, ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്. ഇനി അവരെല്ലാം ബിജെപിയുടെ ‘അലക്ക് യന്ത്രത്തിൽ’ നിര്‍മ്മലരാക്കപ്പെട്ടു കുറ്റവിമുക്തരാവുമെന്നാണ് അനുഭവം കാട്ടിത്തരുന്നത്. വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളി നേരിടുന്ന ബിജെപിക്ക് 48 ലോക്‌സഭാ സീറ്റുകളുമായി ഉത്തർപ്രദേശിന് പിന്നിലുള്ള മഹാരാഷ്ട്രയിൽ പരമാവധി സീറ്റുകൾ നേടുകയെന്നത് നിർണായകമാണ്. മഹാരാഷ്ട്രക്കുപിന്നാലെ ബിഹാറിൽ നിതീഷ്‌കുമാർ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയും തകൃതിയായി നടക്കുന്നതായാണ് രാഷ്ട്രീയവൃത്തങ്ങൾ നൽകുന്ന സൂചന. ഉത്തർപ്രദേശിൽ മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയിലും ഭിന്നിപ്പും കാലുമാറ്റവും വഴി അട്ടിമറി സംഘടിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നതത്രെ.
ഇതുകൂടി വായിക്കൂ:ഏകീകൃത സിവിൽകോഡ് മോഡിയുടെ ക്ഷുദ്രബുദ്ധി
തമിഴ്‌നാട്ടിലും സമാനമായ തന്ത്രങ്ങളാണ് ഡിഎംകെ സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ആശയപരവും രാഷ്ട്രീയവും സ്വാർത്ഥപരവുമായ ഭിന്നതകൾ മാറ്റിവച്ചു പ്രതിപക്ഷ ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടത് ഇന്ത്യൻ ജനാധിപത്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ പ്രതിപക്ഷ പാർട്ടികൾക്കുള്ള അവസാന മുന്നറിയിപ്പാണ്. സ്വന്തം പാളയത്തിൽ പട തടയാനുള്ള മുൻകരുതലാണ് അത് ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ഐക്യത്തിനായി മുൻകയ്യെയെടുക്കുന്ന പാർട്ടികളെയും അതിന്റെ നേതാക്കളെയുമാണ് മോഡി ഭരണകൂടവും കേന്ദ്ര അന്വേഷണ ഏജൻസികളും ബിജെപി-സംഘ്പരിവാർ കൂട്ടത്തിന്റെ പണക്കൊഴുപ്പും പേശിബലവും ലക്ഷ്യംവയ്ക്കുന്നത്. ദുർബലവും വഴിതെറ്റാൻ സാധ്യതയുമുള്ള കണ്ണികൾ തകർക്കുകവഴി പ്രതിപക്ഷ ഐക്യനിരയിൽ വിള്ളലുകൾ വീഴ്ത്താമെന്നു അവർ കണക്കുകൂട്ടുന്നു. രാഷ്ട്രീയ അനുഭവ സമ്പത്തും വിപുലമായ പിന്തുണയുമുള്ള കൂർമബുദ്ധിയായ മുതിർന്ന നേതാവ് ശരദ് പവാറിനുപോലും വീഴ്ച സംഭവിച്ചെങ്കിൽ അനിവാര്യമായ ജാഗ്രതയിൽ യാതൊരു കുറവും അരുതെന്ന പാഠമാണ് മഹാരാഷ്ട്ര പ്രതിപക്ഷത്തിന് നൽകുന്നത്. അമിത ആത്മവിശ്വാസം തന്നെയാണ് നേരത്തെ മഹാവികാസ് അഘാഡിയും ഉദ്ദവ് താക്കറെയും അടിതെറ്റുന്നതിലേക്ക് നയിച്ചത്. അങ്ങേയറ്റം കുത്സിതമായ രാഷ്ട്രീയ ശത്രുവിനെയാണ് ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്നത്.