Site icon Janayugom Online

മഹാരാഷ്ട്ര: നാളെ വിശ്വാസവോട്ടെടുപ്പ്

വിമത നീക്കത്തില്‍ കലങ്ങിമറിഞ്ഞ മഹാരാഷ്ട്രയിലെ രാഷ്ട്രീയം തെളിയുന്നു. നാളെ വിശ്വാസവോട്ട് തേടാന്‍ ഗവർണർ ബി എസ് കോഷിയാരി നിര്‍ദേശിച്ചു. ബിജെപിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.

സംസ്ഥാന പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ രാത്രി ഗവർണറെ സന്ദര്‍ശിച്ച് വിശ്വാസവോട്ട് ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എമാരോടൊപ്പമായിരുന്നു ഫഡ്നാവിസിസിന്റെ രാജ്ഭവന്‍ സന്ദര്‍ശനം. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഢയെ കണ്ടു തിരിച്ചെത്തിയ ശേഷമായിരുന്നു ഫഡ്നാവിസിന്റെ നീക്കം.

അതേസമയം ഇന്ന് ശിവസേന സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഭരണ പ്രതിസന്ധിയുണ്ടാക്കിയ ശിവസേനാ വിമതര്‍ക്ക് താല്ക്കാലികാശ്വാസമായി തിങ്കളാഴ്ച സുപ്രീം കോടതിയുടെ ഉത്തരവ് വന്നെങ്കിലും ഏകനാഥ് ഷിന്‍ഡെയുടെ വിമതപക്ഷവും ഉദ്ധവ് താക്കറെയുടെ ഔദ്യോഗികപക്ഷവും തന്ത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

താൻ ഉടൻ മുംബൈയിലേക്ക് മടങ്ങുമെന്നാണ് വിമത നേതാവ് ഏകനാഥ് ഷിൻഡെ ഇന്നലെ പറഞ്ഞത്. എംഎൽഎമാർ സേനാ നേതാക്കളുമായി സമ്പർക്കം പുലർത്തുന്നുവെന്ന് തെറ്റായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ വിമത എംഎല്‍എമാര്‍ നാളെ മഹാരാഷ്ട്രയിലെത്തും.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ വിമത എംഎൽഎമാരോട് ചർച്ചയ്ക്ക് വരണമെന്ന് അഭ്യർത്ഥിച്ചു. ‘ആരുടെയും തെറ്റിദ്ധാരണകളിൽ വീഴരുത്. നിങ്ങൾക്ക് ശിവസേന നൽകിയ ആദരവ് മനസിലാക്കണം. പാർട്ടിയുടെ കുടുംബനാഥന്‍ എന്ന നിലയിൽ ഞാൻ നിങ്ങളെ ഓർത്ത് ആശങ്കാകുലനാണ്’ അദ്ദേഹം പറഞ്ഞു.

അതിനിടെ മഹാ വികാസ് അഘാഡി സർക്കാരിന്റെ പ്രതിസന്ധിയിൽ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇടപെടേണ്ടതില്ലെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് നീക്കത്തെ വെല്ലുവിളിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് മുഖ്യമന്ത്രി നിയമോപദേശകരുമായി കൂടിയാലോചന നടത്തുകയാണ്.

Eng­lish summary;Maharashtra:confidence Vote tomorrow

You may also like this video;

Exit mobile version