Site iconSite icon Janayugom Online

ഉദ്ധവ് വീഴുന്നു

അധികാരം പിടിക്കാന്‍ ബിജെപി നടത്തുന്ന അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളില്‍ ഉദ്ധവ് സര്‍ക്കാര്‍ വീഴുന്നു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതസംഘത്തിൽ 40ഓളം എംഎൽഎമാരുണ്ടെന്ന് സൂചന പുറത്തുവന്നതോടെ ഉദ്ധവ് വിഭാഗം ന്യൂനപക്ഷമായി. തങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ബിജെപി ഉറപ്പുനല്‍കിയതായി ഷിന്‍ഡെ അറിയിച്ചു. ഇന്നലെ ഉദ്ധവ് വിളിച്ച യോഗത്തിൽ 13 എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. തങ്ങളോടൊപ്പം 42 എംഎല്‍എമാര്‍ ഉണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം. എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഷിന്‍ഡെ പുറത്തുവിട്ടു. രാത്രി വൈകി രണ്ട് എംഎല്‍എമാര്‍ കൂടി വിമതപക്ഷത്തേക്ക് ചേര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി പിളരാതിരിക്കാന്‍ സമവായത്തിനായി എൻസിപി-കോൺഗ്രസ് ഉള്‍പ്പെടുന്ന സഖ്യം വിടാൻ തയ്യാറാണെന്ന് മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് വിമതരെ അറിയിച്ചു. ഇതോടെ മഹാവികാസ് അഘാഡി സഖ്യം ദുര്‍ബലമാകുമെന്നും ഉറപ്പായി. സഖ്യകക്ഷികളായ കോൺഗ്രസും എൻസിപിയും സഖ്യം നിലനിർത്തുന്നതിന് വേണ്ടി ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് നിർദേശം മുന്നോട്ട് വച്ചിരുന്നു. അത് വിമതപക്ഷം തള്ളിയതോടെയാണ് സഖ്യം വിടാമെന്ന സൂചന നല്കിയത്. അവസാന ശ്വാസം വരെ താക്കറെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും ഗുവാഹത്തിയിലെ 20 എംഎല്‍എമാര്‍ ഇപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.

പുതിയ സാഹചര്യം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അടിയന്തര യോഗം ചേര്‍ന്നു. സർക്കാരിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ രാഷ്ട്രപതി തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചുള്ളതാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിൽ ബിജെപിയും കേന്ദ്രസർക്കാരുമാണ് ഉത്തരവാദികൾ. മുന്നണിയിലെ കക്ഷികൾ മഹാവികാസ് അഘാഡിയെ ശക്തിപ്പെടുത്തുമെന്നും കോൺഗ്രസ് മഹാവികാസ് അഘാ‍ഡിക്കൊപ്പമാണെന്നും ഖാർഗെ പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കി പുതിയ സർക്കാർ രൂപീകരിക്കണമെന്നാണ് വിമത എംഎൽഎമാർ ആവശ്യപ്പെടുന്നത്. ഉദ്ധവ് താക്കറെക്കതിരെ രൂക്ഷവിമര്‍ശനവും നടത്തി. രണ്ടര വർഷമായി തങ്ങൾക്ക് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രവേശനം ലഭിച്ചിട്ടില്ലെന്നാണ് വിമത എംഎൽഎ സഞ്ജ് ഷിർസാത് ട്വിറ്ററിൽ കുറിച്ചത്. ഇത് തങ്ങള്‍ക്ക് അപമാനകരമായിരുന്നുവെന്നും വിമതര്‍ ആരോപിക്കുന്നു. ഗുവാഹട്ടിയില്‍ വിമത എംഎല്‍എമാരുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

നിയമസഭയില്‍ വിധി നിര്‍ണയിക്കുമെന്ന് പവാര്‍

മഹാ വികാസ് അഘാഡി സർക്കാരിന്റെ വിധി നിയമസഭയിൽ തീരുമാനിക്കുമെന്നും ശിവസേന‑എൻസിപി-കോൺഗ്രസ് സഖ്യം വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഉദ്ധവ് താക്കറെ സർക്കാരിന് സംഭവിച്ച പ്രതിസന്ധിയിൽ ബിജെപിക്ക് പങ്കുണ്ടെന്നും പവാർ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സർക്കാരിന്റെ വിധി നിയമസഭയിലാണ് തീരുമാനിക്കുക, ഗുവാഹട്ടിയിലല്ല. എംവിഎ ന്യൂനപക്ഷമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശിവസേനയ്ക്കുള്ളിലെ കലാപത്തിൽ ബിജെപിയുടെ പങ്ക് കാണുന്നില്ലെന്ന ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് താൻ അതിനോട് യോജിക്കുന്നില്ലെന്നും പവാർ പറഞ്ഞു.

Eng­lish Summary:maharastra udhav
You may also like this video

Exit mobile version