Site icon Janayugom Online

ത്രിശങ്കുവില്‍ മഹാരാഷ്ട്ര : രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറേ, ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ മഹാ സഖ്യം

മഹാരാഷ്ട്രയിൽ ശിവസേനാ നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതഭീഷണിയില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി പദവിയോട് ആർത്തിയില്ല. രാജിക്കത്ത് തയ്യാറാണെന്നും വിമതർ മുന്നിലെത്തി രാജി ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയാമെന്നും ഉദ്ധവ് പറഞ്ഞു. കോവിഡ് രോ​ഗബാധിതനായതിനാൽ ഫേസ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വിമതനായ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് സഖ്യകക്ഷികളായ കോൺഗ്രസും ശരദ് പവാറും നിർദേശിച്ചതായി സൂചനയുണ്ട്.
മുഖ്യമന്ത്രി എന്ന ഉത്തരവാദിത്തം പരമാവധി നന്നായി നിറവേറ്റി. ശരത് പവാർ പറഞ്ഞിട്ടാണ് മുഖ്യമന്ത്രി ആയത്. ശരദ് പവാറും സോണിയാഗാന്ധിയും തന്നെ വിശ്വസിക്കുന്നുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ചില എംഎൽഎമാര്‍ സൂറത്തിലുണ്ട്. ചിലർ തിരികെ വരാൻ ആഗ്രഹിക്കുന്നു. ഷിൻഡെ നേരിട്ട് സംസാരിക്കാൻ തയ്യാറാകണം. മുഖ്യമന്ത്രിയായി താൻ തുടരേണ്ട എന്നാണെങ്കില്‍ നേരിട്ട് അറിയിക്കണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ ശിവസേന അധ്യക്ഷ സ്ഥാനം ഒഴിയാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം പല പ്രതിസന്ധികളും നേരിട്ടു. ഹിന്ദുത്വയിൽ വിട്ടുവീഴ്ചയില്ല, അതിനായി പോരാടും. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയിൽ നിന്ന് ഒരുമാറ്റവുമില്ല.
അതേസമയം മഹാ വികാസ് അഘാഡി സഖ്യ സർക്കാരില്‍ അതൃപ്തി രേഖപ്പെടുത്തി വിമത എംഎൽഎ മാർ പ്രമേയം പാസാക്കി. ഉദ്ധവ് താക്കറെ സർക്കാർ ശിവസേനയുടെ ആശയങ്ങളിൽ വിട്ടുവീഴ്ച ചെയ്തെന്ന് അസമിലെ ഹോട്ടലില്‍ യോഗം ചേര്‍ന്ന് പാസാക്കിയ പ്രമേയം പറയുന്നു. തീവ്രവാദികളും ഇന്ത്യാവിരുദ്ധരുമായി ഭരണമുന്നണിയിലെ ചില കക്ഷി നേതാക്കളുടെ സൗഹൃദം ശിവസേനയുടെ ആശയങ്ങളെ ബലികഴിക്കുന്നതാണ്. അനിൽ ദേശ്‍മുഖ്, നവാബ് മാലിക് എന്നിവരുമായി ബന്ധപ്പെട്ട അഴിമതികളും അധോലോകവുമായി ഇവർക്കുള്ള ബന്ധവും പ്രമേയത്തിൽ എടുത്തു പറയുന്നു. നവാബ് മാലിക്കിന് പാകിസ്ഥാനിലെ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധവും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഗുവാഹത്തിയിൽ തങ്ങുന്ന 34 എംഎൽഎമാർ ചേര്‍ന്ന് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇക്കാര്യമറിയിച്ച് ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകി. പുതിയ ചീഫ് വിപ്പിനെയും തെരഞ്ഞെടുത്തു. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്കും വിമതനേതാവ് ഏകനാഥ് ഷിൻഡെ സമയം തേടിയിട്ടുണ്ട്. ഔദ്യോഗിക ശിവസേന വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കണമെന്ന ഉദ്ദവ് താക്കറെയുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് വിമതർ നീക്കം ശക്തമാക്കിയത്. ഇതോടെ ഇന്നലെ വെെകിട്ട് അഞ്ച് മണിക്ക് വിളിച്ചിരുന്ന യോഗം ശിവസേന ഉപേക്ഷിച്ചു.
അതിനിടെ എൻസിപി അധ്യക്ഷൻ ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ചു. മകളും എംപിയുമായ സുപ്രിയ സുലെ, മന്ത്രി ജിതേന്ദ്ര അവ്ഹാദ് എന്നിവരും പവാറിനൊപ്പമുണ്ടായിരുന്നു. പ്രതിസന്ധി തീര്‍ക്കാന്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം പവാര്‍ ചര്‍ച്ചചെയ്തു എന്നാണറിയുന്നത്. നിയമസഭ പിരിച്ചുവിടുന്നതിലേയ്ക്ക് സ്ഥിതി നീങ്ങുന്നുവെന്ന് പാർട്ടി എംപി സഞ്ജയ് റാവത്ത് ഇന്നലെ ട്വീറ്റ് ചെയ്തെങ്കിലും മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്തില്ല. അധികാരം പോയാലും പോരാടുമെന്ന് ശിവസേന നേതൃത്വം അറിയിച്ചു. ഇതിനിടെ വിമതർക്കൊപ്പം പോയ രണ്ട് എംഎൽഎമാർ തിരികെ ശിവസേനയ്ക്കൊപ്പമെത്തി.

eng­lish summary;maharastra udhavthakarey resign chiefminister

You may also like this video;

Exit mobile version