Site iconSite icon Janayugom Online

മഹാത്മാ അയ്യന്‍കാളി അനാചാരങ്ങളെ തോല്പിച്ച പോരാളി

മഹാത്മാ അയ്യന്‍കാളിയുടെ ചരമവാർഷിക ദിനമാണ് ഇന്ന്. നൂറ്റാണ്ടുകളായി പാർശ്വവല്ക്കരിക്കപ്പെട്ട ഒരു സമൂഹം ഉച്ചനീചത്വങ്ങളും അനാചാരങ്ങളും കൊണ്ട് വീർപ്പുമുട്ടി ജനിച്ച മണ്ണിൽ മൃഗസമാനമായി ജീവിക്കുകയും സവർണ മേധാവിത്വത്തിന്റെ ശാസനകളും പീഡനങ്ങളും അനുഭവിച്ച് മണ്ണിനോട് മണ്ണായി ചേരുകയും ചെയ്തൊരു ഭൂതകാലമുണ്ടായിരുന്നു. പാർശ്വവല്ക്കരിക്കപ്പെട്ട ആ സമൂഹത്തെ ചേർത്തുപിടിച്ചു പൊരുതി നേടിയ ജീവിതചരിത്രമാണ് മഹാത്മാ അയ്യന്‍കാളി എന്ന ഇതിഹാസതുല്യനായ വിപ്ലവകാരിയിലൂടെ പുതിയ തലമുറയ്ക്ക് പങ്കുവയ്ക്കുവാനുള്ളത്. ഇന്ത്യൻ സാമൂഹിക‑രാഷ്ട്രീയചരിത്രത്തിൽ സമാനതകളില്ലാത്ത ജൈത്രയാത്ര നടത്തിയ പോരാളിയായിരുന്നു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ മഹാത്മാ അയ്യന്‍കാളി. അനീതിയും അയിത്തവും അടിമത്തവുംകൊണ്ടു മൃഗങ്ങളേക്കാൾ നികൃഷ്ടമായ ജീവിതസാഹചര്യങ്ങളാണ് അന്നു ദളിത് ജനതയ്ക്ക് അനുഭവിക്കേണ്ടിവന്നിരുന്നത്. പൊതു ഇടങ്ങളിലെവിടെയും അവർക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ചായക്കടകളിൽ നിന്നു ചിരട്ടയിലേ ചായ ലഭിക്കുകയുള്ളൂ, വെള്ള വസ്ത്രങ്ങൾ പണം കൊടുത്തു വാങ്ങിയാൽ അതു ചാണകവെള്ളത്തിലോ അഴുക്കുവെള്ളത്തിലോ മുക്കി നിറംകളഞ്ഞ് വേണമായിരുന്നു ഉപയോഗിക്കാൻ. നാട്ടിലെ മുഴുവൻ ജനങ്ങൾക്കും ഉണ്ണാനുള്ള ഭക്ഷണ സാധനങ്ങൾ അധ്വാനിച്ചുണ്ടാക്കുമ്പോഴും അവർക്ക് മണ്ണിൽ കുഴിയെടുത്ത് ആ കുഴിയിൽ വാഴയില ഇറക്കിവച്ച് അതിലാണ് ആഹാരം കൊടുത്തിരുന്നത്. അധഃസ്ഥിതവിഭാഗത്തിലെ സ്ത്രീകൾക്കു മാറുമറയ്ക്കാനുള്ള അനുവാദവും അവകാശവും സവർണ തമ്പുരാക്കന്മാർ നിഷേധിച്ചിരുന്നു. അങ്ങനെ മനുഷ്യത്വഹീനമായ വ്യവസ്ഥിതിയുടെ ഇരകളായിരുന്നു അധഃസ്ഥിതർ. ഇന്നത്തെ തലമുറയ്ക്കു സങ്കല്പിക്കാവുന്നതിനപ്പുറത്തുള്ള അവഹേളനങ്ങൾക്കും പീഡനങ്ങൾക്കും തലമുറകളായി നിശബ്ദരായി വിധേയരാക്കപ്പെട്ട ജനതയുടെ നിസഹായതകളിലേക്കാണ് അയ്യന്‍കാളിയുടെ ജനനം. ജാതിവ്യവസ്ഥയുടെ അനാചാരങ്ങൾകൊണ്ട് ഇരുൾമൂടിക്കിടന്ന തിരുവിതാംകൂറിന്റെ വഴിത്താരകളിൽ അയ്യന്‍കാളിയുടെ ശബ്ദവും സാന്നിധ്യവും മിന്നൽപ്പിണർ മാത്രമല്ല, ഇടിമുഴക്കങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നു. മനുഷ്യരായി ജനിച്ചിട്ടും നായ്ക്കളും നരികളും യഥേഷ്ടം വിഹരിക്കുന്ന പൊതുവഴിയിലൂടെ അധഃസ്ഥിതജനവിഭാഗങ്ങൾക്കു സഞ്ചരിക്കാനോ വിദ്യാഭ്യാസം നേടാനോ ഉള്ള അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്. പഴയകാല ആയ് രാജ്യത്തിന്റെ കേന്ദ്രമായിരുന്ന വെങ്ങാനൂർ എന്ന ഗ്രാമത്തിലെ പെരുങ്കാറ്റുവിളയിലാണ് 1883 ഓഗസ്റ്റ് 28ന് അയ്യന്‍കാളി എന്ന ഇതിഹാസപുരുഷൻ ജന്മം കൊണ്ടത്. ബാല്യത്തിൽ തന്നെ തന്റെ സമൂഹം നേരിടുന്ന ഭീകരമായ വിവേചനത്തെക്കുറിച്ചു മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനും അയ്യന്‍കാളിക്കു കഴിഞ്ഞു. അധ്വാനിക്കുന്ന ജനത അടിമകളല്ലെന്നും സ്വന്തം കായികശക്തി മറ്റാർക്കും പണയംവച്ചു കഴിയേണ്ടവരല്ല അവർണ ജനതയെന്നും അദ്ദേഹം തന്റെ സുഹൃത്തുക്കളെയും സമകാലികരെയും നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. സ്വാഭാവികമായും വ്യവസ്ഥിതിക്കെതിരെ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുന്നവർക്കുണ്ടാവുന്ന എല്ലാ വൈതരണികളും അയ്യന്‍കാളിക്ക് നേരിടേണ്ടിവന്നു. സവർണ ഹിന്ദുക്കളിൽ നിന്നുള്ള ഭീഷണിയും പീഡനങ്ങളുമായിരുന്നു കൂടുതലും. അടിക്ക് തിരിച്ചടി എന്ന ശക്തമായ പ്രയോഗം അദ്ദേഹം ദളിതർക്ക് പകർന്നുനല്കി.


ഇതുകൂടി വായിക്കാം; അംബേദ്ക്കറും അയ്യന്‍കാളിയും തിരിച്ചെത്തണം


അതിന്റെ ഫലമായിരുന്നു “അയ്യന്‍കാളിപ്പട”യുടെ രൂപീകരണം. ജാതിയുടെ പേരിലുള്ള ഏതൊരു വിവേചനത്തെയും അസ്വാതന്ത്ര്യത്തെയും നേരിടുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പൊതുവഴിയിലൂടെ 1898ൽ വെള്ളക്കാളകളെ കെട്ടിയ വില്ലുവണ്ടിയുമായി അദ്ദേഹം കുതിച്ചുപായുമ്പോൾ നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ സ്വത്വബോധം സടകുടഞ്ഞെണീക്കുകയായിരുന്നു. 1898ലെ വില്ലുവണ്ടി സമരത്തോടെ തുടങ്ങിയ സമരപരിപാടി അതേവർഷം തന്നെ ബാലരാമപുരം ആറാലുംമൂട് പുത്തൻചന്തയിൽ അരങ്ങേറിയ സായുധകലാപത്തിനും വഴിയൊരുക്കി. 1904 അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വർഷമാണ്. അയ്യന്‍കാളിയുടെ ജന്മനാടായ വെങ്ങാനൂരിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചുകൊണ്ട് അദ്ദേഹം അധഃസ്ഥിതന്റെ വിദ്യാഭ്യാസത്തിന് അടിത്തറയിട്ടു. ശുചിത്വം, അച്ചടക്കം, സാന്മാർഗികത മുതലായ പ്രാഥമികപ്രശ്നങ്ങൾക്കൊപ്പം സഞ്ചാരം, സ്കൂൾ പ്രവേശനം മുതലായ സ്വാതന്ത്ര്യങ്ങൾ നേടുന്നതിനുവേണ്ടി ഇരകളാക്കപ്പെട്ട എല്ലാ ജാതിസമുദായങ്ങളെയും ഒരു പ്രസ്ഥാനത്തിനു കീഴിൽ കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ “സാധുജന പരിപാലനസംഘം” എന്ന സംഘടന 1907ൽ രൂപീകരിച്ചുകൊണ്ട് അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി. അയ്യന്‍കാളി സാധുജന പരിപാലനസംഘത്തിന്റെ സംഘടിതമായ പ്രവർത്തനംകൊണ്ട് 1907 ജൂണിൽ അയിത്തവിഭാഗക്കാർക്കു സ്കൂൾ പ്രവേശനം അനുവദിച്ചു ഉത്തരവുണ്ടായി. എന്നാൽ, ജാതിമേധാവികൾ ഉത്തരവിനെതിരെ ശക്തമായി നിലകൊണ്ടു. സർക്കാർ ഉത്തരവുണ്ടായിട്ടും സ്കൂൾ പ്രവേശനം ലഭിക്കാതായപ്പോൾ അയ്യന്‍കാളി “പഞ്ചമി” എന്നൊരു അയിത്തജാതി പെൺകുട്ടിയുമായി 1910ൽ ഊരുട്ടമ്പലം സ്കൂളിലെത്തി. ചെറുത്തുനില്പുകളും അക്രമങ്ങളും തത്ഫലമായുണ്ടായി. “പഞ്ചമി” കയറി അശുദ്ധമാക്കിയ സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു. ഇത്തരം പ്രശ്നങ്ങൾ അന്നു രാജാവിന്റെ മുന്നിൽ അവതരിപ്പിക്കാൻ അയ്യന്‍കാളി മുൻകൈയെടുത്തു. രാജാവിനു നിവേദനം നൽകി പ്രശ്നത്തിനു പരിഹാരമായി. അയ്യന്‍കാളിയെന്ന നേതാവ് പ്രസിദ്ധിയിലേക്കുയർന്നു. 1912ൽ ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹം നാമനിര്‍ദേശം ചെയ്യപ്പെട്ടു. അതേവർഷം ഫെബ്രുവരി 26ന് നിരക്ഷരനായ അയ്യന്‍കാളിയുടെ കന്നിപ്രസംഗം പ്രതിനിധിസഭയിൽ മുഴങ്ങി. നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂൾ പ്രവേശനത്തിനു വേണ്ടി നടന്ന സമരങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് 1913 ജൂൺ മുതൽ 1914 മേയ് മാസം വരെ നീണ്ടുനിന്ന കാർഷിക പണിമുടക്കുസമരമായിരുന്നു. ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ പണിമുടക്കുസമരം; ഒരു വർഷം തിരുവിതാംകൂറിലെ വയലേലകൾ തരിശായിക്കിടന്നു. അയ്യന്‍കാളിയുടെ ആജ്ഞാശക്തിയാൽ ഒരു അധഃസ്ഥിതനും പാടത്തു പണിക്കിറങ്ങിയില്ല. കൃഷിഭൂമി നിറയെ മുട്ടിപ്പുല്ലു മൂടിയപ്പോൾ സവർണതമ്പുരാക്കന്മാർ ചർച്ചയ്ക്കു തയാറായി. തങ്ങളുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നൽകിയാൽ മാത്രമേ സമരത്തിൽ നിന്നു പിന്തിരിയുകയുള്ളൂവെന്ന അയ്യന്‍കാളിയുടെയും കൂട്ടരുടെയും തീരുമാനം അംഗീകരിക്കപ്പെട്ടു. അധഃസ്ഥിതന്റെ സംഘടിതശക്തിയെ തോല്പിക്കാൻ സവർണസമൂഹം തുനിഞ്ഞിറങ്ങി. അയ്യന്‍കാളിയെയും സംഘത്തെയും വകവരുത്താൻ രഹസ്യനീക്കങ്ങൾ പലതും നടന്നു.


ഇതുകൂടി വായിക്കാം;  യാഥാസ്ഥിതികതയ്ക്കു മറുപടി ബദല്‍ സംസ്കാരം


അയ്യന്‍കാളിയെ പിടിച്ചുകൊടുക്കുന്നവർക്ക് 2000 രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1915 ഒക്ടോബർ 24ന് കൊല്ലത്തെ പെരിനാട്ട് യോഗം ചേരുന്നത്. സാധുജന പരിപാലനസംഘത്തിന്റെ യോഗം കലക്കാൻ വന്ന ചട്ടമ്പികളെ കൈകാര്യം ചെയ്താണ് പറഞ്ഞയച്ചത്. 1916 ഫെബ്രുവരി 29ന് പ്രജാസഭയിൽ വച്ചു കൃഷിഭൂമിയിൽ പണിയെടുക്കുന്നവർക്ക് നിലങ്ങൾ പതിച്ചുനൽകണമെന്ന ആവശ്യം അയ്യന്‍കാളി ഉയർത്തി. ആവശ്യം അംഗീകരിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി അധഃസ്ഥിതർ ഭൂമിയുടെ ഉടമകളായി. 1912 മുതൽ തുടർച്ചയായി 28 വർഷം പ്രജാസഭാ അംഗം എന്ന നിലയിൽ അയ്യന്‍കാളി നിറഞ്ഞുനിന്നു. തന്റെ സമൂഹത്തിന്റെ വേദനകളും ദൈന്യതകളും അദ്ദേഹം ഉൾക്കൊണ്ടു. നാല്പതാമത്തെ വയസ് മുതൽ അദ്ദേഹം രോഗബാധിതനായിത്തീർന്നു. 1941 ജൂൺ 18ന് 77-ാമത്തെ വയസിൽ അധഃസ്ഥിതരുടെ വിമോചകൻ മറ്റാർക്കും നേടാനും തകർക്കാനും കഴിയാത്ത ചങ്കുറപ്പോടെ തന്റെ കർമ്മപഥത്തിൽ നിന്നു മറഞ്ഞു. പക്ഷെ, അയ്യന്‍കാളിയെന്ന ചരിത്രം സൃഷ്ടിച്ച ഒറ്റയാൻ ഇന്ത്യയിലെ അധഃസ്ഥിത ജനതയുടെ എക്കാലത്തെയും അനിഷേധ്യനേതാവായിത്തന്നെ നിലനിൽക്കും. മഹാത്മാ അയ്യന്‍കാളിയുടെ ഓർമ്മദിനമാചരിക്കുന്ന ഘട്ടത്തില്‍ ഉച്ചനീചത്വങ്ങളും ദുരാചാരങ്ങളും അടങ്ങിയ ഇരുണ്ട നാളുകൾ ഭാരത മണ്ണിൽ പുനർജനിച്ച് ശക്തിപ്രാപിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്, അതിനെ ചെറുക്കണം. വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തിപ്രാപിക്കുന്ന അത്തരം പ്രവണതകള്‍ മുളയിലേ നുള്ളുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും അഖിലേന്ത്യാ ദളിത് അവകാശ സമിതിയും തയാറാവുകയാണ്. ബഹുസ്വരതയിൽ നിന്നും ഏകസ്വര രാഷ്ട്രമാക്കുവാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് സംഘ്പരിവാർ ശക്തികൾ. ന്യൂനപക്ഷപീഡനവും ദളിത്പീഡനവും ഒരുപോലെ ശക്തി പ്രാപിക്കുകയാണ്. രാജ്യത്ത് ഭരണകൂടം അതിനെല്ലാം സഹായകരമായ നയങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ദളിത് അതിക്രമ നിയമങ്ങളെ ലഘൂകരിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യനീതിയെ തകിടം മറിക്കുന്നു, പൊതുസ്വത്തുക്കളും പൊതുമേഖലകളും സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തിച്ച് നിയമനങ്ങളിൽ സംവരണ തത്വം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യവല്ക്കരണ നയങ്ങളാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. വാണിജ്യവല്ക്കരണവും വരേണ്യവല്ക്കരണവുമായി മുന്നോട്ടുപോകുന്ന സംഘ്പരിവാർ ശക്തിയെ തിരിച്ചറിഞ്ഞ് അയ്യന്‍കാളി എന്ന ചരിത്രം സൃഷ്ടിച്ച ഒറ്റയാന്റെ ജീവവായു സിരകളിലേറ്റി ഉണരുക, ശക്തരാകുക, പ്രതികരിക്കുക, എന്ന സന്ദേശത്തോടെ അഖിലേന്ത്യാ ദളിത് അവകാശ സമിതി (എഐ ഡിആര്‍എം) സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മഹാത്മാ അയ്യന്‍കാളി അന്ത്യവിശ്രമംകൊള്ളുന്ന വെങ്ങാനൂർ സ്മൃതിമണ്ഡപത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

Exit mobile version