Site iconSite icon Janayugom Online

പൊന്നാനി ബലാത്സംഗ പരാതി; മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ അനുകൂല വിധി

പൊന്നാനി ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയിൽനിന്ന് അനുകൂല ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ബലാത്സംഗ കേസ് എടുക്കുന്നതിന് മുമ്പ് പൊലീസ് റിപ്പോർട്ട് പരിഗണിക്കണമോ എന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ഉത്തരവിട്ടത്. 

മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർക്കെതിരേ ആയിരുന്നു പൊന്നാനി സ്വദേശിയായ വീട്ടമ്മ ബലാത്സംഗ പരാതി നൽകിയത്. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ തന്നെ അന്ന് പൊന്നാനി സിഐ ആയിരുന്ന വിനോദ് ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. തിരൂർ ഡിവൈഎസ്പിയായിരുന്ന വി വി ബെന്നിയോട് ഈ വിഷയത്തിൽ പരാതി പറയാൻ സമീപിച്ചപ്പോഴും ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യങ്ങളിൽ പരാതിപ്പെടാൻ എത്തിയപ്പോഴാണ് എസ്പിയായിരുന്ന സുജിത്‌ ദാസ് ബലാത്സംഗം ചെയ്തതെന്നാണ് വീട്ടമ്മ പരാതിയിൽ പറഞ്ഞിരുന്നത്.

പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടാതെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയിരുന്ന നിർദേശം. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് മേൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പരിഗണിക്കണമോ എന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം എന്നായിരുന്നു ബെഞ്ച് വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതി ഡിവിഷൻ ഉത്തരവാണ് സുപ്രീം കോടതി ശരിവെച്ചത്. 

Exit mobile version