Site iconSite icon Janayugom Online

ഫെബ്രുവരി 12 പൊതുപണിമുടക്ക് ഉജ്ജ്വല വിജയമാക്കുക: കെ പി രാജേന്ദ്രൻ

എഐടിയുസി സംസ്ഥാനതല പൊതുമേഖലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ലേബർ കോഡുകൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി ഫെബ്രുവരി 12ന് നടക്കുന്ന രാജ്യവ്യാപക പണിമുടക്ക് വൻ വിജയമാക്കാൻ എല്ലാവിഭാഗം തൊഴിലാളികളും അണിനിരക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു. എഐടിയുസി ഉൾപ്പടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ഏകദിന പണിമുടക്കിന് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ജനദ്രോഹ നയങ്ങളിൽനിന്ന് പിന്നോട്ടുപോകുന്നില്ലെങ്കിൽ ബഹുദിന പണിമുടക്ക് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളെല്ലാം കവർന്നെടുക്കുന്ന നാല് ലേബർ കോഡുകളും പിൻവലിക്കുന്നതുവരെ വിവിധ രൂപങ്ങളിൽ ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം തുടരുമെന്നും കെ പി രാജേന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ എഐടിയുസി സംസ്ഥാനതല പൊതുമേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ചില സ്ഥാപനങ്ങളിലെങ്കിലും സ്ഥിതി ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം ഉൾപ്പടെയുള്ള എല്ലാ ആനുകൂല്യങ്ങളും യഥാസമയം നൽകാൻ കഴിയണം. എഐടിയുസി തൊഴിലാളികളുടെ പ്രശ്നങ്ങൾക്കാണ് എന്നും പ്രാധാന്യം നൽകുന്നത്. പൊതുമേഖലയെ സംരക്ഷിക്കുന്നതിന് തൊഴിലാളികളുടെ പങ്കും പ്രധാനപ്പെട്ടതാണ്. എൽഡിഎഫ് ഭരണത്തിൽ കേരളത്തിലെ പൊതുമേഖലയ്ക്ക് ഉണർവ്വ് കൈവന്നിട്ടുണ്ട്. അതിന് തുടർച്ചയുണ്ടാവണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർഭരണമുണ്ടെങ്കിലേ പൊതുമേഖലയുടെ സംരക്ഷണം സാധ്യമാവൂ. ‘തൊഴിലാളി പക്ഷം ഇടതുപക്ഷം, വീണ്ടും എൽഡിഎഫ്’ എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. എൽഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന മേഖലാ ജാഥകൾ വിജയിപ്പിക്കുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വൻ വിജയം സമ്മാനിക്കുന്നതിനും ഓരോ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും കെ പി രാജേന്ദ്രൻ കൂട്ടിച്ചേർത്തു. 

കൺവെൻഷനിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസർ, എം എം ഷിറാസ്, എം എം ജോർജ്, അഡ്വ. വി മോഹൻദാസ്, അഡ്വ. എസ് സുനിൽ മോഹൻ, കെ ദാമോദരൻ, എൻ കെ രാധാകൃഷ്ണൻ, പി മനോജ്കുമാർ, കെ റീന, സി പി സദാനന്ദൻ എന്നിവർ സംസാരിച്ചു. കരാർ — കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തൽ നിഷേധിക്കരുതെന്ന സുപ്രീം കോടതി വിധിയെ കൺവൻഷൻസ്വാഗതം ചെയ്തു. 

Exit mobile version