മോഡി സര്‍ക്കാര്‍ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നഷ്ടത്തിന്റെ കണക്കുകള്‍. ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കാനും തദ്ദേശീയ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയെക്കുറിച്ച് 10-ാം വര്‍ഷത്തില്‍ മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സര്‍ക്കാരും. മൂന്നു ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. അഭിമാന പദ്ധതിയെന്ന പേരില്‍ തുടങ്ങിയതാണെങ്കിലും സര്‍ക്കാരിന്റെ അവസാനവര്‍ഷമായിട്ടും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പകരം മൗനം പാലിക്കുകയാണ് സര്‍ക്കാര്‍. പദ്ധതി പരാജയപ്പെട്ടുവെന്നതിന്റെ സമ്മതമാണിത്.
ആഭ്യന്തര നിര്‍മ്മാണം വര്‍ഷത്തില്‍ 12 മുതല്‍ 14 ശതമാനം വരെ വര്‍ധിപ്പിക്കുക, ആഭ്യന്തര മൊത്ത ഉല്പാദനത്തില്‍ നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള വിഹിതം 25 ശതമാനം ഉയര്‍ത്തുക, നിര്‍മ്മാണ മേഖലയില്‍ 100 ശതമാനം തൊഴില്‍ സാധ്യത ഉറപ്പ് വരുത്തുക തുടങ്ങിയ മൂന്ന് ലക്ഷ്യങ്ങളും പാതിവഴിയില്‍ നിലച്ചു. പദ്ധതിയിലെ ഒരു സംരംഭം പോലും ലക്ഷ്യം കണ്ടില്ല. മാത്രമല്ല നിര്‍മ്മാണ മേഖല സ്തംഭിക്കുകയും ചെയ്തു. നിര്‍മ്മാണ മേഖലയിലെ തൊഴില്‍ ശക്തി 12.6 ല്‍ നിന്ന് 11.6 ആയി കുറഞ്ഞു.
ഇന്‍ഡക്സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐഐപി) റിപ്പോര്‍ട്ട് പ്രകാരം 2013–14 സാമ്പത്തിക വര്‍ഷത്തെ 106.7 ശതമാനം വളര്‍ച്ച 2022–23 സാമ്പത്തിക വര്‍ഷം 138.5 ആയി ഉയര്‍ന്നു. ശരാശരി 2.9 ശതമാനം വളര്‍ച്ച. എന്നാല്‍ നിര്‍മ്മാണ കമ്പനികള്‍ വര്‍ഷത്തില്‍ 7.8 ശതമാനം വളര്‍ച്ചയാണ് നേടേണ്ടതെന്ന് ഐഐപി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍, ഒപ്റ്റിക്കല്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ ഉല്പാദനം പത്തുവര്‍ഷത്തിനിടെ ഗണ്യമായി തോതില്‍ കുറഞ്ഞു. ഈ മേഖലയില്‍ 1.8 ശതമാനം വളര്‍ച്ചയാണ് 10വര്‍ഷം കൊണ്ട് നേടിയത്.
ഗതാഗതം രണ്ട് ശതമാനം, മോട്ടോര്‍ വാഹന നിര്‍മ്മാണം 1.6, വസ്ത്ര, തുകല്‍ നിര്‍മ്മാണം എന്നിവ യഥാക്രമം 1.2, 1.8 ശതമാനം വളര്‍ച്ചയാണ് നേടിയത്. നിര്‍മ്മാണ മേഖലയില്‍ കമ്പനികള്‍ അടച്ചുപൂട്ടിയതോടെ തൊഴിലവസരത്തിലും ഭീമമായ ഇടിവ് സംഭവിച്ചു. യുവ ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് 42.3 ശതമാനം ആയി ഉയര്‍ന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് ഒരു ലക്ഷത്തോളം ഫാക്ടറികള്‍ ഉണ്ടായിരുന്നത് മോഡി ഭരണം തുടങ്ങിയശേഷം 22,000 ആയി ചുരുങ്ങി. നിര്‍മ്മാണ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. ചുരുക്കത്തില്‍ അഭിമാന പദ്ധതിയായി കൊട്ടിഘോഷിച്ച മേക്ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യം പാളി.
English Summary; Make in India failure domestic production collapsed: Narendra Modi is silent
You may also like this video